"ലവലേശം ലജ്ജയില്ലാത്ത ടീം, മോഹൻലാലിന് എങ്ങനെ ക്ഷമയോടെ നേരിടാൻ കഴിയുന്നു!" അഭിപ്രായം പങ്കുവെച്ച് ശാരദക്കുട്ടി
ബിഗ് ബോസ് മലയാളം ഏഴാം സീസൺ സംഭവബഹുലമായി മുന്നോട്ട് പോകുകയാണ്. മുൻ സീസണുകളേക്കാൾ വ്യത്യസ്തത ഈ സീസണിനുണ്ട്. മത്സരാർത്ഥികൾക്ക് അപ്രതീക്ഷിതമായ ചില ടാസ്കുകൾ വന്നു. എല്ലാവരും തങ്ങളുടേതായ രീതിയിൽ മുന്നോട്ട് പോകുന്നു. മുൻഷി രഞ്ജിത്ത് ആണ് ആദ്യ ആഴ്ച പുറത്തായത്. മുൻ സീസണുകളിലേത് പോലെ മോഹൻലാൽ തന്നെയാണ് ഇത്തവണയും ഷോയുടെ അവതാരകൻ. മോഹൻലാലിനെയും ബിഗ് ബോസ് മത്സരാർത്ഥിയെയും കുറിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി പങ്കുവെച്ച അഭിപ്രായമാണിപ്പോൾ ശ്രദ്ധ നേടുന്നത്.
"എത്ര ലജ്ജാലുവും ശാന്തനും ആയ, എത്ര സുന്ദരമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുവാനും പ്രേക്ഷകരെ ആഹ്ലാദിപ്പിക്കുന്നവനും കഴിയുന്നയാളാണ് മോഹൻലാൽ! ശനിയും ഞായറും, എൻ്റെയാ പഴയ മോഹൻലാലിൻ്റെ നാണവും ചിരിയും കാണാനായി മാത്രം ബിഗ് ബോസ് കണ്ടു പോകുന്ന ആളാണ് ഞാൻ. ഇന്നലെയും മിനിഞാന്നും കണ്ടു. എന്തൊരു ഭംഗിയുള്ള ഷർട്ടായിരുന്നു ! എത്ര മനോഹരമായ സ്ക്രീൻ സാന്നിധ്യം !! എന്തു ക്ഷമയാണ്! ഫൗൾ പ്ലേ ചെയ്യുന്നവരോടു പോലും എന്തൊരു മര്യാദ !!|"

"മോഹൻലാലിന് എങ്ങനെ ഇത്ര അലങ്കോലപ്പെട്ട് അലമുറയിട്ട്, ഒരു വീട്ടിൽ കിടന്ന് മര്യാദയില്ലാതെ അലമ്പുണ്ടാക്കുന്ന, ആരെയും ബഹുമാനിക്കാനറിയാത്ത, കള്ളം പറയാനും കള്ളം കാണിക്കാനും മടിയില്ലാത്ത, ലവലേശം ലജ്ജയില്ലാത്ത ഒരു ടീമിനെ വന്ന് ക്ഷമയോടെ നേരിടാൻ കഴിയുന്നു! എത്ര പണം കിട്ടിയാലും ഇങ്ങനെയൊരു ടീമിനോട് ഇടപെടണമെങ്കിൽ ആത്മാവിനെയും ആത്മാഭിമാനത്തേയും പണയപ്പെടുത്തേണ്ടി വരുമല്ലോ. ഒന്നോ രണ്ടോ മര്യാദക്കാരെ കാണാനുണ്ടിടയിൽ. അവർ വേഗം പുറത്തേക്കു പോകുമെന്നുറപ്പ്," എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
ഗെയിമിൽ ഒട്ടും വിട്ടുകാെടുക്കാതെ മുന്നോട്ട് പോകാനാഗ്രഹിക്കുന്നവരാണ് ഈ സീസണിലെ മത്സരാർത്ഥികൾ. ബിഗ് ബോസ് പ്രേക്ഷകരിൽ പലർക്കും ഈ സീസൺ ഇഷ്ടമായിട്ടുണ്ട്. ഇമേജ് നോക്കാതെ ഗെയിം കളിക്കുമ്പോൾ മാത്രമേ ഷോ രസകരമാകാറുള്ളൂ എന്നാണ് പ്രേക്ഷകർ പറയാറ്. ബിഗ് ബോസ് മത്സരാർത്ഥികൾ എങ്ങനെയായിരിക്കണമെന്ന് സംബന്ധിച്ച് പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച നടക്കാറുണ്ട്. ചിലർക്കെതിരെ വ്യാപക വിമർശനം വരുമ്പോൾ ചിലരെ ജനം സ്വീകരിക്കുന്നു. ബിഗ് ബോസിലൂടെ വരുന്ന ഇമേജിൽ നിന്നും പുറത്ത് കടക്കുക ഇവർക്ക് എളുപ്പവുമല്ല. ഏഴാം സീസൺ ആകാംക്ഷയോടെ കാണുകയാണിപ്പോൾ പ്രേക്ഷകർ.
അനീഷ്, അഭിശ്രീ, അപ്പാനി ശരത്ത് തുടങ്ങിയവരെയാണ് നിരന്തരം പ്രശ്നമുണ്ടാക്കുന്നവരായി പ്രേക്ഷകർ കാണുന്നത്. പറയുന്നത് ഒന്നിലേറെ തവണ ആവർത്തിക്കുന്ന അനീഷിന്റെ രീതി സഹമത്സരാർത്ഥികൾ അസഹ്യമായിട്ടുണ്ട്. ഇതിന്റെ പേരിൽ ഇവിടെ വഴക്കുകൾ നടന്നിട്ടുണ്ട്. അപ്പാനി ശരത്തും അനീഷും തമ്മിൽ നിരന്തരം പ്രശ്നങ്ങളാണ്. ഇരുവരെയും അനുകൂലിക്കുന്നവരും വിമർശിക്കുന്നവരുമുണ്ട്. ഒരു പ്രശ്നവുമില്ലെങ്കിലും ചെറിയ കാര്യങ്ങളിൽ ഈ സീസണിലെ മത്സാർത്ഥികൾ വഴക്കുണ്ടാക്കുന്നുണ്ട്.
ഇത് കണ്ടന്റിന് വേണ്ടിയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. മുൻ സീസണുകളിലേത് പോലെ വാഴ എന്ന പേര് വരാതിരിക്കാൻ മത്സാർത്ഥികൾ ശ്രദ്ധിക്കുന്നു. എല്ലാവരും തങ്ങളുടേതായ രീതിയിൽ സ്ക്രീൻ സ്പേസ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. മുൻ സീസണിനേക്കാൾ മികവ് ഇത്തവണത്തെ സീസണിനുണ്ടെന്നാണ് പൊതുവെയുള്ള അഭിപ്രായം. വഴക്കുകളും പ്രശ്നങ്ങളും എല്ലാ ബിഗ് ബോസ് സീസണുകളിലുമുള്ളതാണ്. ഷോയെ പ്രേക്ഷകരോട് അടുപ്പിക്കുന്നതും ഇത്തരം സംഭവങ്ങളാണ്. ഈ സീസണിൽ ഇതുവരെയും ഏവർക്കും സ്വീകാര്യനായ മത്സാർത്ഥി ഉയർന്ന് വന്നിട്ടില്ല. ഇത് സീസണിൽ കുറേക്കൂടി കൗതുകമുണ്ടാക്കുന്നു.


Click it and Unblock the Notifications