പ്രതിദിന പ്രതിഫലം മാത്രം 65 ലക്ഷം, സമ്മാനത്തുകയും കാറും, ബിഗ് ബോസ് ചരിത്രത്തിൽ ഇത് ആദ്യം; അനു സമ്പാദിച്ചത്!
ബിഗ് ബോസ് മലയാളം സീസൺ ഏഴിലേക്ക് പങ്കെടുക്കാൻ മനസില്ലാ മനസോടെയാണ് അനുമോൾ പോയത്. ഇത്തവണ പതിവിൽ നിന്നും വ്യത്യസ്തമായി അൽപ്പം വൈകി ഓണത്തോട് അനുബന്ധിച്ചാണ് ഏഴാം സീസൺ ആരംഭിച്ചത്. ഫെസ്റ്റിവൽ സീസണുകൾ കലാകാരന്മാർക്ക് പണം സമ്പാദിക്കാനുള്ള വലിയൊരു മാർഗമാണ്. സ്റ്റാർ മാജിക്കിലൂടെ പോപ്പുലറായ താരമാണെന്നതുകൊണ്ട് തന്നെ അനുവിന് ഓണം സീസണിൽ എല്ലാ വർഷവും ഒരുപാട് പ്രോഗ്രാമുകളും സ്റ്റേജ് ഷോകളുമെല്ലാം ഉണ്ടാകാറുണ്ട്.
അതുകൊണ്ട് തന്നെ ബിഗ് ബോസിലേക്ക് ക്ഷണം വന്നപ്പോൾ മത്സരിക്കാൻ പോകാൻ ആദ്യം മടിച്ചിരുന്നു. പിന്നീട് കുടുംബവുമായും സുഹൃത്തുക്കളുമായുമെല്ലാം ചർച്ച ചെയ്തശേഷമാണ് പങ്കെടുക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്.

നൂറ് ദിവസം ഹൗസിൽ പൂർത്താക്കി വിജയിയായി സീസൺ ഏഴ് ടൈറ്റിൽ ട്രോഫിയുമായാണ് അനു വീട്ടിലേക്ക് തിരികെ എത്തിയത്. ഇരുപത്തിയഞ്ച് മത്സരാർത്ഥികളാണ് ഈ സീസണിൽ ഉണ്ടായിരുന്നത്. ഷോ പകുതി ഘട്ടം പിന്നിട്ടപ്പോഴേക്കും തന്നെ അനുവായിരിക്കും ടൈറ്റിൽ നേടുകയെന്ന് ഒരു വിഭാഗം പ്രേക്ഷകർക്കും ചില മത്സരാർത്ഥികൾക്കും മനസിലായിരുന്നു. മാത്രമല്ല അനുവിന് ശക്തമായൊരു പിആർ ഉണ്ടെന്നും പ്രചരിച്ചിരുന്നു.
ഈ സീസണിൽ പങ്കെടുത്ത 25 പേരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയൊരാൾ അനുവാണ്. ഇപ്പോഴിതാ അനു നൂറ് ദിവസം ബിഗ് ബോസിൽ നിന്ന് ആകെ സമ്പാദിച്ച തുകയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഒരു കോടിക്ക് അടുത്ത് പണവും 24 ലക്ഷം രൂപ വരെ വിലയുള്ള കാറും അനു സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ.
നൂറ് ദിവസം ഹൗസിൽ നിന്നതുകൊണ്ട് മാത്രം അനു അറുപത് ലക്ഷത്തിന് മുകളിൽ പ്രതിദിന പ്രതിഫലവും കൂടാതെ ടൈറ്റിൽ വിന്നർ ക്യാഷ് പ്രൈസായ 42.55 ലക്ഷം രൂപയും നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മത്സരാർത്ഥിയുടെ പ്രശസ്തി, സെലിബ്രിറ്റി പദവി, ഒപ്പിട്ട കരാർ എന്നിവയെ ആശ്രയിച്ചാണ് പ്രതിദിന പ്രതിഫലം നിശ്ചയിക്കുന്നത്. ഈ സീസണിൽ ഏറ്റവും സെലിബ്രിറ്റി സ്റ്റാറ്റസുള്ള മത്സരാർത്ഥിയായിരുന്നു അനു.
കൂടാതെ വിക്ടോറിസ് കാറും അനുവിന് സമ്മാനമായി ലഭിച്ചു. ഈ സമ്മാന തുകയ്ക്ക് നിലവിലെ നിയമങ്ങൾ അനുസരിച്ച് ഏകദേശം മുപ്പത് ശതമാനം വരെ ടാക്സ് നൽകേണ്ടി വരുമെന്നും അത് കിഴിച്ചുള്ള തുകയായിരിക്കും അനുമോൾക്ക് ലഭിക്കുകയെന്നും പറയപ്പെടുന്നു. ശമ്പളത്തിനും സമ്മാനതുകയ്ക്കും പുറമെ വിജയിക്ക് സർപ്രൈസ് സമ്മാനമായാണ് കാർ ലഭിച്ചത്.

അതാണ് മാരുതി വിക്ടോറിസ് കാർ. ഈ കാറിന്റെ ഓൺ റോഡ് പ്രൈസ് ഏകദേശം 12 ലക്ഷം രൂപ മുതൽ 24 ലക്ഷം രൂപ വരെയാണ്. മോഡലും ഫീച്ചറുകളും അനുസരിച്ച് ഇതിന് മാറ്റം വരാം. അങ്ങനെ നോക്കുമ്പോൾ അനു ഒരു കോടിക്ക് മുകളിൽ ബിഗ് ബോസിലെ നൂറ് ദിവസം കൊണ്ട് സമ്പാദിച്ചിട്ടുണ്ടെന്ന് പറയേണ്ടി വരും. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ബിഗ് ബോസ് ചരിത്രത്തിൽ ഇത് ആദ്യമായാകും ഇത്ര വലിയൊരു തുക ഒരു മത്സരാർത്ഥിക്ക് ലഭിക്കുന്നത്.
സ്റ്റാർ മാജിക്കിന്റെ ഭാഗമായശേഷം ഉദ്ഘാടനങ്ങളും പ്രോഗ്രാമുകളുമായും നിരന്തരം തിരക്കുള്ള താരമാണ്. ബിഗ് ബോസ് ജയിച്ചശേഷം ഉദ്ഘാടനങ്ങളുടേയും പ്രമോഷന്റേയും പെരുമഴയാണ്. അതേസമയം ബിഗ് ബോസിൽ നിന്ന് എത്ര സമ്പാദിക്കാൻ കഴിയുമെന്ന് കൃത്യമായ കണക്ക് കൂട്ടലുകൾ ഉള്ളതുകൊണ്ടാകണം അനു പിആറിന് പതിനാറ് ലക്ഷം നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്.
ഒരു ലക്ഷം രൂപ അഡ്വാൻസായി അനു നൽകിയതായും പ്രചരിച്ചിരുന്നു. പതിനാറ് ലക്ഷത്തിന് പിആർ ഏൽപ്പിച്ചുവെന്ന് സമ്മതിച്ചില്ലെങ്കിലും പിആറിന് ഒരു ലക്ഷം നൽകിയിരുന്നുവെന്ന് ഷോയ്ക്ക് ശേഷം ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ അനു പറഞ്ഞിരുന്നു.


Click it and Unblock the Notifications











