ബിഗ് ബോസ് റിവ്യൂവേർസിനും ഏഴിന്റെ പണി, 400 പേരോളം ജോലി ചെയ്യുന്നതാണ്; മുന്നറിയിപ്പ് നൽകി മോഹൻലാൽ
ബിഗ് ബോസ് ഏഴാം സീസൺ മത്സരാർത്ഥികൾക്ക് ഏഴിന്റെ പണികളുമായാണ് എത്തിയത്. ഇത്തവണ ചില ബിഗ് ബോസ് റിവ്യൂവേർസിനിനെതിരെയും ബിഗ് ബോസ് നീങ്ങുന്നോ എന്ന ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ് വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ നടത്തിയ പരാമർശം. രേണു സുധി ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പേ വോട്ട് അഭ്യർത്ഥിക്കുന്ന ഒരു വീഡിയോ എടുത്ത് വെച്ചതിനെതിരെ സംസാരിക്കവെയാണ് മോഹൻലാൽ റിവ്യൂവേർസിനെയും പരോക്ഷമായി പരാമർശിച്ചു.
"ഇത് ശരിക്കും നല്ല പ്രവൃത്തിയാണോ, ഇതുകൊണ്ടൊന്നും ആരും ജയിക്കാനും തോൽക്കാനും പോകുന്നില്ല, നിങ്ങൾ സ്വന്തമായി കളിക്കണം. ഇത് ജീവിതം പോലെയാണ്. വേറൊരാൾക്ക് നിങ്ങളെ ഹെൽപ്പ് ചെയ്യാൻ പറ്റും എന്ന് വിചാരിക്കും. പക്ഷെ അതിന് ഒരുപാട് പരിമിതികളുണ്ടാകും. ഞങ്ങൾക്ക് ഏഴിന്റെ പണി തന്നാൽ നിങ്ങൾക്ക് എട്ടിന്റെ പണി തിരിച്ച് തരും. ഷോയുടെ ആകാംക്ഷ ഇല്ലാതാക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളും വ്ലോഗുകളും ചെയ്യാതിരിക്കുക"

"ഇതിനകത്ത് 300-400 ആൾക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവിടെ നമ്മൾ തന്നെയാണ് ക്രിയേറ്റേർസ് എന്ന് ഒരിക്കലും മറക്കരുത്. ഈ എകോ സിസ്റ്റത്തിൽ എല്ലാവരും സർവെെവ് ചെയ്യുന്നത് പ്രേക്ഷകരിലൂടെയാണ്. ഷോയോടും പ്രേക്ഷകരോടുമുള്ള അനീതിയാണിത്. പെെറസി പോലെയാണിത്" മോഹൻലാൽ പറഞ്ഞതിങ്ങനെ. നിലവിൽ പല യൂട്യൂബ് ചാനലുകളും ബിഗ് ബോസ് ലെെവ് സ്ട്രീമിംഗ് കണ്ട് ഈ വിവരങ്ങൾ എപ്പിസോഡ് പുറത്തിറങ്ങും മുമ്പ് പങ്കുവെക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മോഹൻലാലിന്റെ പരാമർശം. ഇത്തരം പ്രവണതകൾ നിർത്തണമെന്ന ആവശ്യം പ്രേക്ഷകർ ഉന്നയിക്കുന്നുണ്ട്. ഇതേക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നടക്കുന്നു.
"ഇതിൽ കാര്യം വളരെ വ്യക്തമാണ് ! എവിക്ഷൻ റിസൽട്ട് മാത്രമല്ല ഷോയിൽ ഡെയിലി നടക്കുന്നതും നടക്കാത്തതുമായ പലതും എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുന്നതിന് മുൻപുതന്നെ മത്സരിച്ചു സ്വന്തം youtube / social media ചാനലിൽ ഇടുന്ന അനവധി youtubers / insta / facebook / മറ്റ് സോഷ്യൽ മീഡിയ ഹാൻഡിൽസ് ഉണ്ട് . ശനിയാഴ്ച വീക്കെൻഡ് എപ്പിസോഡ് ഷൂട്ട് നടക്കുമ്പോൾ തന്നെ ഇവർ എപിസോൾഡിലെ വിഷയങ്ങൾ സ്വന്തം വിഡിയോയിൽ പറയും. വീക്കെൻഡ് മാത്രമല്ല , ഈ ആളുകൾ ക്യാപ്റ്റൻസി ടാസ്ക് , വീക്കിലി ടാസ്ക്, ടിക്കറ്റ് ടു ഫിനാലെ, സ്പെഷ്യൽ ഗസ്റ്റ് അങ്ങനെ എല്ലാത്തരം സംഭവങ്ങളും ആദ്യമേ പറയുന്നു"

"എപ്പിസോഡിലെ കണ്ടന്റ് നേരത്തെ മനസിലാക്കുന്ന പ്രേക്ഷകർക്ക് ആകാംക്ഷ ഇല്ലാതെ ആകും . show makers / asianet channel അധികൃതരോട് പറയാൻ ഉള്ളത് ഇതാണ് . 1. മേല്പറഞ്ഞ contents പോസ്റ് ചെയുന്ന social media ചാനലുകൾക്കെതിരെ കർശന നടപടി എടുക്കുക . 2. ഇവർക്ക് വിവരങ്ങൾ ചോർത്തികൊടുക്കുന്ന crew മെമ്പേഴ്സിനെതിരെ കർശന നടപടി എടുക്കുക ! ബിഗ് ബോസ് ഷോയുടെ ഏറ്റവും വലിയ ആകർഷണം അതിന്റെ സസ്പെൻസ് ആന്റ് ക്യൂരിയോസിറ്റി ആണ് !" ബിഗ് ബോസുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ ചർച്ച സോഷ്യൽ മീഡിയ ഗ്രൂപ്പിൽ വന്ന കുറിപ്പിൽ പറയുന്നതിങ്ങനെ.
ലക്ഷക്കണക്കിന് പേർ ആകാംക്ഷയോടെ കാണുന്ന ഷോയാണ് ബിഗ് ബോസ്. ഷോയ്ക്ക് ലഭിക്കുന്ന ജനശ്രദ്ധ കാരണം പല യൂട്യൂബ് ചാനലുകളും ബിഗ് ബോസ് കണ്ടന്റാക്കാറുണ്ട്. എല്ലാ ഭാഷകളിലും ഈ സാഹചര്യമുണ്ട്. എന്നാൽ ബിഗ് ബോസിലെ ഗെയിമുകളും മറ്റും മുൻകൂട്ടി പ്രേക്ഷകരെ യൂട്യൂബേർസ് അറിയിക്കുന്നത് പലപ്പോഴും ആകാംക്ഷയില്ലാതാക്കുന്നു.


Click it and Unblock the Notifications