ഒരു ഛര്‍ദ്ദി കോരുന്നതിന് 10 രൂപ കിട്ടും! അപ്പന്‍ മദ്യപാനി, അമ്മയെയും മക്കളെയുമൊക്കെ തല്ലും; ജിന്റോയുടെ കഥ
ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണില്‍ വിന്നര്‍ ആയി പ്രേക്ഷകര്‍ മനസ്സുകളില്‍ നിറഞ്ഞ താരമാണ് ജിന്റോ. സെലിബ്രേറ്റികള്‍ക്ക് അടക്കം ജിം ട്രെയിനറായി ശ്രദ്ധേയനായ ബിഗ് ബോസിലൂടെയാണ് തന്റെ ജീവിതകഥ കൂടുതലായും തുറന്നു പറഞ്ഞത്.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന കുടുംബത്തില്‍ നിന്നും ഒരു ജോലി എന്നതിനുവേണ്ടി ബാറില്‍ പണിയ്ക്ക് പോയതിനെ കുറിച്ചൊക്കെ താരം തുറന്നു സംസാരിച്ചിരുന്നു. ഇപ്പോഴിതാ ജിന്റോയുടെ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥ എഴുത്തുകാരന്‍ ജെറി പൂവക്കാല സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

'അന്ന് 10 പേര് ഛര്‍ദ്ദിക്കുവാന്‍ അവന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. കാരണം ഒരു ഛര്‍ദ്ദി കോരുന്നതിന് 10 രൂപ ആയിരുന്നു. അപ്പോൾ 10 എണ്ണം കോരിയാല്‍ 100 റുപ്പിക കിട്ടുമല്ലോ. ഇന്നത്തെ കഥ ജിന്റോയെ കുറിച്ചാണ്. ജിന്റോ കാലടി എറണാകുളത്ത് നിന്ന് വരുന്നു. 3 വയ്‌സുള്ളപ്പോഴും അവന്‍ ബള്‍ബിന്റെ വെട്ടമോ ഫാനിന്റെ കാറ്റോ എന്താണെന്നു അറിഞ്ഞിട്ടില്ല. അതിനൊരു കാരണമുണ്ട്. നാല് വയസ്സുള്ളപ്പോള്‍ ആണ് അവന്റെ വീട്ടില്‍ കറന്റ് കിട്ടുന്നത്.
അപ്പന്‍ ഒരു തികഞ്ഞ മദ്യപാനി. വീട്ടില്‍ ചെന്ന് അമ്മയെ തല്ലുക, കുട്ടികളെ തല്ലുക. ഇതെല്ലാം കണ്ട് നീറി ജീവിച്ചവന്‍. അമ്മ ബീഡി തെറുപ്പുകാരിയാണ്. ജീവിക്കാന്‍ വേണ്ടി ഓരോ വേഷങ്ങള്‍ കെട്ടി തുടങ്ങി. പിന്നെ റോഡ് പണിക്ക് പോകും. അമ്മയുടെ ഒരു കൈക്ക് സ്വാധീന കുറവുണ്ട്. അമ്മ ഒരു കൈകൊണ്ട് കൊട്ട ചുമന്ന് പണി ചെയ്യുന്നവള്‍. അവിടെ അവര്‍ തളര്‍ന്നു വീണു. അതിവന്റെ ഹൃദയത്തെ വല്ലാതെ തളര്‍ത്തി. ഈ ആറാം ക്ലാസില്‍ പഠിക്കുന്നവന്‍ എന്ത് ജോലിക്ക് പോകും.
അങ്ങനെ വീട്ടില്‍ റൂബിക്ക മരം ഉണ്ട്. ആ റൂബിക്ക (ലോലോലിക്ക) ഉപ്പിലിട്ട് അടുത്തുള്ള പെട്ടിക്കടയില്‍ കൊണ്ട് പോയി വില്‍ക്കും. അവര്‍ എന്തെങ്കിലുമൊക്കെ കൊടുക്കും. അങ്ങനെ നാട്ടിലെ റൂബിക്ക മരം എല്ലാം പാട്ടത്തിനെടുക്കാന്‍ തുടങ്ങി. റൂബിക്ക ആരും പാട്ടത്തിനെടുക്കില്ല. കാരണം അത് നിറയെ നീറാണ്. ഇവന്‍ നീറിന്റെ കടി കൊണ്ട് അത് പറിച്ചു വില്‍ക്കാന്‍ തുടങ്ങി. (ജീവിതത്തില്‍ പല നേട്ടങ്ങളും നാം നീറിന്റെ കടി കൊണ്ട് നീറുമ്പോള്‍ ആണ് ഉണ്ടാകുന്നത്) പക്ഷേ ഈ റൂബിക്ക എല്ലാ കൊല്ലവും കായ്ക്കുക ഇല്ല.
