'എനിക്ക് അറ്റാക്ക് വന്നിരുന്നു, 10 മിനിറ്റിന്റെ വ്യത്യാസത്തിലാണ് ജീവിച്ചിരിക്കുന്നത്, ഉപ്പ മരിച്ചതും...'
ബിഗ് ബോസ് ഹൗസിൽ ശത്രുതയോടെ ഗെയിം കളിച്ച് പോന്നിരുന്ന രണ്ടുപേരാണ് ഷാനവാസും അക്ബറും. ഇരുവരും തമ്മിൽ വഴക്കും തർക്കങ്ങളും ഇല്ലാത്ത ദിവസങ്ങൾ കുറവാണ്. പലപ്പോഴും മോശം ഭാഷപ്രയോഗത്തിലേക്കും കയ്യാങ്കളിയിലേക്കും ഇരുവരുടേയും തർക്കം നീളാറുമുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഇരുവരും തമ്മിൽ വഴക്ക് നടന്നു. അവസാനം ബിഗ് ബോസ് കൺഫഷൻ റൂമിൽ വിളിച്ച് സംസാരിച്ചശേഷമാണ് രമ്യതയിലായത്.
മാത്രമല്ല ഇരുവരും പരസ്പരം മനസ് തുറന്ന് സംസാരിക്കുകയും ചെയ്തു. അക്കൂട്ടത്തിൽ ഷാനവാസ് ആദ്യമായി തന്റെ അസുഖ വിവരങ്ങളെ കുറിച്ച് അക്ബറിനോട് സംസാരിച്ചു. തനിക്ക് ഒരിക്കൽ ഹാർട്ട് അറ്റാക്ക് വന്നിരുന്നുവെന്നും പത്ത് മിനിറ്റിന്റെ വ്യത്യാസത്തിലാണ് താൻ ഇന്ന് ജീവിച്ചിരിക്കുന്നതെന്നും ഷാനവാസ് പറഞ്ഞു.

പലരും എന്നെ പറ്റി പലതും നിങ്ങളുടെ അടുത്ത് പറഞ്ഞ് തരും. അത് മനസിൽവെച്ച് എന്നോട് പെരുമാറരുതെന്ന് അക്ബർ പറഞ്ഞതോടെയാണ് ഷാനവാസും മനസ് തുറന്ന് സംസാരിക്കാൻ തുടങ്ങിയത്. അപ്പോഴാണ് അസുഖ വിവരത്തെ കുറിച്ച് അക്ബർ ഷാനവാസിനോട് ചോദിച്ചത്. ഹാർട്ടിന് എന്താണെന്നുള്ളത് കഥ പറയുമ്പോൾ പറയാം.
ഞാൻ ഒരു പത്ത് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഇവിടെ നിൽക്കുന്നത്. എനിക്ക് ഹാർട്ട് അറ്റാക്ക് വന്നിരുന്നു. പത്ത് മിനിറ്റ് കൂടി ലേറ്റായിരുന്നുവെങ്കിൽ മരിച്ചുപോയേനെ. എന്റെ ഇതേ പ്രായത്തിലാണ് ഉപ്പ മരിച്ചുപോയത്. അറ്റാക്ക് തന്നെയായിരുന്നു. ഉമ്മയും അങ്ങനെ തന്നെയാണ് പോയത്. നാൽപത്തിയഞ്ച് വയസാകാൻ പോവുകയാണ് എനിക്ക്. മരിക്കുമെന്ന പേടിയൊന്നുമില്ല. അങ്ങനെയുണ്ടെങ്കിൽ ഇവിടെ വന്ന് ഈ സ്ട്രസ് എടുത്ത് ഞാൻ പണി ചെയ്യുമോ?.
