രജിത്തിനെതിരെ കേസ് കൊടുക്കണോ? എന്ത് ശിക്ഷ ലഭിക്കും? ഹൗസിൽ നിന്നുളള രേഷ്മയുടെ ഫോൺ സംഭാഷണം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിഗ് ബോസ് ഹൗസിൽ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത് . ടാസ്ക്കിനിടെ ഡോക്ടർ രജിത് കുമാർ രേഷ്മയുടെ കണ്ണിൽ മുളകിന്റെ പേസ്റ്റ് തേച്ചത് ഹൗസിന് അകത്തു മാത്രമല്ല പുറത്തും വലിയ ചർച്ചയായിരുന്നു. തുടർന്ന് രജിത് കുമാർ ഷോയിൽ നിന്ന് താൽക്കാലികമായി പുറത്തു പോകുകയും ചെയ്തിരുന്നു. ഏഷ്യനെറ്റിന്റെ തിരക്കഥയാണ് ഈ മുളക് തേയ്ക്കൽ എന്ന തരത്തിലുള്ള കഥകൾ പ്രചരിച്ചിരുന്നു. അതിന് കൃത്യമായ മറുപടിയും വാരാന്ത്യം എപ്പിസോഡിൽ രജിത് കുമാർ തന്നെ പറഞ്ഞിട്ടുമുണ്ട്.
ബിഗ് ബോസ് ഷോയുടെ ഏറ്റവും നിർണ്ണായകമായ വാരാന്ത്യം എപ്പിസോഡായിരുന്നു ഇന്നലത്തേത്. രജിത് കുമാർ തന്നെയായിരുന്നു എപ്പിസോഡിലെ പ്രധാന ചർച്ച. വിഷയത്തിൽ ഒരു തീരുമാനം എടുക്കാൻ രേഷ്മയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുകയായിരുന്നു ബിഗ് ബോസ്. വീട്ടുകാരുമായി സംസാരിക്കാനുളള അവസരവും ബിഗ് ബോസ് നൽകിയിരുന്നു.

മോഹൻലാൽ എത്തുന്നതിനും മുൻപ് തന്നെ രേഷ്മയെ ബിഗ് ബോസ് കൺഫഷൻ റൂമിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. രജിത്ത് കുമാറുമായുളള വിഷയത്തിൽ നിയമ നടപടി സ്വീകരിക്കുന്നുണ്ടോ എന്നതിനെ കുറിച്ച് ബിഗ് ബോസ് ചോദിച്ചു. തുടർന്ന് അച്ഛനുമായി ഫോണിൽ സംസാരിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്തു.

ബിഗ് ബോസ് ചേദിച്ചത് പ്രകാരം കേസ് കൊടുക്കുന്നതിനെ കുറിച്ചും നിയമ വശങ്ങളെ കുറിച്ചും രേഷ്മ അച്ഛനോട് തിരക്കി. ബിഗ് ബോസ് തന്നോട് കേസ് കൊടുക്കുന്നുണ്ടോ എന്ന് ചോദിച്ചെന്നും എന്താണ് ചെയ്യേണ്ടതെന്നും രേഷ്മ അച്ഛനോട് ചോദിക്കുന്നു. എന്നാൽ രേഷ്മയുടെ ഇഷ്ടം പോലെ ചെയ്യാമെന്നായിരുന്നു ആദ്യം അച്ഛൻ മറുപടി നൽകിയത്.

കേസ് കൊടുത്താൽ എന്താണ് സംഭവിക്കുക എന്നതായിരുന്നു അടുത്ത ചോദ്യം. ലഭിക്കുന്ന ശിക്ഷയെ കുറിച്ചും ചോദിച്ചു. കുറച്ചു നാൾ അയാൾ കോടതി കയറി ഇറങ്ങുമെന്നും ആറു മാസത്തോളം ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അച്ഛൻ പറയുന്നു. സംഭവം അറിഞ്ഞയുടൻ തന്നെ തങ്ങൾ അങ്ങോട്ട് വരാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ യാത്ര മുടക്കേണ്ടി വന്നുവെന്നും രേഷ്മയോട് അച്ഛൻ പറഞ്ഞു.

തമാശയ്ക്കാണെന്ന് പറയുമ്പോഴും ചെയ്ത കാര്യമല്ലേ, എന്താണ് ചെയ്യേണ്ടതെന്ന് രേഷ്മ ചോദിച്ചു. ആരൊക്കെയോ പ്രൈവറ്റായി കേസ് കൊടുത്തിട്ടുണ്ടെന്ന് പറയുന്നത് കേട്ടിട്ടുണ്ടെന്നും അച്ഛൻ പറഞ്ഞു. അയാള്‍ പറയുന്നത് ശരിയാണെന്ന് പറയേണ്ടതില്ല, മാപ്പ് പറയുകയാണെങ്കില്‍ കേസ് കൊടുക്കേണ്ടെന്ന് അച്ഛന്‍ രേഷ്മയോട് പറയുന്നു. ഇത് കേട്ട രേഷ്മ ഇത്രമാത്രമേ ചോദിക്കാനുള്ളൂ എന്ന് പറഞ്ഞ് ഫോൺ അവസാനിപ്പിക്കുകയാണ്. ഫോൺ സംഭാഷണം അവസാനിച്ച ശേഷം, സംസാരിച്ച കാര്യങ്ങൾ മറ്റുള്ളവരോട് പറയരുതെന്ന് നിർദ്ദേശിച്ചതിന് ശേഷം രേഷ്മയോട് പൊയ്ക്കോളാൻ പറഞ്ഞു. ഈ സംഭവത്തിന് ശേഷമാണ് ഷോ ആരംഭിക്കുന്നത്.


Click it and Unblock the Notifications