ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിയശേഷം താമസിച്ചത് കക്കൂസിനോട് ചേർന്ന ഷെഡ്ഡിൽ, കഷ്ട്ടപെടുന്നവന്റെ വേദന അറിയാം..!
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തന്റെ യോഗ്യതയെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്കും പരിഹസിക്കുന്നവർക്കും മറുപടിയുമായി സംവിധായകനും മുൻ ബിഗ് ബോസ് വിജയിയും തൃക്കാക്കരയിലെ ട്വന്റി 20 സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. ജോജു ജോർജ് നായകനായ താത്വിക അവലോകനം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് അഖിൽ മാരാർ ലൈം ലൈറ്റിലേക്ക് വരുന്നത്. സിനിമ ശരാശരി പ്രകടനമാണ് തിയേറ്ററിൽ കാഴ്ചവെച്ചതെങ്കിലും അഖിൽ മാരാർ എന്ന പേര് ജനങ്ങൾ ശ്രദ്ധിച്ച് തുടങ്ങി.
പിന്നീട് അങ്ങോട്ട് സിനിമാ, രാഷ്ട്രീയം, സാമൂഹിക വിഷയങ്ങളിൽ എല്ലാം തന്റേതായ അഭിപ്രായങ്ങൾ പങ്കുവെച്ച് വാർത്തകളിൽ നിറഞ്ഞു. ശേഷമാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. ഷോയിൽ വിജയിച്ച് ലക്ഷങ്ങൾ നേടി. കേരളത്തിന് അകത്തും പുറത്തും യാത്ര ചെയ്ത് പ്രോഗ്രാമുകളിലൂടെയും പണം സമ്പാദിച്ചു.

ബിഗ് ബോസിലേക്ക് പോകും മുമ്പ് പരിമിതമായ ചുറ്റുപാടിലായിരുന്നു അഖിൽ ജീവിച്ചിരുന്നത്. ഷോ വിജയിച്ചശേഷമാണ് സാമ്പത്തികമായി ഉയർന്നതും കാറും ലക്ഷങ്ങൾ വിലയുള്ള ഫ്ലാറ്റും എല്ലാം സ്വന്തമാക്കിയതും. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചശേഷം വലിയ രീതിയിൽ മുൻകാല ജീവിതത്തിന്റെ അടിസ്ഥാനത്തിലും ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകളുടെ പേരിലും അഖിൽ വിമർശനം ഏറ്റുവാങ്ങുന്നുണ്ട്.
അവർക്കുള്ള മറുപടി കൂടിയാണ് അഖിലിന്റെ പുതിയ പോസ്റ്റ്. ഫ്ലാറ്റും കാറും എല്ലാം ഉണ്ടാകുന്നതിന് മുമ്പ് ഷെഡ്ഡിൽ താമസിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളെ മനസിലാക്കാനുള്ള മനസ് മതിയെങ്കിൽ മറ്റാരേക്കാളും മുന്നിലാണ് താനെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് നിങ്ങൾ കാണുന്ന അഖിൽ മാരാർക്ക് ഫ്ലാറ്റുണ്ട്, ആഡംബരം വാഹനങ്ങളുണ്ട് തരക്കേടില്ലാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യമുണ്ട്. ആരെയും പറ്റിച്ചോ നാട്ടുകാരെ ചതിച്ചോ ഉണ്ടാക്കിയതല്ല. സ്വന്തം നിലയിൽ എന്റെ കഴിവും കഷ്ട്ടപാടും കൊണ്ട് നേടി എടുത്തതാണ്. ആട്ടിയോടിച്ച സമൂഹത്തിന് മുന്നിൽ തല ഉയർത്തി നിൽക്കാൻ കഴിഞ്ഞത് ഈശ്വരന്റെ അനുഗ്രഹവും എന്നിലെ പോരാളിയുടെ പോരാട്ട വീര്യവുമാണ്.
എന്നാൽ ചിലർക്ക് പുതിയ അഖിലിനെ മാത്രമേ അറിയൂ. അവർക്ക് വേണ്ടി മാത്രം... ഈ കാണുന്നത് ഒരു കാലത്ത് അഖിലിന്റെ കൊട്ടാരമായിരുന്നു. അധികം വർഷം ഒന്നും പുറകോട്ട് പോകണ്ട. സിനിമ സംവിധായാകൻ ആകും മുമ്പ് എന്റെ താമസം ഈ ഷെഡിൽ ആയിരുന്നു. എന്റെ വീട് ആകെ 800 സ്ക്വയർ ഫീറ്റ് മാത്രമായിരുന്നു. അതിൽ അച്ഛൻ, അമ്മ, അമ്മൂമ്മ, അനുജൻ അവന്റെ രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബം.

കുറച്ചുനാൾ ഭാര്യ വീട്ടിൽ താമസിച്ചു. ഭാര്യയേയും മക്കളേയും നോക്കാതെ ലക്ഷ്യങ്ങൾക്ക് പിന്നാലെ നടന്നത് കൊണ്ട് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. ആ സമയം താമസിച്ചത് വീടിന് പുറത്തെ കക്കൂസിനോട് ചേർന്ന ഈ ഷെഡിലാണ്. ഈ ഷെഡിൽ നിന്നാണ് സിനിമ സംവിധായകൻ ആവാനുള്ള യാത്ര തുടങ്ങുന്നത്.
മരണത്തെ തോൽപ്പിച്ച് ഞാൻ ഒരു സിനിമ എടുത്തപ്പോൾ ആ സിനിമ തീയേറ്ററിൽ പരാജയ പെട്ടതിന്റെ പേരിൽ ആൾക്കാർ പരിഹസിക്കുമ്പോൾ അവർക്കറിയില്ലല്ലോ ഞാൻ എന്റെ ജീവിതത്തിൽ നേടിയ വിജയത്തിന്റെ ആഴം. ബിഗ് ബോസിൽ ഞാൻ വിജയിച്ചത് ചുറ്റും നിന്നവരുടെ പിന്തുണ കൊണ്ടല്ല പ്രേക്ഷകരായ നിങ്ങൾ എന്റെ നന്മ തിരിച്ചറിഞ്ഞത് കൊണ്ടാണ്. ഭൂമിയിൽ ആ നന്മ തിരിച്ചറിഞ്ഞത് ഈശ്വരനാണ്. എന്നെ നയിക്കുന്നത് ആ ശക്തിയാണ്.
ഏതൊരുവനേയും എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതും എന്റെ അനുഭവങ്ങൾ കൊണ്ടാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളെ മനസിലാക്കാനുള്ള മനസ് മതിയെങ്കിൽ മറ്റാരേക്കാളും മുന്നിലാണ് ഞാൻ. എനിക്കറിയാം കഷ്ട്ടപെട്ടവന്റെ വേദനയും രക്ഷപെട്ടവന്റെ നില നിൽക്കാനുള്ള കഷ്ടപാടും എന്നായിരുന്നു അഖിൽ കുറിച്ചത്.


Click it and Unblock the Notifications

