അങ്ങനെയുള്ള പേടിയേ ഇല്ല. ഞാൻ എന്റെ മക്കൾക്ക് വേണ്ടി ജീവിക്കാൻ വന്നതാണ്. ഉമ്മയായിരുന്നു എന്റെ എല്ലാം. ഇതൊന്നും ഇവിടെ ആരോടും പറയാൻ എനിക്ക് ആഗ്രഹമില്ല. എന്നെ ആ രീതിയിൽ മറ്റുള്ളവർ കാണുന്നതും എനിക്ക് ഇഷ്ടമല്ല ഷാനവാസ് പറഞ്ഞു. ഉമ്മയെ കുറിച്ച് പറഞ്ഞതോടെ ഷാനവാസിന്റെ കണ്ണുകൾ നിറഞ്ഞു. അതോടെ അക്ബറിന്റെ ദേഷ്യവും വാശിയും വൈരാഗ്യവും അലിഞ്ഞ് ഇല്ലാതെയായി. ഉമ്മാടെ കേസ് വന്നാൽ നമ്മൾ ആകെ എടങ്ങേറാകും.
അടിപൊളിയായി നിങ്ങൾ കളിക്കുന്നില്ലേ പിന്നെ എന്താ പ്രശ്നം?. ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും നിങ്ങൾ കട്ടക്ക് നിൽക്കുന്നില്ലേ. ഉമ്മ പോയാലുള്ള സിറ്റുവേഷൻ എനിക്കൊന്നും ചിന്തിക്കാൻ പറ്റുന്നില്ല. ഞാൻ വിഷമിപ്പിച്ചെങ്കിൽ സോറി. ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇങ്ങനൊരു സ്ട്രസ് നിങ്ങളുടെ മനസിലുണ്ടായിരുന്നുവെന്നും എനിക്ക് അറിയില്ലായിരുന്നു എന്നും അക്ബർ ഏറ്റുപറഞ്ഞു.

ഇതെല്ലാം കേട്ടതിന്റെ പേരിൽ ഗെയിം കളിക്കാതെ ഇരിക്കരുതെന്നായിരുന്നു പിന്നീട് അക്ബറിന് ഷാനവാസിന്റെ ഉപദേശം. ഞാൻ ഇനിയും ഗെയിം കളിക്കും, കളിയാക്കും. പക്ഷെ ഹീറ്റ് ആർഗ്യുമെന്റ്സ് നടത്തുന്നത് വിടാം. നമ്മൾ ചിന്തിച്ച് പ്രവർത്തിച്ചാൽ നമുക്ക് നല്ലത് എന്ന് അക്ബറും പറഞ്ഞു. ഇരുവരുടയേും ഏറ്റുപറച്ചിലും തുറന്നുള്ള സംസാരവും കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി എന്നാണ് പ്രേക്ഷകർ കുറിച്ചത്.
രണ്ടുപേരും ആരാണ് വലിയവൻ എന്നുള്ള ഭാവത്തിൽ തുടങ്ങിയ വർത്തമാനം പിന്നെ രണ്ടാളും അന്യോന്യം കെട്ടിപിടിച്ച് കരയുന്ന അവസ്ഥയിൽ എത്തി. രണ്ടുപേർ ഒരുമിച്ചിരുന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഈ ലോകത്ത് ഉള്ളൂവെന്ന് തെളിയിക്കുന്ന നിമിഷങ്ങളായിരുന്നു എന്നാണ് ഒരാൾ കമന്റായി കുറിച്ചത്. തുടക്കത്തിൽ അക്ബറിനെ വെറുത്തവർ പോലും ഇപ്പോൾ സ്നേഹിച്ച് തുടങ്ങിയിട്ടുണ്ട്.
ഹൗസിൽ നിലവിലുള്ള മത്സരാർത്ഥികളിൽ ഏറ്റവും ജനപിന്തുണയുള്ള രണ്ടുപേർ അക്ബറും ഷാനവാസുമാണ്. പരസ്പരം സംസാരിച്ച് രമ്യതയിൽ പിരിഞ്ഞതുകൊണ്ട് തന്നെ ഇരുവരും തുടർന്നുള്ള ദിവസങ്ങളിൽ ഒരുമിച്ചാകുമോ എതിരെ നിന്നാകുമോ ഗെയിം കളിക്കുക എന്നറിയാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications