സ്ത്രീ വിരോധിയെന്ന് ടാഗ്, സ്ത്രീകളോട് മര്യാദയുള്ളത് അനീഷിന് മാത്രം; മറ്റുള്ളവരെല്ലാം പ്രഹസനമെന്ന് പ്രേക്ഷകർ!
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ഇരുപത്തിയേഴ് എപ്പിസോഡുകൾ പിന്നിടുമ്പോൾ ഹൗസിൽ അവശേഷിക്കുന്നത് പതിനാറ് മത്സരാർത്ഥികളാണ്. രഞ്ജിത്ത് മുൻഷി, ആർജെ ബിൻസി, ശാരിക കെബി, കലാഭവൻ സരിഗ എന്നിവരാണ് ഇതുവരെ സീസൺ ഏഴിൽ നിന്നും എവിക്ടായിപ്പോയ മത്സരാർത്ഥികൾ. ഒരേയൊരു കോമണർ മത്സരാർത്ഥിയാണ് ഇത്തവണ ഹൗസിലുള്ളത്. തൃശൂർ സ്വദേശിയായ അനീഷാണ് ഇത്തവണത്തെ കോമണർ.
ലഭിച്ച സർക്കാർ ജോലിയിൽ നിന്നും ലീവെടുത്താണ് ബിഗ് ബോസിൽ പങ്കെടുക്കാൻ അനീഷ് ഒരുക്കങ്ങൾ നടത്തിയത്. ഹൗസിലേക്ക് ആദ്യം കാലുകുത്തിയതും അനീഷ് തന്നെയായിരുന്നു. ഹൗസിലേക്ക് കയറിയ അടുത്ത നിമിഷം മുതൽ ഈ നിമിഷം വരെയും അനീഷ് ഗെയിമിൽ തന്നെയാണ്. മത്സരാർത്ഥികളിൽ ഗെയിമിനെ ഗെയിമായി കാണുന്ന ഒരേയൊരാളും അനീഷ് മാത്രമാണ്.

പ്രേക്ഷകരിൽ അനീഷ് ഉണ്ടാക്കിയ ഫസ്റ്റ് ഇംപ്രഷൻ അത്ര നല്ലതായിരുന്നില്ല. അനീഷ് ആദ്യം മത്സരാർത്ഥികളിൽ പ്രയോഗിച്ചത് ട്രിഗറിങ് ആയിരുന്നു. തുടക്കം അനുമോളിലൂടെയും. എല്ലാവരുമായും അനീഷ് അനാവശ്യമായി വഴക്കിടുകയും പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുകയും ചെയ്തത് പല ടാസ്ക്കുകളേയും നശിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടാഴ്ച ഗെയിം കൊണ്ടുപോയിരുന്നതും അനീഷായിരുന്നു.
ആ ദിവസങ്ങളിൽ പ്രധാന കണ്ടന്റ് മേക്കറും അനീഷ് ആയിരുന്നുവെങ്കിലും പ്രേക്ഷകർക്കിടയിൽ അനീഷിന് നെഗറ്റീവ് ഇമേജായിരുന്നു. റാങ്കിങ് ടാസ്ക്കിനുശേഷം നടന്ന വീക്കെന്റ് എപ്പിസോഡിൽ അനീഷിന്റെ ഗെയിമിലെ പോരായ്മകളും പാളിച്ചകളും മോഹൻലാൽ വിമർശിച്ചുകൊണ്ട് ചൂണ്ടി കാണിച്ചിരുന്നു. അത് കൃത്യമായി മനസിലാക്കിയ അനീഷ് ഗെയിം അൽപ്പം മാറ്റിപിടിച്ചു. അനാവശ്യമായുള്ള വാശികളും വാഗ്വാദങ്ങളും ഒഴിവാക്കി.
