'അനുവിനെ തള്ളിപ്പറഞ്ഞിട്ടില്ല, മാർഗമല്ല ലക്ഷ്യമാണ് പ്രധാനം, ഒരുപാട് അനുഭവിച്ചു, സിംപതിക്ക് പറയുന്നതല്ല'
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ഏറ്റവും നല്ല സൗഹൃദമെന്ന് തുടക്കത്തിൽ പ്രേക്ഷകർ കരുതിയിരുന്നത് അനുമോൾ-ശൈത്യ ഫ്രണ്ട്ഷിപ്പിനെയായിരുന്നു. എന്നാൽ അക്ബർ-ജിസേൽ-ആര്യൻ സൗഹൃദത്തെ കുറിച്ചുള്ള അനുവിന്റെ കമന്റ് മോഹൻലാൽ ഹൗസിൽ പ്ലെ ചെയ്തപ്പോൾ ശൈത്യ അനുവിനെ തള്ളിപ്പറഞ്ഞു. അനുവിനോട് സൗഹൃദം നടിക്കുകയും എന്നാൽ പല സാഹചര്യങ്ങളിലും ഒറ്റിക്കൊടുക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന രീതിയിലാണ് ശൈത്യ പെരുമാറുന്നതെന്നാണ് ബിബി പ്രേക്ഷകരുടെ അഭിപ്രായം.
നെഗറ്റീവ് ഇമേജാണ് അനുവുമായുള്ള വഴക്കിനുശേഷം പ്രേക്ഷകർക്കിടയിൽ ശൈത്യയ്ക്ക്. എന്നാൽ പാവം കുട്ടിയാണ് ശൈത്യയെന്നും ജെനുവിനായി തന്നെയാണ് ഹൗസിൽ കളിക്കുന്നതെന്നും പറയുകയാണിപ്പോൾ താരത്തിന്റെ മാതാപിതാക്കൾ.

ജീവിതത്തിൽ ഒരുപാട് വേദനകളും കഷ്ടപ്പാടുകളും അനുഭവിച്ചാണ് ബിഗ് ബോസ് ഷോയിൽ വരെ ശൈത്യ എത്തി നിൽക്കുന്നതെന്ന് വൺ ടു ടോക്ക്സിന് നൽകിയ അഭിമുഖത്തിൽ ശൈത്യയുടെ മാതാപിതാക്കൾ പറഞ്ഞു. ശൈത്യ ഹൗസിൽ എപ്പോഴാണോ ഉറങ്ങുന്നത് അപ്പോഴാണ് ഞങ്ങളും ഉറങ്ങുന്നത്. അവൾക്ക് കൃത്യമായി ഭക്ഷണമൊന്നും ഹൗസിൽ കിട്ടുന്നില്ലെന്നത് കൊണ്ടുതന്നെ ഞങ്ങളും വലുതായി ഭക്ഷണമൊന്നും ഉണ്ടാക്കാറില്ല ഇപ്പോൾ.
കഞ്ഞിപോലെ എന്തെങ്കിലും ഉണ്ടാക്കി കഴിക്കും. ഞങ്ങൾക്ക് ശൈത്യ മാത്രമേയുള്ളു. ഒറ്റമോളാണ്. പാവം മോളാണ്. ഹൗസിൽ നിങ്ങൾ കാണുന്നത് പോലെ തന്നെയാണ് ശൈത്യ. അവൾ ദൈവം ഞങ്ങൾക്ക് തന്ന നിധിയാണ്. ഒരു സൈലന്റായിട്ടുള്ള ആളാണ്. ജെനുവിനാണ്. വഴക്കുണ്ടാക്കുന്നിടത്ത് നിൽക്കാൻ ബുദ്ധിമുട്ടുള്ളയാളാണ്. അവൾ ഞങ്ങളെ വിട്ട് അധികം മാറി നിന്നിട്ടില്ല.
ഞങ്ങൾ ഒരു ഷോയിൽ പങ്കെടുത്ത് ട്രോഫി വാങ്ങാതെ ഇറങ്ങിപ്പോന്നത് ചർച്ചയായിരുന്നു. ഒരു വർഷത്തോളം നീണ്ടുനിന്ന ഷോയായിരുന്നു. ആ ഷോ മുഴുവനായും കണ്ടിട്ടുള്ളവർ ഒരിക്കലും ഞങ്ങളെ കുറ്റം പറയില്ല. ഞങ്ങൾ ഇറങ്ങിപ്പോകുന്ന പത്ത് സെക്കന്റ് വീഡിയോ മാത്രം കണ്ടിട്ടാണ് അഹങ്കാരിയായ അമ്മയും മകളും എന്ന് ഞങ്ങളെ ചിലർ വിളിക്കുന്നതും നെഗറ്റീവ് പറയുന്നതും. അവൾ ബോൾഡല്ലെന്ന് ഞങ്ങൾക്ക് തോന്നിയിട്ടില്ല.
അവൾക്ക് നേരെ ആരെങ്കിലും ശബ്ദമുയർത്തിയാൽ ശൈത്യ സംസാരിക്കും. ആദ്യത്തെ ആഴ്ചയിൽ ഒമ്പത് പേർ അവളെ നോമിനേറ്റ് ചെയ്തിരുന്നു. അതേ ആളുകളെ കൊണ്ട് മൂന്നാമത്തെ ആഴ്ചയിൽ ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് തന്റെ പേര് അവൾ പറയിപ്പിച്ചു. അത് അവളുടെ വലിയൊരു ക്വാളിറ്റിയല്ലേ. ബഹളമുണ്ടാക്കുന്നത് മാത്രമല്ലല്ലോ. ലൈഫ് സ്റ്റോറിയിൽ ശൈത്യ മുഴുവൻ അനുഭവങ്ങളും പറഞ്ഞിട്ടില്ല. ആര്യൻ ചിരിച്ചതിന് കുറ്റം പറയില്ല.

