കുട്ടികളും ഭര്‍ത്താവുമായി കഴിയുന്ന ദാമ്പത്യം ആഗ്രഹിച്ചു; ഭര്‍ത്താവിന്റെ വേര്‍പാടിനെ കുറിച്ച് നടി പവാനി റെഡ്ഡി
കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിന്റെ അഞ്ചാം സീസണ്‍ ആണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ മൂന്ന് മുതലാണ് തമിഴിലെ പുതിയൊരു ബിഗ് ബോസ് സീസണ്‍ ആരംഭിച്ചത്. ഈ സീസണിലെ ഏറ്റവും ശക്തരായ മത്സരാര്‍ഥികള്‍ ആരൊക്കെയാവും എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകരും. ഒടുവില്‍ നടി പവാനി റെഡ്ഡിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച് ആരാധകരും രംഗത്ത് വന്നു. തമിഴിലും തെലുങ്കിലും സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരസുന്ദരിയാണ് പവാനി റെഡ്ഡി.
ഈ സീസണിലെ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ പവാനിയും എത്തിയിരിക്കുകയാണ്. ഷോ യില്‍ എത്തിയതിന് പിന്നാലെ തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ തകര്‍ച്ചയെ പറ്റിയും അപ്രതീക്ഷിതമായിട്ടുള്ള ഭര്‍ത്താവിന്റെ വേര്‍പാടിനെ കുറിച്ചും നടി സൂചിപ്പിച്ചിരിക്കുകയാണ്. വീടിനുള്ളില്‍ നിന്നും സഹമത്സരാര്‍ഥിയുമായി സംസാരിക്കവേയാണ് ഭര്‍ത്താവിനെ കുറിച്ച് പവാനി പറയുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് നടിയുടെ വാക്കുകള്‍ വൈറലാവുകയും ചെയ്തു.

ഹിന്ദി സിനിമയില്‍ അഭിനയിച്ച് കൊണ്ടാണ് പവാനി റെഡ്ഡി കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് തെലുങ്കിലും തമിഴിലും സജീവമായി. ഇതിനിടയിലാണ് ടെലിവിഷന്‍ സീരിയലുകളിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നെ സീരിയലുകളിലായിരുന്നു കൂടുതലും തിളങ്ങിയത്. 2016 ലായിരുന്നു തെലുങ്ക് നടന്‍ പ്രദീപ് കുമാറും പവാനിയും തമ്മില്‍ ഇഷ്ടത്തിലാവുന്നത്. തമിഴിലെ പാസമലര്‍ എന്ന ടെലിവിഷന്‍ സീരിസില്‍ ഇരുവരും അഭിനയിച്ചതോടെയാണ് ഇഷ്ടത്തിലാവുന്നത്. 2016 നവംബറില്‍ തന്നെ ഇരുവരുടെയും വിവാഹനിശ്ചയം ഹൈദരാബാദില്‍ വെച്ച് നടത്തി.
2017 ഫെബ്രുവരി പതിനാല് വാലന്റൈന്‍സ് ദിനത്തിലായിരുന്നു പ്രദീപും പവാനിയും തമ്മിലുള്ള വിവാഹം നടന്നത്. ശേഷം മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രദീപ് ആത്മഹത്യ ചെയ്യുകയായിരുന്നു. മേയ് പതിനേഴിനായിരുന്നു താരത്തിന്റെ മരണം. മൂന്ന് മാസം നീണ്ട ദാമ്പത്യ ജീവിതം അവിടെ അവസാനിച്ചു. 'അദ്ദേഹത്തിന്റെ മരണം തന്നെ വല്ലാതെ ഞെട്ടിച്ചിരുന്നു എന്നാണ് പവാനി പറയുന്നത്. കുട്ടികളും കുടുംബവുമായി സന്തോഷകരമായ ജീവിതമായിരുന്നു താന്‍ ആഗ്രഹിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു. അന്ന് താന്‍ മാനസികമായി വല്ലാതെ തകര്‍ന്ന് പോയിരുന്നു എന്നും പവാനി പറയുന്നു.
അതേ സമയം ഭര്‍ത്താവിന്റെ വിയോഗത്തെ അതിജീവിച്ചത് എങ്ങനെയാണ് എന്നതിനെ കുറിച്ച് താരം പറയുന്നത് എന്തായിരിക്കും എന്ന് അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സീരിയലുകളില്‍ അഭിനയിച്ച് മടുത്തെന്നും വെബ് സീരീസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മുന്‍പ് നടി പറഞ്ഞിരുന്നു. അതേ സമയം പവാനിയുമായിട്ടുള്ള ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണമാണ് പ്രദീപ് ജീവനൊടുക്കാന്‍ കാരണമെന്നാണ് അന്ന് പ്രചരിച്ച റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. സുമംഗലി, പാസമലര്‍, സപ്തമാലിക തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ പ്രദീപിന്റെ വിയോഗം തെലുങ്ക് സീരിയല്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
Recommended Video
തെലുങ്കിലാണ് അഭിനയിക്കുന്നതെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പവാനി റെഡ്ഡി. മലയാളത്തില്‍ മുന്‍പ് നീലക്കുയില്‍ എന്ന സീരിയലിലും പവാനി അഭിനയിച്ചിരുന്നു. പരമ്പരയില്‍ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് നടി മലയാള പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. 2018-19 കാലഘട്ടത്തിലായിരുന്നു അത്. പവാനി സീരിയലില്‍ നിന്ന് പിന്മാറിയതിന് ശേഷം നടി ലത സംഗരാജു ആണ് ആ കഥാപാത്രം അവതരിപ്പിക്കാനെത്തിയത്.


Click it and Unblock the Notifications











