കൈ ശോഷിച്ചു വന്നു, അവന് ജീവിതം അവസാനിപ്പിക്കാന്‍ തോന്നി; അര്‍ജുന്റെ അസുഖത്തെക്കുറിച്ച് അമ്മ
ബിഗ് ബോസ് സീസണ്‍ 6ലെ കൂടുതല്‍ ഫാന്‍സുള്ള മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അര്‍ജുന്‍. ബിഗ് ബോസ് വീട്ടില്‍ വന്ന സമയത്ത് തന്നെ സ്വയം പരിചയപ്പെടുത്തുമ്പോള്‍ അര്‍ജുന്‍ തനിക്കുള്ള അസുഖത്തെക്കുറിച്ചും സംസാരിച്ചിരുന്നു. തന്റെ കൈ ശോഷിച്ചു പോകുന്ന അസുഖമാണെന്ന് അര്‍ജുന്‍ തുറന്നു പറഞ്ഞിരുന്നു. വര്‍ക്കൗട്ടും മറ്റും എടുത്ത് സെറ്റായിട്ടാണ് ഇപ്പോള്‍ പോകുന്നത് എന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ അര്‍ജുന്റെ അസുഖത്തെക്കുറിച്ച് അര്‍ജുന്റെ കുടുംബം തന്നെ തുറന്നു പറയുകയാണ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്റെ അമ്മ, അച്ഛന്‍, ചേച്ചി എന്നിവരാണ് അഭിമുഖത്തില്‍ സംസാരിച്ചത്.

അര്‍ജുനായാലും അര്‍ജുന്റെ ചേച്ചിയായാലും ചെറുപ്പം തൊട്ടേ നല്ല ബോഡി വെയിറ്റുള്ള ആളുകളായിരുന്നു. ഒന്‍പതാം ക്ലാസിലൊക്കെ ആയപ്പോഴേക്കും നല്ല ബോഡി വെയിറ്റ് ആയപ്പോള്‍ ജിമ്മില്‍ കൊണ്ട് ചെന്നാക്കി. മോള്‍ അത്‌ലറ്റ് ആണ്. അര്‍ജുനും ചെറുപ്പത്തില്‍ അത്‌ലറ്റ് ആയിരുന്നു. ജൂഡോ നാഷണല്‍ ലെവലില്‍ പോയിരുന്നുവെന്നും അമ്മ പറയുന്നു.
എല്ലാവരും തടിയാ, അമ്മാവാ എന്നൊക്കെ വിളിച്ച് കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ അവന് വിഷമമാവാന്‍ തുടങ്ങി. ജിമ്മില്‍ കൊണ്ട് ചെന്ന് ആക്കിയപ്പോള്‍ ട്രെയിനറോട് ഞാന്‍ പറഞ്ഞിരുന്നു ചെറിയ കുട്ടിയാണ് ട്രെഡ് മില്ലില്‍ മാത്രം ചെയ്യിച്ചാല്‍ മതി, വെയിറ്റ് എടുപ്പിക്കേണ്ടെന്ന്. പ്ലസ് ടു ഒക്കെ എത്തിയപ്പോഴേക്കും ശരീരം അവന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഭക്ഷണം കണ്‍ട്രോള്‍ ചെയ്യാന്‍ ഒക്കെ തുടങ്ങി.
ഇടയ്ക്ക് അവന് കൈക്ക് ചെറിയ വിറയല്‍ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ വറ്റ് ഇങ്ങനെ വഴുതി പോകുമായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. അങ്ങനെ ടിഫിന്‍ ബോക്‌സില്‍ ചോറ് വേണ്ട കഴിക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞ് ഇലയില്‍ കൊടുത്തു വിടാന്‍ തുടങ്ങി.
പിന്നെ അവന് പരീക്ഷയൊന്നും എഴുതാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞു. അങ്ങനെ നോക്കുന്ന സമയത്ത് അവന്റെ മുട്ടിന് കീഴെ ശോഷിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. കോട്ടയത്ത് ആശുപത്രിയില്‍ കൊണ്ടു പോയി എംആര്‍ഐ എടുത്തപ്പോള്‍ അവര്‍ അവര്‍ എറണകുളത്തേക്ക് കൊണ്ടു പോകാന്‍ പറഞ്ഞു. കൈയ്യിന്റെ ആയിരുന്നു ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ മാനസികമായി അവന്‍ പെട്ടെന്ന് ഡൗണ്‍ ആവാന്‍ തുടങ്ങി.
എറണാകുളം അമൃതയില്‍ കൊണ്ടു പോയി വിശദമായി പരിശോധിച്ചു. അപ്പോഴും എന്താണെന്ന് കണ്ടു പിടിക്കാന്‍ പറ്റിയില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. മകന് എല്ലാ യോഗ്യതകളുമില്ലേ, കാണാന്‍ ഭംഗിയില്ലേ? അപ്പോള്‍ എന്തെങ്കിലും ഒരു കുറവു വേണ്ടേ? എല്ലാം തികഞ്ഞവര്‍ ആരുമില്ലന്നാണ് അന്ന് ഡോക്ടര്‍ പറഞ്ഞത്.
അത് കഴിഞ്ഞ് കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ കൊണ്ടുപോയി ഉഴിയിയിച്ചൊക്കെ കഴിഞ്ഞപ്പോഴാണ് പേനയൊക്കെ എടുത്ത് എഴുതാന്‍ സാധിച്ചത്. ഇടക്ക് കുറച്ച് കാലം കൃത്യമായി വര്‍ക്കൗട്ടും കാര്യങ്ങളുമൊക്കെ എടുത്തു. ആ സമയത്ത് കോളേജില്‍ നിന്ന് മാറി നിന്നിട്ടാണ് ഇതെല്ലാം ചെയ്തത്. ഇപ്പോള്‍ കുഴപ്പമില്ലാതെ പോകുന്നുവെന്നും അര്‍ജുന്റെ അമ്മ പറഞ്ഞു.
അവന്‍ ഒരു കാലത്ത് മിസ്റ്റര്‍ കോട്ടയം ഒക്കെ ആയിരുന്നതാണ്. ട്രൈസപ്‌സും ബൈസപ്‌സും കുറയാന്‍ തുടങ്ങിയതോടെയാണ് ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് അര്‍ജുന്റെ ചേച്ചി പറഞ്ഞു. കൈ കൊണ്ടുള്ള ആക്ടിവിറ്റീസ് കൂട്ടുക, വര്‍ക്കൗട്ട് ചെയ്യുക എന്നീ രണ്ട് കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ ഉണ്ടായിരുന്നുള്ളു. ശരീര ഭാരം ഒരു ലെവലില്‍ നിന്ന് കുറഞ്ഞാല്‍ അത് വല്ലാതെ ബാധിക്കുമെന്ന് ചേച്ചിയും പറഞ്ഞു.

