ബിഗ് ബോസ് സീസൺ നാലിനായി കാത്തിരിക്കാം, അവതാരകനെ കുറിച്ചുള്ള സൂചന നൽകി ലാലേട്ടൻ
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബിഗ് ബോസ് മലയാളം സീസൺ 3യുടെ വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ മണിക്കുട്ടനാണ് സീസൺ 3യുടെ വിജയി ആയിരിക്കുന്നത്. വോട്ടിങ്ങിലൂടെയാണ് ഇക്കുറി വിജയികളെ കണ്ടെത്തിയിരിക്കുന്നത്. മണിക്കുട്ടന് തൊട്ട് പിന്നിൽ സായി വിഷ്ണുവാണ്. ഒന്നാം സ്ഥാനം പോലെ സായിയുടെ രണ്ടാം സ്ഥാനവും പ്രേക്ഷകർ പ്രവചിച്ചിരുന്നു. ഡിംപൽ, റംസാൻ, അനൂപ് എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ നേടിയത്. മാസങ്ങൾ നീണ്ടു നിന്ന കാത്തിരിപ്പിനൊടുവിലാണ് വിജയിയെ പ്രഖ്യാപിച്ചത്. ഫിനാലെ ഷൂട്ട് കഴിഞ്ഞതിന് പിന്നാലെ തന്നെ വിജയിയെ കുറിച്ചുള്ള സൂചന ലഭിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് ഔദ്യോഗികമായി ബിഗ് ബോസ് സീസൺ3 യുടെ വിജയിയെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫെബ്രുവരി 14ന് ആണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഷോ ആരംഭിച്ചത്. തുടക്കത്തിൽ14 പേരായിരുന്നു ഹൗസിലെത്തിയത്. പിന്നീട് നാല് പേരും കൂടി വൈൽഡ് കാർഡ് എൻട്രിയായി ഹൗസിലെത്തി. രമ്യ പുറത്ത് പോയതിന് ശേഷവും ഒരിക്കൽ കൂടി വൈൽഡ് കാർഡ് എൻട്രിയായി എത്തിയിരുന്നു. 91ാം ദിവസമാണ് രമ്യ വീണ്ടും പുറത്ത് പോകുന്നത്. അവശേഷിച്ച എട്ട് പേരുമായി മത്സരം പുരോഗമിക്കവെയാണ് ലോക്ക് ഡൗണിനെ തുടർന്ന് ഷോ അവസാനിപ്പിക്കുന്നത്. ഇത് പ്രേക്ഷകരിൽ ഏറെ നിരാശ സൃഷ്ടിച്ചിരുന്നു.
ബിഗ് ബോസ് സീസൺ 3 ഗംഭീരമായി അവസാനിച്ചതിന് പിന്നാലെ നാലാം ഭാഗത്തിനെ കുറിച്ചുള്ള സൂചനയും മോഹൻലാൽ നൽകിയിട്ടുണ്ട്. ഉടനെ തന്നെ നാലാം ഭാഗം ഉണ്ടാകുമെന്നാണ് നടൻ പറഞ്ഞിരിക്കുന്നത്. ഒരിക്കൽ കൂടി ബിഗ് ബോസ് ഹൗസിലെത്തിയതിന് ശേഷമാണ് സീസൺ 4നായുള്ള കാത്തിരിപ്പിനെ കുറിച്ച് താരം പറഞ്ഞത്. ''ഇനിയൊരു കാത്തിരിപ്പാണ്. സന്തോഷവും സങ്കടവും പ്രണയവും അടിപിടിയും കുശുമ്പും വന്ന് നിറയുന്നത് വരെ നമുക്ക് കാത്തിരിക്കാം. നമുക്ക് കാണാം കാണണം. ബിഗ് ബോസ് സീസൺ 4'' എന്ന് പറഞ്ഞ് കൊണ്ടാണ് മോഹൻലാൽ ഷോ അവസാനിപ്പിക്കുന്നത്. നാലാം ഭാഗം ഉണ്ടാകുമെന്നുള്ള സൂചനയാണ് താരത്തിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. കൂടാതെ ബിഗ് ബോസ് കന്നഡ പതിപ്പ് ആരംഭിക്കുകയാണ്.
ബിഗ് ബോസ് ഷോ നിർത്തി വെച്ചപ്പോൾ തന്നെ സീസൺ4 നെ കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. നാലാം ഭാഗം ഉടനെ ഉണ്ടാകുമെന്നും മോഹൻലാൽ ആയിരിക്കില്ല ഷോ അവതരിപ്പിക്കുക എന്നുമായിരുന്നു പ്രചരിച്ചത്. ലാലേട്ടന് ഷൂട്ടിംഗ് തിരിക്കിനെ തുടർന്നാണ് ഷോയിൽ നിന്ന് മാറി നിൽക്കുന്നതെന്നായിരുന്നു അന്ന് പ്രചരിച്ച റിപ്പോർട്ട്. മോഹൻലാലിന് പകരം മറ്റൊരു സൂപ്പർ താരം ഷോയുടെ അവതാരകനാവുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ലാലേട്ടന്റെ ഈ വാക്കുകൾ സീസൺ 4 ലും താരം തന്നെയാകും അവതാരകനാവുക എന്നുള്ള സൂചനയാണ്. എന്നാൽ ഇതിനെ കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കണമെങ്കിൽ കുറച്ച് കാത്തിരിക്കണം.


Click it and Unblock the Notifications











