പറ്റുന്ന പണിക്ക് പോയാൽ പോരെ; വൈകല്യത്തിന്റെ പേരിൽ പരിഹാസം, പ്രതിസന്ധികളിൽ തളരാതെ അഭിലാഷ് ബിബിയിൽ!
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ഒമ്പതാമത്തെ മത്സരാർത്ഥിയായി ഹൗസിലേക്ക് കയറിയത് നടനും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും ഡാൻസറും അതിലുപരി ക്രിക്കറ്ററുമായ അഭിലാഷാണ്. സോഷ്യൽമീഡിയ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അഭിശ്രീ എന്ന പേരിൽ അഭിലാഷ് സുപരിചിതനാണ്. ടിക്ക് ടോക്ക് ഉണ്ടായിരുന്ന സമയം മുതലാണ് അഭിലാഷ് സോഷ്യൽമീഡിയയിൽ സജീവമായത്. അതിനുശേഷം ഇൻസ്റ്റഗ്രാം റീലിലേക്കും യുട്യൂബ് ചാനലിലേക്കും തിരിയുകയായിരുന്നു.
കാതോട് കാതോരം എന്ന സീരിയലിലും അഭിലാഷ് അഭിനയിച്ചിട്ടുണ്ട്. അഭിലാഷിന്റെ ഭാര്യ ശ്രീക്കുട്ടിയും സോഷ്യൽമീഡിയയിൽ സജീവമാണ്. കാലിനുള്ള വൈകല്യത്തിന്റെ പേരിൽ നിരവധി പരിഹാസങ്ങൾ ചെറുപ്പം മുതൽ അനുഭവിച്ചതിൽ നിന്നും കിട്ടിയ മനോബലത്തിൽ നിന്നാണ് അഭിലാഷ് ബിബി സ്റ്റേജ് വരെ എത്തി നിൽക്കുന്നത്.

സ്കൂൾ അധ്യാപികയിൽ നിന്ന് അടക്കം അഭിലാഷിന് ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ജനിച്ചപ്പോൾ മുതൽ അഭിലാഷിന്റെ കാലിന് വൈകല്യമുണ്ട്. പക്ഷെ അതിന്റെ പേരിൽ ഒഴിഞ്ഞ് മാറി നിൽക്കാതെ ചെറുപ്പം മുതൽ ഡാൻസിൽ അടക്കം മത്സരിക്കുമായിരുന്നു. ഒരിക്കൽ സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുക്കവെ കാല് വഴുതി വീണു. അന്ന് സദസ് മുഴുവൻ കളിയാക്കി ചിരിച്ചു.
എന്നാൽ അതിനേക്കാൾ അഭിലാഷിന്റെ മനസിനെ മുറിവേൽപ്പിച്ചത് പറ്റുന്ന പണിക്ക് പോയാൽ പോരെയെന്ന അധ്യപികയുടെ വാക്കായിരുന്നു. അവിടെ നിന്ന് തുടങ്ങിയതാണ് പോരാട്ടം. കപ്പ് തന്നെയാണ് അഭിലാഷിന്റെയും ലക്ഷ്യം. കാലിന് പരിമിതികളുള്ള അഭിലാഷ് ബിബിയിലെ ടാസ്ക്കുകൾ എങ്ങനെ ചെയ്യുമെന്ന ആശങ്ക പ്രേക്ഷകർക്കുണ്ടായിരുന്നു. എന്നാൽ അഭിലാഷിന്റെ പ്രൊഫൈൽ വീഡിയോ കണ്ടശേഷം പ്രേക്ഷകരുടെ ആ ആശങ്ക മാറി.
അഭിലാഷിന്റെ കുറവുകൾ നോക്കാതെ പിന്തുണയായി ഒപ്പം കൂടിയ ആളാണ് ഭാര്യ ശ്രീക്കുട്ടി. എതിർപ്പുകളെ മറികടന്ന് കോളിളക്കം സൃഷ്ടിച്ചായിരുന്നു ഇരുവരുടേയും വിവാഹം. എന്റെ പേര് അഭിലാഷ് പക്ഷെ എന്നെ പലർക്കും അറിയാവുന്നത് അഭിശ്രീ എന്ന പേരിലാകും. പത്തനംതിട്ടയിലാണ് ഞാൻ ജനിച്ചത്. വളർന്നത് തിരുവനന്തപുരത്താണ്.
കൊല്ലംകാർ ഏറ്റെടുത്തിരിക്കുന്ന മുതലാണ് ഇന്ന് ഞാൻ. നടനാണ് ഞാൻ. ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്തിട്ടുള്ള കാതോട് കാതോരം എന്ന സീരിയലിൽ അമൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും ഡാൻസറും അതിലുപരി ക്രിക്കറ്ററുമാണ്. ഒരുപാട് തവണ ക്ലീൻ ബൗൾഡാവുകയും ക്ലീൻ ബ്ലൗൾഡാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏഴിന്റെ പണി എന്നെ സംബന്ധിച്ചിടത്തോളം സിംപിൾ ആയിരിക്കും.