അപ്പോള്‍ പിന്നെയും ബുദ്ധിമുട്ട്. അന്ന് നാട്ടില്‍ വലിയ വീടുകളില്‍ മാര്‍ബിള്‍ ഇടുമായിരുന്നു. അവന്‍ അതിന്റെ പണിക്ക് ചെളി കോരാന്‍ പോകുന്ന ഒരു സഹായി ആയി. അങ്ങനെ പ്രാരാബ്ധം കാരണം ഒരാഴ്ച 3 ദിവസം മാത്രമേ പള്ളിക്കൂടത്തില്‍ പോകുവാന്‍ കഴിയുള്ളൂ. ടീച്ചറുമാര്‍ക്ക് വീട്ടിലെ സിറ്റുവേഷന്‍ നന്നായി അറിയാം. അതുകൊണ്ട് അവര്‍ കണ്ണടയ്ക്കും. പണ്ടത്തെ മൊസൈക് പണിക്ക് പോകുമ്പോള്‍ ഇന്നത്തെ പോലെ മെഷീന്‍ ഇല്ലാത്ത കാലം. അന്ന് അത് കൈ കൊണ്ട് ഉരയ്ക്കണം.
നമ്മുടെ നാടന്‍ കൈ ഉറ ഓരോ വിരലില്‍ കേറ്റിയിട്ട് ഒരക്കണം. അഞ്ച് വിരലുകളും പൊട്ടും. വൈകിട്ട് വന്നു മഞ്ഞപൊടി ഇടും. കാരണം പെട്ടെന്ന് മുറിവ് ഉണങ്ങി പിറ്റേദിവസം വീണ്ടും ഉരയ്ക്കുവാന്‍ പോകണം. അന്ന് സ്‌കൂള്‍ അവധിക്ക് രണ്ട് മാസം അവധി കിട്ടുമല്ലോ. അന്ന് അടുത്തുള്ള ഒരു ബാറില്‍ ജോലിക്ക് പോകും. ഒരാള്‍ ഛര്‍ദ്ദിക്കുമ്പോള്‍ അത് കോരുന്നതിന് 10 രൂപയാണ്.
അന്നത്തെ അവന്റെ പ്രാര്‍ത്ഥന 10 പേര് ഛര്‍ദ്ദിക്കണമേ എന്നാണ്. കാരണം 100 രൂപ കിട്ടും. അന്ന് ആ 100 രൂപക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. അങ്ങനെ റൂബിക്ക ഒക്കെ വില്‍ക്കുന്ന സമയത്ത് ചെറുപ്പത്തില്‍ നാട്ടിലെ ഒരു കരാട്ടെ ക്ലാസ് കാണുന്നത്. അവിടെ കരാട്ടെ പഠിക്കാന്‍ ചേര്‍ന്നു. അന്ന് റൂബിക്ക വിറ്റു കിട്ടുന്ന പൈസ കൊണ്ട് കരാട്ടെ പഠിച്ചു. 9 ല്‍ പഠിക്കുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ ബ്ലാക്ക് ബെല്‍റ്റുകാരന്‍ എന്ന ബഹുമതി അവന് കിട്ടി.
അന്ന് റൂബിക്ക കച്ചവടക്കാരന്റെ ഫോട്ടോ പത്രത്തില്‍ ആദ്യമായി വരുന്നു. അതൊരു പ്രോത്സാഹനം ആയിരുന്നു. പിന്നെ കുംഫുവിന് ബ്ലാക്ക് ബെല്‍റ്റ് നേടി. അപ്പോള്‍ സ്വന്തമായി ഒരു ക്ലാസ് തുടങ്ങിയാല്‍ നല്ലതായിരിക്കുമെന്ന് തോന്നി. അവിടെ നാട്ടിലുള്ള ഗുരു മന്ദിരത്തില്‍ വന്നു ക്ലാസ്സുകള്‍ ആരംഭിക്കുകയാണ്.
