അങ്കത്തിനായി പത്തൊമ്പത് മത്സരാർത്ഥികൾ കളത്തിൽ, ആഢംബരവും നിഗൂഢതയും നിറഞ്ഞ വീട്, സ്ലാന്റിങ് സ്ട്രക്ചറിൽ ജയിൽ!
മറ്റൊരു ബിഗ് ബോസ് കാലത്തിന് കൂടി തുടക്കമായി. ഇരുപത് പേർ ഹൗസിനുള്ളിലേക്ക് പ്രവേശിച്ചു. കോമണറാണ് ഇത്തവണ ആദ്യം വീട്ടിലേക്ക് പ്രവേശിച്ച മത്സരാർത്ഥി. തൃശൂർ സ്വദേശിയായ അനീഷാണ് ഈ സീസണിലെ ആദ്യത്തെ കോമണർ. അനീഷിന് പിന്നാലെ ഓരോരുത്തരായി അവരവരുടെ ഊഴത്തിന് അനുസരിച്ച് ഹൗസിലേക്ക് എത്തി. സീരിയൽ താരം അനുമോൾ, നടൻ ആര്യൻ കദൂരിയ, കലാഭവൻ സരിക, ഗായകൻ അക്ബർ ഖാൻ, ആർജെ ബിൻസി, ഒണിൽ സാബു,
ഡോ.ബിന്നി സെബാസ്റ്റ്യൻ, സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ അഭിലാഷ്, നെവിൻ, ലെസ്ബിയൻ കപ്പിളായ ആദില നൂറ, മോഡൽ ജിസേല്‍ തക്രാള്‍, നടി ശൈത്യ സന്തോഷ്, രേണു സുധി, നടൻ അപ്പാനി ശരത്ത്, സീരിയൽ നടൻ ഷാനവാസ്, റെന ഫാത്തിമ, ശാരിക, മുൻഷി രഞ്ജിത്ത് തുടങ്ങിയവരാണ് ഈ സീസണിലെ മത്സരാർത്ഥികൾ.

അക്കൂട്ടത്തിൽ ആദിലയേയും നൂറയേയും ഒറ്റ മത്സരാർത്ഥിയായിട്ടാണ് പരിഗണിക്കുക. അതുകൊണ്ട് തന്നെ എണ്ണത്തിൽ ഇരുപത് പേരുണ്ടെങ്കിലും പത്തൊമ്പത് മത്സരാർത്ഥികളായാണ് കണക്കാക്കപ്പെടുക. എല്ലാവരും തീപാറിക്കുന്ന പ്രകടനം കാഴ്ചവെക്കുമെന്നത് ഗ്രാന്റ് ലോഞ്ച് എപ്പിസോഡിലെ പ്രകടനത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ഇതിനോടകം പല മത്സരാർത്ഥികളും ബിബി പ്രേക്ഷകരുടെ മനസിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു.
ഒരു റണ്ണിങ്ങ് ടാസ്ക്കോടെയാണ് ഈ സീസണിലെ മത്സരം ആരംഭിച്ചത്. ലാലേട്ടനൊപ്പം ഗ്രാന്റ് ലോഞ്ച് വേദിയിൽ എത്തും മുമ്പ് തന്നെ മത്സരാർത്ഥികൾ ആ ടാസ്ക്ക് കളിച്ചിരുന്നു. എല്ലാ മത്സരാർത്ഥികളും ടാസ്ക്കിൽ പങ്കെടുത്തത് കണ്ണ് കെട്ടിയാണ്. മത്സരാർത്ഥികളുടെ ഫോട്ടോ പതിപ്പിച്ച മെഡൽ പോഡിയത്തിൽ വച്ചിരുന്നു.
അത് ഒപ്പം വന്ന വ്യക്തിയുടെ നിർദേശം അനുസരിച്ച് സഞ്ചരിച്ച് കണ്ടെത്തിയശേഷം മുന്നിൽ വെച്ചിരിക്കുന്ന ഗ്ലാസിൽ ചുവന്ന നിറത്തിലുള്ള പൗഡറിൽ കൈ മുക്കി മുദ്ര പതിപ്പിക്കുക എന്നതായിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിൽ ടാസ്ക് പൂർത്തീകരിച്ച് വിജയിച്ചത് ബിന്നിയും ഷാനവാസും ആര്യനുമാണ്.
ഈ മത്സരാർത്ഥികളുടെ പെട്ടികൾ മാത്രമാണ് ബിഗ് ബോസ് വിട്ട് നൽകിയത്. ഇനി വിജയിച്ചവരുടെ കയ്യിലുള്ള സ്റ്റാർ സ്വന്തമാക്കിയാൽ മാത്രമെ മറ്റുള്ളവർക്ക് അവരുടെ അവശ്യ സാധനങ്ങൾ ഉൾപ്പെട്ട പെട്ടി ലഭിക്കുകയുള്ളു. അത്യാഢംബരവും നിഗൂഢതയും നിറഞ്ഞതാണ് ഇത്തവണത്തെ ബിഗ് ബോസ് വീട്. സ്വിമ്മിങ് പൂൾ ഒഴിവാക്കി വിശാലമായ ഗാർഡനാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ അഭിപ്രായങ്ങളും വീടിന്റെ നിർമ്മാണത്തിൽ പരിഗണിച്ചിട്ടുണ്ട്.

