ഹൃദയം നുറുങ്ങുന്നു; സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചപ്പോൾ 10 ലക്ഷം തന്നു, ആഗ്രഹിച്ചപ്പോൾ ചേർത്ത് പിടിച്ചു!
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും വ്യവസായിയുമായ സിജെ റോയിയുടെ മരണ വാർത്ത വിശ്വസിക്കാനാവാത്ത സാഹചര്യത്തിലൂടെയാണ് മലയാളികൾ കടന്ന് പോകുന്നത്. ഒട്ടനവധി നിർധനർക്ക് കൈതങ്ങായിരുന്ന വ്യക്തിത്വമായിരുന്നു. മിനിസ്ക്രീൻ റിയാലിറ്റി ഷോകളുടെ സമ്മാനത്തുക സ്പോൺസറായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയപ്പോൾ മുതൽ കുടുംബപ്രേക്ഷകർക്ക് സിജെ റോയിയയുടെ മുഖം സുപരിചിതമാണ്. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ പ്രധാന സ്പോൺസർമാരിൽ ഒരാൾ കോൺഫിഡന്റ് ഗ്രൂപ്പായിരുന്നു.
ഏഴാം സീസണിലെ ഫസ്റ്റ് റണ്ണറപ്പ് അനീഷ് സിജെ റോയിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച തന്നെ തക്ക സമയത്ത് സഹായിച്ച വ്യക്തിത്വമാണ് സിജെ റോയിയെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ അനീഷ് പറഞ്ഞു.

അദ്ദേഹത്തിന്റെ മരണ വാർത്ത എനിക്ക് വല്ലാത്തൊരു ഷോക്കായിരുന്നു. കോടന്നൂർ എന്നെ ചെറിയ ഗ്രാമത്തിൽ നിന്നും വന്ന സാധാരണക്കാരനായ എന്നെ ചേർത്ത് പിടിക്കാൻ അദ്ദേഹം വലിയ മനസ് കാണിച്ചു. ആ മനസ് ഞാൻ നേരിട്ട് അറിഞ്ഞിട്ടുള്ളതാണ്. ഇത്രയും പ്രശസ്തനായ എല്ലാവരും ആരാധിക്കുന്ന ബിസിനസ് ടൈക്കൂൺ ആയ ഒരാൾ ഇങ്ങനെ ചെയ്തുവെന്ന് അറിഞ്ഞപ്പോൾ ശരിക്കും അതൊരു ഷോക്കിങ് ന്യൂസായിരുന്നു.
ബിഗ് ബോസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഒരുപാട് വന്നും ഫോൺ വിളിച്ചും എന്നോട് സംസാരിച്ചിരുന്നു. അനീഷ് വിജയിക്കുമെന്ന് കരുതിയിരുന്നു. വോട്ട് ചെയ്തിരുന്നു എന്നെല്ലാം എന്നോട് പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ ജയിക്കാൻ കഴിയാതെ പോയതിൽ എനിക്ക് ഒരു മാനസീക വിഷമം ഉണ്ടായിരുന്നു.
കഠിനമായ മാനസീക സമ്മർദ്ദം അനുഭവിക്കുകയായിരുന്നു ഞാനപ്പോൾ. എന്തേ നിനക്ക് കിട്ടിയില്ലെന്ന് ഞാനറിയുന്ന ഭൂരിഭാഗവും എന്നോട് വിലപിക്കുമ്പോൾ എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു. സത്യമായിട്ടും അറിയില്ലായിരുന്നു. അത് കേൾക്കുമ്പോഴുള്ള വേദന എന്നിൽ തന്നെ കുമിഞ്ഞ് കൂടുമ്പോൾ മാനസിക ആരോഗ്യം തകരാതിരിക്കാൻ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു.
അങ്ങനെ പോകവേ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് വളരെ സർപ്രൈസായി എന്നെ ചേർത്ത് പിടിച്ച ആളായിരുന്നു റോയ് സർ. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. ആ സ്നേഹത്തിന് മുന്നിൽ നിന്നതും മറക്കാനാവുന്നതല്ല. അല്ലെങ്കിലും ഒരു പരിചയവുമില്ലാത്ത എന്നെപ്പോലെ എത്ര പേരെ സാർ ചേർത്ത് പിടിച്ചിരിക്കും. ബിഗ് ബോസിൽ പങ്കെടുക്കും മുമ്പ് അധികമാർക്കും എന്നെ അറിയില്ലായിരുന്നു.

ബിഗ് ബോസിൽ പോയി മത്സരിക്കാനുള്ള ഡ്രസ് അടക്കമുള്ള എല്ലാ ചിലവുകളും ഞാൻ സ്വമേധയയാണ് വഹിച്ചത്. അതിനാൽ തന്നെ എനിക്ക് ചില സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. രണ്ട് വർഷക്കാലമായി ജോലിയിൽ നിന്നും ലീവെടുത്തിരിക്കുകയുമാണ്. ഫിനാഷ്യൽ സ്റ്റെബിലിറ്റിയും ഒട്ടും ഉണ്ടായിരുന്നില്ല. അങ്ങനെ ബുദ്ധിമുട്ടിയിരിക്കുന്ന സമയത്താണ് റോയ് സാർ എന്നെ വിളിക്കുന്നതും പത്ത് ലക്ഷം രൂപ സമ്മാനിക്കുകയും ചെയ്തത്.
അത് കിട്ടിയപ്പോഴുള്ള സന്തോഷം വളരെ വലുതായിരുന്നു. ആഗ്രഹിച്ച സമയത്ത് ചേർത്ത് പിടിച്ചു. കോഴിക്കോട് വെച്ചാണ് അദ്ദേഹത്തെ കണ്ടതും സംസാരിച്ചതും. പിന്നീട് കാണാമെന്ന് പറഞ്ഞാണ് പിരിഞ്ഞത്. ഫെബ്രുവരിയിൽ അദ്ദേഹത്തെ കാണണമെന്ന് എനിക്കുണ്ടായിരുന്നു. വാർത്ത അറിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു.
അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയാൻ എന്റെ വീട്ടിലേക്കും ഒരുപാട് പേർ വരുന്നുണ്ടെന്നും അനീഷ് പറഞ്ഞു. റഹ്മാനും ഭാവനയും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന പുതിയ ചിത്രം അനോമിയുടെ നിർമാണ പങ്കാളി കൂടിയാണ് സിജെ റോയ്. സിനിമ റിലീസിന് തയ്യാറെടുക്കവെയാണ് റോയിയുടെ മരണ വാർത്ത പുറത്ത് വന്നത്.


Click it and Unblock the Notifications