ഓരോരുത്തർക്ക് ഓരോ സാഹചര്യമല്ലേ. ചിരിക്കണമെന്ന് തോന്നിയപ്പോൾ ചിരിച്ചതാകും. പിന്നെ പണത്തിന്റെ ബുദ്ധിമുട്ടൊന്നും ഇല്ലാത്ത കുടുംബമാകും ആര്യന്റേത്. ശൈത്യ ഒരുപാട് അനുഭവിച്ചാണ് ഇവിടെ വരെ എത്തിയത്. ഞങ്ങളുടേത് ലവ് മാരേജായിരുന്നു. പതിനെട്ടും ഇരുപത്തിയൊന്നും വയസേ ഞങ്ങൾക്കുണ്ടായിരുന്നുള്ളു. കുടുംബത്തിൽ നിന്നും എതിർപ്പായിരുന്നു. ഡൽഹിയിൽ വെച്ചാണ് ഞങ്ങൾക്ക് ശൈത്യ പിറന്നത്. അന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കാലമായിരുന്നു.
നാട്ടിൽ തിരിച്ച് വന്നു. ശേഷം ബന്ധുക്കളുടെ വീട്ടിൽ വരെ താമസിക്കേണ്ട സാഹചര്യം വന്നു. അന്ന് ബിഗ് സീറോയായിരുന്നു ഞങ്ങൾ. ബന്ധുക്കളുടെ വീട്ടിൽ ജോലിക്കാരെയപ്പോലെയായിരുന്നു ഞങ്ങൾ ജീവിച്ചത്. ശൈത്യയെ സ്കൂളിൽ വിടാൻ ബാഗ് വാങ്ങാൻ പോലും പൈസയില്ലായിരുന്നു. നല്ല ഡ്രസ് പോലും ഇല്ലായിരുന്നു. ഇതൊന്നും ശൈത്യയ്ക്ക് സിംപതി കിട്ടാൻ പറയുന്നതല്ല.
പെൺകൊച്ച് പിറക്കാൻ വേണ്ടി ഞങ്ങൾ ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട്. അങ്ങനെയാണ് ശൈത്യ ജനിച്ചത്. ശൈത്യ അനുമോളെ തള്ളിപ്പറഞ്ഞിട്ടില്ല. ഹൗസിൽ എല്ലാവരും കൂടി താമസിക്കുന്ന സമയത്ത് ഒരാൾ വന്ന് മാറ്റി നിർത്തി ചോദിച്ചപ്പോൾ ആ സമയത്ത് അതൊന്നും കേട്ടിരുന്നില്ലെന്ന് ശൈത്യ പറഞ്ഞു അത്രമാത്രം. അവിടെ ആരും ആരെയും സപ്പോർട്ട് ചെയ്യാൻ പോയതല്ലല്ലോ. മാർഗമല്ല ലക്ഷ്യമാണ് പ്രധാനം. പിആർ വർക്ക് ചെയ്യുന്നവരാണ് ശൈത്യയെ ഓന്തെന്നും പിന്നിൽ നിന്നും കുത്തിയെന്നും പറയുന്നത്. ശൈത്യയ്ക്ക് പിആർ ഇല്ല.
അനുമോളിനോട് ശൈത്യയ്ക്കുള്ളത് ജെനുവിൻ സൗഹൃദമാണ്. സൈബർ ബുള്ളിയിങ് ഒരുപാട് വരുന്നുണ്ട്. അതുപോലെ വസ്ത്രം കിട്ടാതിരുന്നത് ശൈത്യയുടെ കോൺഫിഡൻസിനെ ബാധിച്ചിരുന്നു. എപ്പോഴും നന്നായി വസ്ത്രം ധരിച്ച് നടക്കുന്നയാളാണ്. വീട്ടിൽ ഇരിക്കുകയാണെങ്കിൽ പോലും ഒരു ദിവസം മൂന്നും നാലും പ്രാവശ്യം വസ്ത്രം മാറും. അങ്ങനൊരാളാണ് ഹൗസിൽ ഒരു വസ്ത്രം മൂന്ന് ദിവസം ഉപയോഗിച്ചതെന്നും മാതാപിതാക്കൾ പറഞ്ഞു.


Click it and Unblock the Notifications