അങ്ങനെ ജീവിതത്തിന് അര്‍ത്ഥം വെച്ചു തുടങ്ങി. ടൈല്‍സ് പണിക്ക് ചെളി കോരാന്‍ പോയവന്‍ നല്ലൊരു ടൈല്‍ പണിക്കാരന്‍ ആയി. 100 പേര് തന്റെ കൂടെ പണിക്കുണ്ടായിരുന്നു. അങ്ങനെ പ്രീഡിഗ്രി പാസായി. ഇനിയും അടുത്തത് എന്ത് എന്ന് ചിന്തിക്കുമ്പോള്‍ പഞ്ചാബില്‍ നിന്ന് പള്ളിയിലെ അച്ഛന്‍ വിളിച്ചു. ഞാന്‍ നിനക്ക് സ്‌കൂളില്‍ ജോലി തരാം. അവിടെ കരോട്ടെ പഠിപ്പിക്കണം. അവിടെ 16 സെന്ററുകള്‍ ഇട്ടു. പഞ്ചാബി പെണ്‍കുട്ടികള്‍ കൂടുതല്‍ ഇതിനോട് താല്പര്യം കാണിച്ചു.
16 സെന്ററുകളില്‍ കൂടുതലും പെണ്‍കുട്ടികള്‍ ആണ് വന്ന് കരാട്ടെ പഠിച്ചത്. അങ്ങനെ റൂബിക്ക വിട്ടു, 25 പൈസ മേടിച്ച ചെക്കന്റെ കൈയില്‍ ചിന്തിച്ചതിലും നിനച്ചതിലും അധികമായി പണം വരുവാന്‍ തുടങ്ങി. അങ്ങനെ എങ്ങനെയെങ്കിലും നാട്ടില്‍ വരണമെന്നായി. അവര്‍ വിടുകയും ഇല്ല. അങ്ങനെയിരിക്കുമ്പോള്‍ പഞ്ചാബിലുള്ള എല്ലാവര്‍ക്കും ചിക്കന്‍ പോക്‌സ് പിടിപെട്ടു. ചിക്കന് പോക്‌സെങ്കിലും പിടിച്ചു നാട്ടില്‍ വരുവാന്‍ വേണ്ടി അവരുടെ തുണികള്‍ വരെ കഴുകി കൊടുക്കുമായിരുന്നു.
അങ്ങനെ നാട്ടില്‍ വന്നു ജിം തുടങ്ങി. അങ്ങനെ ലൈസന്‍സുള്ള ട്രെയിനര്‍ ആയി. ഇന്റര്‍നാഷനല്‍ ലെവലിലുള്ള സര്‍ട്ടിഫൈഡ് ട്രെയിനര്‍ ആയി . 800 ട്രെയിനറുമാരെ വിദേശത്ത് തന്റെ സര്‍ട്ടിഫിക്കറ്റുകൊണ്ട് വിട്ടു. മറ്റുള്ളവര്‍ രക്ഷപ്പെടുക, അതായിരുന്നു അവന്റെ മനസ്സിന് കിട്ടിയ ഏറ്റവും വലിയ സന്തോഷം. അങ്ങനെ നമ്മുടെ നാട്ടുകാരുടെ കളികള്‍ തുടങ്ങി. നമ്മള്‍ ഒരുവനെ വളര്‍ത്തിയില്ലെങ്കിലും തളര്‍ത്താന്‍ മിടുക്കര്‍ ആണല്ലോ. അങ്ങനെ പലവേദികളില്‍ നിന്നും ആളുകളുടെ കളികള്‍ ( കളിക്കാരന്മാര്‍ എല്ലായിടത്തും ഉണ്ട് , കുടുംബത്തില്‍, നാട്ടില്‍, ഓഫീസില്‍, പള്ളിയില്‍, പട്ടക്കാരില്‍, അമ്പല കമ്മിറ്റിയില്‍) നിമിത്തം അംഗീകാരങ്ങള്‍ നഷ്ടപെട്ടു.
ഒരു ആക്‌സിഡന്റ് ഉണ്ടാവുന്നു. ഡോക്ടര്‍ പറഞ്ഞു നീ ഇനിയും നിന്റെ രണ്ട് കൈ കൊണ്ട് ജിം ചെയ്യരുത്. ചെയ്താല്‍ കൈ ഒടിഞ്ഞു പോകും എന്ന്. അങ്ങനെ ജിമ്മില്‍ പോയി ഇരിക്കും. മെല്ലെ മെല്ലെ വര്‍ക്ക്ഔട്ട് ചെയ്യാന്‍ തുടങ്ങി. നല്ല ഒരു ബോഡി ബില്‍ഡര്‍ ആയി. സൗത്ത് ഇന്ത്യയില്‍ വിന്നര്‍ ആയി. ഗോള്‍ഡ് മെഡല്‍ കിട്ടി. അന്നത്തെ പത്രങ്ങളില്‍ എല്ലാം ഫോട്ടോ വന്നു. ആ ഫോട്ടോയുമായി നേരെ ആ
ഡോക്ടറിന്റെ അടുക്കലേക്ക് ആണ് അവന്‍ പോയത്.