നിലവില്‍ ശ്രദ്ധിച്ച് പോകുന്ന സാഹചര്യമാണെന്നും ചേച്ചി പറഞ്ഞു. അസുഖം വന്ന സമയത്ത് വല്ലാതെ തളര്‍ന്നു പോയിരുന്നു. ജീവിതം അവസാനിപ്പിച്ചേക്കാം എന്ന് വരെ അവന്‍ കരുതിയിരുന്നതാണെന്നും അമ്മ പറയുന്നു. അഭിനയവും മോഡലിംഗും ഒക്കെയാണ് അര്‍ജുന് താത്പര്യം പഠനം കഴിഞ്ഞിട്ട് അതില്‍ ഒക്കെ പൊയ്‌ക്കോളാനാണ് ഞാന്‍ പറഞ്ഞത്.
അഭിനയം മുന്നില്‍ കണ്ട് തന്നെയാണ് ബിഗ് ബോസില്‍ കിട്ടിയപ്പോള്‍ പോവാന്‍ തീരുമാനിച്ചതും. നേരത്തെ ബിഗ് ബോസില്‍ കിട്ടാനും അവന്‍ ആഗ്രഹിച്ചിരുന്നു. അതുപോലെ തന്നെ മോഹന്‍ലാലിനെ കാണാനും. അവന് മോഹന്‍ ലാലിനെ ഭയങ്കര ഇഷ്ടമാണെന്നും അര്‍ജുന്റെ അമ്മ പറഞ്ഞു.


Click it and Unblock the Notifications