ലിവിങ് ഏരിയയും സെന്റർ ഗാർഡണും കിച്ചണും ബാത്ത് റൂം ഏരിയയും കൺഫഷൻ റൂമുമെല്ലാം വിശാലമാണ്. കൂടാതെ പൗഡർ റൂം പണിപ്പുര എന്നിങ്ങനെ പുതിയ രണ്ട് മുറികൾ കൂടി ബിഗ് ബോസ് വീട്ടിലുണ്ട്. മത്സരാർത്ഥികളുടെ സാധനങ്ങൾ എല്ലാം പണിപ്പുരയിലാണ് ബിഗ് ബോസ് സൂക്ഷിക്കുക. ടാസ്ക്കുകൾ പൂർത്തിയാക്കിയാൽ മാത്രമെ ലക്ഷ്വറി ബഡ്ജറ്റ് അടക്കം പണിപ്പുര തുറന്ന് എടുക്കാൻ കഴിയു.
ഇത്തവണ ബിബി ഹൗസിലെ ഏറ്റവും ഇന്ററസ്റ്റിങ്ങായ ഘടകം ജയിലാണ്. പൊതുവെ മണിയറ പോലെയാണ് ജയിലെന്ന പരാതി പ്രേക്ഷകർക്കുണ്ട്. മത്സരാർത്ഥികൾ ജയിൽ വാസം അനുഭവിക്കുന്നതായി തോന്നാറില്ലെന്ന് പലപ്പോഴായി പ്രേക്ഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനുള്ള പരിഹാരമാണ് ഇത്തവണത്തെ ജയിൽ. സ്ലാന്റിങ് സ്ട്രക്ചറിലാണ് ജയിൽ. അവിടെ എത്തിപ്പെടുന്നവർ നിവർന്ന് നിൽക്കാൻ പാടുപെടും.
ചെരിഞ്ഞ് നിൽക്കാനും ഇരിക്കാനും മാത്രമെ കഴിയൂ. ജയിലിനുള്ളിൽ ഒരാൾക്ക് കിടക്കാൻ സാധിക്കുന്ന രീതിയിൽ സ്ലാന്റിങ് സ്ട്രക്ചറിൽ ഒരു സിമന്റ് പ്രതലവും കാണാം. എന്തായാലും ബിഗ് ബോസ് ജനപ്രിയമാക്കാൻ ഈ പ്രാവശ്യം അണിയറപ്രവർത്തകർ കുറച്ച് അധികം പണിപ്പെട്ടിട്ടുണ്ടെന്നത് വ്യക്തം.


Click it and Unblock the Notifications