ഡോക്ടറെ ഞാന്‍ ഗോള്‍ഡ് മെഡല്‍ വിന്നറായി , ആണോ, ശരി എന്നിട്ട് പറഞ്ഞു ഡോക്ടറെ നിങ്ങളുടെ അടുക്കല്‍ വരുന്നവരെ നിങ്ങള്‍ തളര്‍ത്തരുത്. താങ്കള്‍ പറയുന്നത് പോലെ ഞാന്‍ ഇരുന്നെങ്കില്‍ എനിക്ക് ഇത് നേടി എടുക്കാന്‍ സാധിക്കില്ലായിരുന്നു. ഡോക്ടര്‍ ദേഷ്യപ്പെട്ടു താന്‍ ഒന്ന് വെച്ചിട്ട് പോടോ എന്ന് പറഞ്ഞു.
പ്രിയപ്പെട്ടവരേ നമ്മളെ ജീവിതത്തില്‍ വളര്‍ത്തുവാന്‍ നമ്മള്‍ മാത്രമാണ് ഉള്ളതെന്നുള്ള യാഥാര്‍ത്ഥ്യം നിങ്ങള്‍ മനസ്സിലാക്കണം. നമ്മളെ കണ്ടു ചിരിക്കുന്ന പല മുഖങ്ങളും അവര്‍ അവരുടെ കാര്യ സാധ്യത്തിന വേണ്ടി മാത്രമാണ് നമ്മളോടു ഇടപെടുന്നതെന്ന് മനസ്സിലാക്കണം. ഞാന്‍ ജീവിതത്തില്‍ മനസ്സിലാക്കിയ ഒരു കാര്യം. നമ്മള്‍ ഏറുകൊണ്ട് വീണു കിടക്കുമ്പോള്‍ പലരും സഹതാപിക്കുവാന്‍ വരും. പക്ഷേ തിരിച്ചെഴുന്നേറ്റു എന്നറിയുമ്പോള്‍ അവര്‍ നിങ്ങളെ വീണ്ടും എറിഞ്ഞു വീഴ്ത്തുവാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.
അവന്മാരോട് ജീവിതത്തില്‍ നിന്ന് ഇറങ്ങി പോവാന്‍ പറയണം. നാട്ടുകാരായാലും, ബന്ധുക്കളായാലും നിങ്ങള്‍ ഈ ഭൂമിയിലേക്ക് വന്നത് ഒറ്റയ്ക്കാണ്. പോകുന്നതും ഒറ്റയ്ക്കാണ്. അതുകൊണ്ടല്ലേ ചത്തു കിടക്കുമ്പോള്‍ മാത്രം നല്ല വാക്ക് പറയുന്നത്. അവന്‍ ജീവിച്ചിരിക്കുമ്പോള്‍ ആ നല്ല വാക്കുകള്‍ പറഞ്ഞിരുന്നെങ്കില്‍ അവന്‍ കുറച്ച് കൂടി ജീവിച്ചേനേം. നമുക്ക് ഒരുവന്റെ വളര്‍ച്ചയെക്കാള്‍ തളര്‍ച്ച കാണുവാനാണ് ഇഷ്ടമെങ്കില്‍ നമ്മളൊരു വലിയ ദുരന്തമാണ്.
നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ ഈ ഭൂമിയില്‍ നല്ല മനുഷ്യരായിട്ടുള്ളൂ. നിങ്ങളും ആ നല്ല മനുഷ്യരുടെ കൂട്ടത്തില്‍ പെടണം. നന്മ ചെയ്തു കൊണ്ടിരിക്കണം. ലോകം നിങ്ങളെ ആദരിക്കുന്ന ഒരു ദിവസം വരും. ഇപ്പോള്‍ ഛര്‍ദില് കോരി ആണെങ്കിലും റൂബിക്ക കച്ചവടക്കാരന്‍ ആണെങ്കിലും നീ ഭയപ്പെടേണ്ട. ഭ്രമിക്കേണ്ട, നിന്റെ ജീവിതത്തിലും ഉയര്‍ച്ച വരും. നീ ഒരു ചരിത്രമായി മാറും. ആ ചരിത്രം വിജയത്തിന്റെ കഥ പറയും. ഒരു കണ്ണ് കണ്ടിട്ടില്ല, ഒരു ചെവി കേട്ടിട്ടില്ല. ആരുടെയും ഹൃദയത്തില്‍ തോന്നാത്ത നിലയില്‍ നിങ്ങളെ ദൈവം മാനിക്കും.'


Click it and Unblock the Notifications