ഇതുവരെ ബിഗ് ബോസ് ചരിത്രത്തിൽ എന്നെപ്പോലൊരു മത്സരാർത്ഥി വന്നിട്ടില്ല. ഞാൻ ഡിഫറന്റ്ലി ഏബിൾഡാണ്. അത് തന്നെയാണ് എന്നെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഫിസിക്കലി എനിക്ക് ചെറിയ പ്രശ്നമുണ്ടെങ്കിലും മെന്റലി ഞാൻ ഡബിൾ സ്ട്രോങ്ങാണ്. അതുകൊണ്ട് ടാസ്ക്കുകൾ സിംപിളായി നേരിടും. ഞാൻ എന്തുകൊണ്ട് ബിഗ് ബോസിൽ വരാൻ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളു ഞാൻ ഡിഫറന്റ്ലി ഏബിൾഡായ വ്യക്തിയാണ്.
ഇനി ആർക്കെങ്കിലും നമ്മൾ ഒരു പ്രചോദനമാവുകയാണെങ്കിലോ എന്ന് കൂടി കരുതി. ദേഷ്യം വരുന്നത് ബിഗ് ബോസ് ഗെയിമിന് പ്രശ്നമാകുമോ ഇല്ലയോയെന്ന് അറിയില്ല. പക്ഷെ എനിക്ക് പെട്ടന്ന് ദേഷ്യം വരും. അത് കൺട്രോൾ ചെയ്യാൻ ഞാൻ മാക്സിമം ശ്രമിക്കാം. ഒരുപാട് വേദികളിൽ നിന്ന് കാലിന്റെ വൈകല്യം മൂലം ഇറങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട്. പക്ഷെ അതേ ഡിസെബിലിറ്റി കാരണം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഷോയിൽ മത്സരാർത്ഥിയായി നിൽക്കാൻ കഴിഞ്ഞു.
ജനങ്ങൾക്ക് ഒരു പ്രചോദനമായി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ കാരണം ആരുടെ എങ്കിലും മനസിൽ ഒരു ചെറിയ സ്പാർക്ക് എങ്കിലും ഉണ്ടാക്കാൻ കഴിഞ്ഞാൽ അത് തന്നെയാണ് എന്റെ വിജയം. ഈ സ്റ്റേജ് വരെ എത്തിയപ്പോൾ തന്നെ ഞാൻ വിജയിച്ച് കഴിഞ്ഞു. ഒരുപാട് സന്തോഷം എന്നാണ് അഭിലാഷ് പറഞ്ഞത്. വൈകല്യമുള്ളതായി തോന്നുന്നില്ല. എല്ലാം നിങ്ങൾ നന്നായി ചെയ്യുന്നുണ്ട്. പലതും നിങ്ങൾ തെളിയിച്ച് കഴിഞ്ഞു എന്നായിരുന്നു അഭിലാഷിനോട് മോഹൻലാൽ പറഞ്ഞത്.


Click it and Unblock the Notifications