ആദിലയെയും നൂറയെയും കുടുംബം സ്വീകരിച്ചാൽ പിന്നീടുണ്ടാകുന്ന പ്രശ്നം; എനിക്ക് വധഭീഷണിയുണ്ട്: ദിയ സന
ബിഗ് ബോസ് മലയാളം സീസൺ 7 ൽ തുടക്കം മുതൽ ചർച്ചയാകുന്ന മത്സരാർത്ഥികളാണ് ലെസ്ബിയൻ പങ്കാളികളായ ആദിലയും നൂറയും. ലെസ്ബിയൻ പങ്കാളികളായതിനാൽ വീട്ടുകാർ രണ്ട് പേരെയും മാറ്റി നിർത്തുകയാണ്. അത്യന്തം അപകടകരമായ സാഹചര്യങ്ങൾ പോലും ഇവർക്ക് അഭിമുഖീകരിക്കേണ്ടി വന്നു. വീട്ടുകാർ ആദിലയെയും നൂറയെയും സ്വീകരിക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇരുവരെയും അടുത്തറിയുന്ന ദിയ സന. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.
ഈ സീസൺ തുടങ്ങിയത് മുതൽ ഞാൻ രണ്ട് പേരുടെയും കുടുംബത്തെ വിളിക്കാൻ കഷ്ടപ്പെട്ടു. ഞാനായിട്ട് വിളിച്ചു. മറ്റ് ആളുകളെക്കൊണ്ട് വിളിപ്പിച്ചു. ചാനലിന്റെ സെെഡിൽ നിന്ന് വിളിപ്പിച്ചു. ലാലേട്ടന്റെ അടുത്ത് പോയി വിളിപ്പിക്കുന്ന സാഹചര്യം ഉണ്ടായിട്ട് പോലും രണ്ട് പേരുടെ കുടുംബവും ഒരു തരത്തിലും സഹകരിക്കുന്നില്ല. അത്രയും പ്രശ്നത്തിൽ തന്നെയാണ് ഇപ്പോഴും അവർ പോകുന്നത്.

മക്കളെ നിങ്ങൾ ഉപേക്ഷിക്കരുതെന്ന് അഭിമുഖങ്ങളിൽ അവരോടായി പറഞ്ഞിരുന്നു. ജീവിതത്തിലെ സ്വത്താണ് അവർ. ഈ കുട്ടികൾ കൂടെയുണ്ടെങ്കിൽ നമുക്ക് എവിടെ വേണമെങ്കിലും എത്താൻ പറ്റും. അത്രയും കഴിവുള്ള കുട്ടികളാണ്. നമ്മൾ ഇരുന്ന് കൊടുത്താൽ മതി. അവർ സമ്പാദിച്ച് കാെണ്ട് തരും. സമ്പാദിക്കുന്നത് മാത്രമല്ല, അവരുടെ ക്വാളിറ്റിയും ജെനുവിനിറ്റിയും.
ഓർത്തഡോക്സ് ഫാമിലി ആണ്. പ്രത്യേകിച്ച് മുസ്ലിം ഓർത്തഡോക്സ് ഫാമിലി. ഇനി അവരെ കുടുംബം സ്വീകരിച്ചാൽ ഉറപ്പായും സമുദായവും സമൂഹവും ആ കുടുംബത്തെ ഒറ്റപ്പെടുത്തും. ഒരു ലെസ്ബിയനായി ജീവിക്കാനൊന്നും മുസ്ലിം സമുദായം അനുവദിക്കില്ല. പല കുടുംബത്തിലും പോയി അവരുടെ മക്കളുടെ സെക്ഷ്വാലിറ്റിയെ പറഞ്ഞ് മനസിലാക്കി കുടുംബത്തെ തിരുത്താൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.

മടലൊക്കെ എടുത്ത് ഞങ്ങൾക്ക് അടി കിട്ടിയിട്ടുണ്ട്. അതേപോലെ ആദിലയുടെയും നൂറയുടെയും കുടുംബങ്ങളുടെ വീട് വരെ എത്താൻ പറ്റിയില്ല. പലയിടങ്ങളിൽ നിന്നും വധശ്രമം വരെ ഉണ്ടായിട്ടുണ്ട്. ഫോൺ കോൾ വഴി ഭീഷണി വന്നു. അവരെ സപ്പോർട്ട് ചെയ്യുന്നതിന് എന്നെ കൊന്ന് കളയുമെന്ന ഭീഷണി.
ഞാൻ കൂടുതൽ വിഷയങ്ങളിലേക്ക് പോകാത്തത് ആദിലയും നൂറയും പുറത്തേക്ക് വരട്ടെ, അവർ വന്ന് അവരുടെ ജീവിതത്തെക്കുറിച്ച് പറയട്ടെ എന്ന് കരുതിയാണ്. കുറച്ച് കോൾ റെക്കോർഡുകൾ എടുത്ത് വെച്ചിട്ടുണ്ട്. അവർ വന്ന ശേഷം കേസ് കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും. അവരെ സപ്പോർട്ട് ചെയ്ത് കുറേ ആളുകൾക്ക് കൂടുതൽ വെളിയിൽ വരണമെന്നുണ്ട്. ചില ആളുകളെക്കൊണ്ട് പറ്റാത്തതാണെന്നും ദിയ സന പറയുന്നു.


Click it and Unblock the Notifications