അനുമോളും നെവിനും തമ്മിലുള്ള വഴക്ക്; നെവിൻ ഷോ ക്വിറ്റ് ചെയ്തു?, സ്വേച്ഛാധിപതി ടാസ്ക്ക് കയ്യാങ്കളിയിലേക്ക് മാറി?
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ചിട്ട് ഇരുപത്തിമൂന്ന് ദിവസങ്ങൾ പിന്നിടുന്നു. ഇതുവരെ നാല് മത്സരാർത്ഥികളാണ് ഷോയിൽ നിന്നും എവിക്ടായത്. ഇപ്പോഴിതാ അപ്രതീക്ഷിതമായി മത്സരാർത്ഥികളിൽ ഒരാൾ ഷോ ക്വിറ്റ് ചെയ്തു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ജിസേൽ-അനുമോൾ-നെവിൻ എന്നിവർ തമ്മിലുള്ള പ്രശ്നത്തെ തുടർന്നാണ് ഇവരിൽ ഒരാൾ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോയതെന്നാണ് റിപ്പോർട്ടുകൾ.
മൂന്ന് പേരിൽ ക്വിറ്റ് ചെയ്ത് പുറത്ത് പോയത് നെവിനാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ എന്തിനെ ചൊല്ലി നടന്ന പ്രശ്നമാണെന്നത് വ്യക്തമല്ല. ഹൗസിൽ നിലവിലുള്ള പതിനഞ്ച് മത്സരാർത്ഥികളിൽ ഏറ്റവും ശക്തരായ മത്സരാർത്ഥികളാണ് ജിസേലും അനുമോളും നെവിനും. ഹൗസിലെ ഏക എന്റർടെയ്നർ എന്ന വിശേഷണമാണ് നെവിനുള്ളത്.

വലിയ വഴക്കുകൾ ഹൗസിൽ നടക്കുമ്പോഴും ഒരേ സമയം അതിൽ ഇടപെടുകയും കൂടാതെ പ്രേക്ഷകർക്ക് ചിരിക്കാനുള്ള വക മറ്റൊരു രീതിയിൽ നൽകുകയും ചെയ്യുന്ന മത്സരാർത്ഥിയാണ് നെവിൻ. എല്ലാത്തിലും തമാശ കണ്ടെത്താനും വഴക്കുകളെ സീരിയസായി എടുക്കാത്തതുകൊണ്ടുമാകാം നെവിൻ നല്ലൊരു ഗെയിമറെല്ലാന്നും ഒരു വിഷയത്തെയും സീരിയസായി കാണുന്ന വ്യക്തിയല്ലെന്നുമുള്ള അഭിപ്രായം സഹമത്സരാർത്ഥികൾക്കുണ്ട്.
പക്ഷെ ഒന്നാം ദിവസം മുതൽ ഇതുവരെയും പറയേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞ് നോമിനേഷൻ നടത്തുകയും ടാസ്ക്ക് കളിക്കേണ്ട സമയങ്ങളിൽ കൃത്യമായി കാര്യങ്ങൾ മനസിലാക്കി വിജയിക്കാനും നെവിന് കഴിയാറുണ്ട്. നെവിൻ ക്വിറ്റ് ചെയ്തുവെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ ബിബി ആരാധകർ നിരാശയിലാണ്.
നെവിൻ നല്ലൊരു മത്സരാർത്ഥിയും എന്റർടെയ്നറുമാണെന്നും ക്വിറ്റ് ചെയ്തുവെങ്കിൽ അത് തെറ്റായ തീരുമാനമാണെന്നുമാണ് കമന്റുകൾ. സ്വേച്ഛാധിപതി ടാസ്ക്കാണ് ഇപ്പോൾ ഹൗസിൽ നടക്കുന്നത്. ജിസേലും നെവിനുമാണ് ടാസ്ക്കുകൾ വിജയിച്ച് സ്വേച്ഛാധിപതികളായി മാറിയത്. അനുമോളും ജിസേലും നെവിനും അത്ര ചേർച്ചയിലല്ല. അതുകൊണ്ട് തന്നെ സ്വേച്ഛാധിപതികളായി നെവിനും ജിസേലും മാറിയപ്പോൾ മുതൽ ഇരുവരുമായി അനുമോൾ ഏറ്റുമുട്ടി തുടങ്ങിയിരുന്നു.
ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലിയായിരുന്നു തുടക്കം. നെവിൻ തെരഞ്ഞെടുത്ത റെന ഫാത്തിമ ഭക്ഷണം പാകം ചെയ്യുന്നതിനോട് തനിക്ക് താൽപര്യമില്ലെന്ന് അനുമോൾ പറഞ്ഞതോടെയാണ് വഴക്കുകളുടെ തുടക്കം. ജിസേലും നെവിനും അക്ബറും അപ്പാനിയും റെന ഫാത്തിമയുമെല്ലാം ഗ്രൂപ്പിസം കളിക്കുന്നുവെന്ന അഭിപ്രായവും അനുമോൾക്കുണ്ട്.

വീട്ടിൽ കൂടുതൽ വഴക്കുകൾ സംഭവിക്കുന്നതും അനുമോളും ജിസേലിന്റെ ഗ്രൂപ്പും തമ്മിലാണ്. ഈ ആഴ്ച പണിപ്പുരയിൽ കയറാൻ അവസരം ലഭിച്ചിരിക്കുന്ന രണ്ടുപേരും ടാസ്ക്ക് വിജയിച്ച് സ്വേച്ഛാധിപതികളായി മാറിയ നെവിനും ജിസേലുമാണ്. നിശ്ചിത സമയത്തിനുള്ളിൽ അൺലിമിറ്റഡായി പണിപ്പുരയിൽ നിന്നും സാധനങ്ങൾ എടുക്കാനുള്ള അവസരമാണ് ജിസേലിനും നെവിനും ബിഗ് ബോസ് ഇത്തവണ നൽകിയത്.
പരാമവധി ഭക്ഷ്യവസ്തുക്കൾ നെവിനും ജിസേലും ചേർന്ന് എടുക്കുകയും ചെയ്തു. പണിപ്പുര ടാസ്ക്ക് പൂർത്തിയാക്കിയ ഉടൻ തന്നെ പണിപ്പുരയിൽ നിന്നെടുത്ത ഭക്ഷ്യവസ്തുക്കളിൽ പലതും തനിക്ക് എല്ലാവരുമായി പങ്കിടാൻ താൽപര്യമില്ലെന്ന് നെവിൻ പറയുന്നതും കേൾക്കാമായിരുന്നു. സ്വേച്ഛാധിപതിയായതുകൊണ്ട് തന്നെ നെവിന്റെ തീരുമാനത്തെ ആർക്കും ചോദ്യം ചെയ്യാനും സാധിക്കുകയില്ല.
അതേസമയം ഫിസിക്കൽ അസാൾട്ട് പോലുള്ളവ സംഭവിച്ചതുകൊണ്ടാകുമോ നെവിൻ ഷോ ക്വിറ്റ് ചെയ്ത് പോയതെന്ന സംശയവും ബിബി പ്രേക്ഷകർക്കുണ്ട്. നെവിൻ അല്ല അനുമോളാണ് ഷോ ക്വിറ്റ് ചെയ്തതെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ചെറിയ വാക്ക് തർക്കം പോലും അനുമോളെ പെട്ടന്ന് തളർത്താറുണ്ട്. കരച്ചിൽ കാർഡ് ഈ സീസണിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അനുവാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ജനപിന്തുണയുടെ കാര്യത്തിലും അനുമോൾ മുന്നിലാണ്.


Click it and Unblock the Notifications