കാത്തിരിപ്പിന് വിരാമം, ബിഗ് ബോസ് സീസൺ 7 എത്തുന്നു, അർഹിക്കുന്നവർ കപ്പുയർത്തട്ടേയെന്ന് പ്രേക്ഷകർ!
മലയാളത്തിൽ ഏറ്റവും കൂടുതൽ തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇതുവരെ ബിഗ് ബോസിന്റെ ആറ് സീസണുകളാണ് മലയാളത്തിൽ ടെലികാസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ വർഷം ആദ്യം മുതൽ സീസൺ ഏഴിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു ബിബി പ്രേക്ഷകർ. സാധാരണ എല്ലാ വർഷവും മാർച്ച് മാസം ആകുമ്പോഴേക്കും ബിഗ് ബോസ് തുടങ്ങാറുണ്ട്.
എന്നാൽ മെയ് പകുതിയായിട്ടും സീസൺ ഏഴുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റൊന്നും വരാതെയായപ്പോൾ ബിബി പ്രേക്ഷകരും നിരാശയിലായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് സീസൺ ഏഴിന്റെ ആദ്യ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ പേജിലൂടെയാണ് ലോഗോയുടെ പ്രമോ എത്തിയത്.

ഇതോടെ മലയാത്തിന്റെ മോഹൻലാൽ തന്നെയാണ് സീസൺ ഏഴിന്റെയും അവതാരകൻ എന്നതിൽ വ്യക്തത വന്നിരിക്കുന്നു. ഇത്തവണ വളരെ അധികം വൈവിധ്യം നിറച്ചാണ് ലോഗോ അണിയറപ്രവർത്തകർ തയ്യാറാക്കിയിരിക്കുന്നത്. സ്വർണ്ണ നിറമാണ് ലോഗോയിലാകെ നിറഞ്ഞ് നിൽക്കുന്നത്. അതുകൊണ്ട് തന്നെ ലോഗോയുമായി ബന്ധപ്പെട്ട് പ്രേക്ഷകരിൽ നിന്നും ഭിന്നാഭിപ്രായങ്ങൾ വരാനുള്ള സാധ്യതയുണ്ട്.
കണ്ണിന്റെ ആകൃതിയിൽ തന്നെയാണ് ലോഗോ. ലോഗോയുടെ ഇടത് വശത്ത് ഇംഗ്ലീഷ് ലെറ്റർ എല്ലും വലത് വശത്ത് സീസൺ ഏഴിനെ സൂചിപ്പിക്കുന്ന ഏഴ് സംഖ്യ ചരിച്ച് എഴുതിയിരിക്കുന്നതും കാണാം. ഇടത് വശത്തുള്ള എൽ എന്ന അക്ഷരം അവതാരകനായ മോഹൻലാലിനെ സൂചിപ്പിക്കുന്നത്. കണ്ണിന്റെ കോർണിയ പോലുള്ള ഭാഗത്ത് ക്യാമറ ലെൻസും കാണും.
സ്വർണ്ണ നിറത്തിന് പുറമെ പിങ്ക്, പർപ്പിൾ, ബ്ലാക്ക് നിറങ്ങളും ലോഗോയിൽ പലയിടത്തായി ഉപയോഗിച്ചിരിക്കുന്നു. ഡയമണ്ടുകൾ പോലെ തോന്നിക്കുന്ന ഏഴ് ചിഹ്നങ്ങളും ലോഗോയിൽ സൂക്ഷിച്ച് നോക്കിയാൽ കാണാം. ഉടൻ തന്നെ സീസൺ ഏഴ് ആരംഭിക്കുമെന്ന സൂചനയും പ്രമോ നൽകുന്നു. ഭൂരിഭാഗം ബിബി ആരാധകർക്കും ലോഗോ ഇഷ്ടപ്പെട്ടുവെന്നതാണ് പ്രമോയുടെ കമന്റ് ബോക്സിൽ നിന്നും വ്യക്തമാകുന്നത്.
സീസൺ ആറുപോലെയാകാതെ അർഹിക്കുന്നവർ കപ്പുയർത്തട്ടേയെന്ന് ആഗ്രഹിക്കുന്നുവെന്നാണ് ഏറെയും കമന്റുകൾ. ബിഗ് ബോസ് മലയാളം സീസൺ ആറുപോലത്തെ സീസണും ആ സീസണിലുണ്ടായിരുന്നത് പോലുള്ള ടോപ്പ് ഫൈവും അതുപോലെ ഒരു വിജയിയും ഉണ്ടാവാതിരിക്കട്ടെ, നല്ല മത്സരാർത്ഥികളേയും നല്ല ബിഗ് ബോസ് ക്രൂവിനേയും പ്രതീക്ഷിക്കുന്നു, കപ്പ് അർഹിക്കുന്നയാൾ ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നിങ്ങനെ നീളുന്നു കമന്റ്സ്.

വലിയ രീതിയിൽ കോളിളക്കം സൃഷ്ടിക്കുകയും വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്ത സീസണായിരുന്നു ബിഗ് ബോസ് സീസൺ ആറ്. സീസൺ ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടില്ലാത്ത തരത്തിൽ മത്സരാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. അസി റോക്കി എന്ന മത്സരാർത്ഥി സിജോയുടെ മുഖത്ത് ഇടിച്ച് താടിയെല്ല് തകർത്തു. കൂടുതൽ വിചാരണയ്ക്ക് നിൽക്കാതെ അസി റോക്കിയെ ഷോയിൽ നിന്നും പുറത്താക്കി.
ഇടിയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ സിജോ പിന്നീട് ഏറെക്കാലം ചികിത്സയിലായിരുന്നു. സീസൺ ആറിൽ വിജയിയായത് സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ ജിന്റോയായിരുന്നു. മോഡലായ അർജുൻ ശ്യാം ഗോപനായിരുന്നു ഫസ്റ്റ് റണ്ണറപ്പ്. ജാസ്മിൻ, റിഷി, അഭിഷേക് ശ്രീകുമാർ തുടങ്ങിയവരായിരുന്നു ടോപ്പ് ഫൈവ്. പണപ്പെട്ടി ടാസ്ക്കിൽ പങ്കെടുത്ത് വിജയിച്ചത് വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സായ് കൃഷ്ണയായിരുന്നു.
ആറാം സീസണിൽ ആറുപേരാണ് വൈൽഡ് കാർഡ് എൻട്രിയായി എത്തിയത്. എന്നാൽ പ്രതീക്ഷിച്ചതുപോലൊരു പ്രകടനം കാഴ്ചവെക്കാൻ ആർക്കും കഴിഞ്ഞില്ല. ജിന്റോയും ജാസ്മിനും നോറയുമായിരുന്നു സീസൺ ആറിലെ കണ്ടന്റ് മേക്കേഴ്സ്.


Click it and Unblock the Notifications