പ്രധാന്യമുള്ള വിഷയങ്ങളിൽ മാത്രം ഇടപെടാനും തുടങ്ങി. അനീഷ് ഗെയിമിലും സ്വഭാവരീതികളിലുമുള്ള കൃത്രിമത്വം ഒഴിവാക്കി ജെനുവിനായതോടെ പ്രേക്ഷകരും അനീഷിനെ ഇഷ്ടപ്പെട്ട് തുടങ്ങി. ഹൗസിലേക്ക് കയറുമ്പോൾ സ്ത്രീ വിരോധിയെന്ന ടാഗ് ആയിരുന്നു അനീഷിന് ഉണ്ടായിരുന്നത്. പോരാത്തതിന് വിവാമോചിതനും. ഇൻട്രോ വീഡിയോയിൽ സ്ത്രീകളോട് എതിർപ്പുള്ള രീതിയിൽ ചില പരാമർശങ്ങളും അനീഷ് നടത്തിയിരുന്നു.
എന്നാൽ സ്ത്രീ വിരോധിയെന്ന ടാഗ് അനീഷ് ഒരു മുഖംമൂടിയായി അണിഞ്ഞതാണെന്നും ഹൗസിൽ നിലവിലുള്ള മത്സരാർത്ഥികളിൽ സ്ത്രീകളോട് മര്യാദയുള്ളതും ബഹുമാനത്തോടെയും കരുതലോടെയും പെരുമാറുന്നത് അനീഷിന് മാത്രമാണെന്നും മറ്റുള്ളവരെല്ലാം പ്രഹസനം മാത്രമാണെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങൾ. മറ്റുള്ളവർ ചേർന്ന് അനുവിനെ ഒറ്റപ്പെടുത്തുമ്പോഴും ചീത്തകൾ വിളിക്കുമ്പോഴും അനീഷ് മാത്രമാണ് അതിന് എതിരെ പ്രതികരിക്കാറുള്ളത്.

ഹൗസിലെ ഭൂരിഭാഗം പേരുമായും അനീഷ് കൊമ്പുകോർത്തിട്ടുണ്ട്. പക്ഷെ ഒരിക്കൽ പോലും മോശമായ ഭാഷയോ ചേഷ്ഠകളോ പ്രവൃത്തികളോ അനീഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. എന്നാൽ ഹ്യുമാനിറ്റിയെന്നും അമ്മ, മകൾ, ഭാര്യ, സഹോദരി എന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം ആവർത്തിക്കുന്നവരുമാണ് സഹമത്സരാർത്ഥികളായ സ്ത്രീകളെ ഏറ്റവും മോശമായ രീതിയിൽ ട്രീറ്റ് ചെയ്യുന്നത്.
താനുമായി വഴക്കിട്ടത് ആണാണെങ്കിലും പെണ്ണാണെങ്കിലും പിന്നീട് അയാൾ വിഷമിക്കുന്നുവെന്ന് തോന്നിയാൽ അനീഷ് ആശ്വസിപ്പിക്കാനും പിന്തുണയക്കാനും പരിശ്രമിക്കാറുണ്ട്. കഴിഞ്ഞ ദിവസം അനുവിനൊപ്പം ജയിലിൽ കഴിഞ്ഞപ്പോഴുള്ള അനീഷിന്റെ പെരുമാറ്റവും കരുതലും കണ്ടശേഷമാണ് അനീഷിന് പ്രേക്ഷക പിന്തുണ ഏറിയത്. അനീഷ് ടോപ്പ് ഫൈവിലുണ്ടാകുമെന്നാണ് പ്രേക്ഷക പ്രവചനങ്ങൾ.
നല്ല ഗെയിമർ, ജെനുവിനായ വ്യക്തത്വം ടാഗ് ലൈനുകൾ അനീഷിന് പ്രേക്ഷകർ നൽകി കഴിഞ്ഞു. അതേസമയം പുതിയ അഞ്ച് വൈൽഡ് കാർഡുകൾ ഹൗസിലേക്ക് കയറാൻ തയ്യാറെടുത്ത് കഴിഞ്ഞു. സിനിമ-സീരിയൽ-സോഷ്യൽമീഡിയ രംഗത്ത് തിളങ്ങി നിൽക്കുന്നവരാണ് പുതിയ വൈൽഡ് കാർഡുകൾ. പുതിയ മത്സരാർത്ഥികൾ എത്തിയശേഷം ഹൗസിലെ ആളുകളുടെ ഗെയിം എങ്ങനെ മാറുമെന്ന് അറിയാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications