ലക്ഷ്മി വീട്ടില്‍ വന്നിരുന്നു, അവളുമായി അമ്മ നല്ല കൂട്ടാണ്! ഏറ്റവും നല്ല കാലമായിരുന്നു സ്റ്റാർ മാജിക്; ബിനീഷ്
മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവുമധികം തരംഗം സൃഷ്ടിച്ച ടെലിവിഷന്‍ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന ഷോ യില്‍ മിമിക്രിയിലെയും ടെലിവിഷനിലെയും താരങ്ങള്‍ പങ്കെടുത്തിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷം സ്റ്റാര്‍ മാജിക് അവസാനിപ്പിച്ചിരിക്കുകയാണ്. പെട്ടെന്ന് ഷോ നിര്‍ത്താന്‍ മാത്രം കാരണമെന്താണെന്ന് ഇനിയും വ്യക്തമല്ല.
സ്റ്റാര്‍ മാജിക്കിലൂടെ ജനപ്രീതി നേടിയ താരമാണ് ബിനീഷ് ബാസ്റ്റിന്‍. ടീം എന്ന് അറിയപ്പെടുന്ന ബിനീഷ് സ്റ്റാര്‍ മാജിക്കിലേക്ക് വന്നതിന് ശേഷം തനിക്ക് ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോള്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.

'സ്റ്റാര്‍ മാജിക് എന്റെ ജീവിതത്തില്‍ കിട്ടിയ രണ്ടാമത്തെ ഭാഗ്യമാണ്. വിജയിക്കൊപ്പം സിനിമയില്‍ അഭിനയിച്ചതായിരുന്നു ആദ്യം ഞാന്‍ പറഞ്ഞു കൊണ്ട് നടന്നത്. പിന്നെ സ്റ്റാര്‍ മാജിക്കിനെ പറ്റിയായി. ഞാനൊരു മിമിക്രിക്കാരന്‍ അല്ലാത്തതുകൊണ്ട് സ്റ്റാര്‍ മാജിക്കിന് പറ്റിയ ഒരു മെറ്റീരിയല്‍ ആയിരുന്നില്ല ഞാന്‍. ബാക്കിയെല്ലാവരും മിമിക്രിയില്‍ നിന്ന് വന്ന ആളുകളാണ്.
സ്റ്റാര്‍ മാജിക്കിന്റെ ഒറ്റ എപ്പിസോഡുകള്‍ കാണാതെയാണ് ഞാന്‍ അതിലേക്ക് പോകുന്നത്. ഞാന്‍ ഉണ്ടാക്കി പാട്ടുകള്‍ പാടുന്ന ആളാണ്. ഓഡിഷന് വേണ്ടി ചെന്നപ്പോള്‍ അവിടുന്ന് അങ്ങനെയുള്ള ചില പാട്ടുകള്‍ പാടി. ഇതോടെ അവര്‍ക്ക് പറ്റുന്ന ആള്‍ ആണെന്ന് മനസ്സിലായി. പിന്നെ മൂന്നര വര്‍ഷക്കാലം എന്നെ അവിടെ പിടിച്ചു നിര്‍ത്തി. രണ്ടുമൂന്ന് മാസം കഴിഞ്ഞപ്പോള്‍ തന്നെ സ്റ്റാര്‍ മാജിക് ഓഡിയന്‍സായ കുട്ടികളും പ്രായമായവരുമൊക്കെ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയെന്ന്,' ബിനീഷ് പറയുന്നു.
സ്റ്റാര്‍ മാജിക് എന്ന് പറഞ്ഞാല്‍ വലിയൊരു കുടുംബമാണ്. എന്നെ അവിടെ ഏറ്റവും കൂടുതല്‍ സഹായിച്ചത് സംവിധായകന്‍ അനൂപ് സാറാണ്. ഒരു സ്റ്റേജ് പെര്‍ഫോമറാക്കി എന്നെ മാറ്റിയത് അദ്ദേഹമാണ്. എവിടെപ്പോയാലും എനിക്കിപ്പോള്‍ സ്‌റ്റേജില്‍ കയറി സംസാരിക്കാനുള്ള ധൈര്യമായി. അതുപോലെ ലക്ഷ്മി നക്ഷത്രയും ഒരുപാട് പിന്തുണ നല്‍കി.
ബിനു അടിമാലി, നോബി ചേട്ടന്‍, അസീസിക്ക, ഉല്ലാസ് പന്തളം തുടങ്ങി സ്റ്റാര്‍ മാജിക്കിലെ താരങ്ങളൊക്കെ എന്നെയും ചേര്‍ത്ത് പിടിച്ചു. എന്റെ വീടിനെക്കാളും അറ്റാച്ച്‌മെന്റ് ആയിരുന്നു ആ പരിപാടിയോട് ഉണ്ടായിരുന്നത്. ആ ഷോ തുടങ്ങിയിട്ട് ഏഴ് വര്‍ഷമായി. ഇന്ത്യയിലെ തന്നെ റെക്കോര്‍ഡാണ് ഒരു ഗെയിം ഷോ ഇത്രയും വര്‍ഷം നീളുന്നത്. അവസാന എപ്പിസോഡ് വരെ ഭയങ്കര വൈബ് ആയിരുന്നു.

സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്തണമെന്ന് പറയുന്നതുപോലെ നല്ല രീതിയില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് ഷോ അവസാനിപ്പിച്ചത്. ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകളെ സംബന്ധിച്ച് ഭയങ്കര വിഷമമുള്ള കാര്യമാണ്. കാരണം ഒരു ഫാമിലി പോലെ ആയിരുന്നു ഞങ്ങള്‍ എല്ലാവരും.
അതേസമയം സ്റ്റാര്‍ മാജിക് ലക്ഷ്മിയുമായി നല്ല കൂട്ട് ആണെന്ന് പറയുകയാണ് ബിനീഷിന്റെ അമ്മ. ലക്ഷ്മി ഒരിക്കല്‍ ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു. അന്നു മുതല്‍ അവളുമായി നല്ല കൂട്ടാണ്. നല്ല സ്‌നേഹമുള്ള കുട്ടിയാണ്, സംസാരത്തിലൂടെ ആരെയും മുഷിപ്പിക്കുകയില്ലെന്നും അമ്മ പറഞ്ഞു.
സ്റ്റാര്‍ മാജിക്കിലൂടെ കുട്ടികള്‍ക്ക് അടക്കം താന്‍ പ്രിയപ്പെട്ടവന്‍ ആയെന്നാണ് ബിനീഷ് പറയുന്നത്. അതിലെ എന്റെ പാട്ടുകളൊക്കെ പുറത്ത് ഹിറ്റാണ്. ചില കുട്ടികള്‍ എന്റെ പാട്ടുകള്‍ പാടി നടക്കാറുണ്ട്. സിനിമയില്‍ നായകനായി 200 കോടി നേടിയാല്‍ പോലും ഇതിലൂടെ എന്നെ അറിയുന്ന പോലെ അറിയണമെന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നാളുകളാണ് ഇതുപോലെ കടന്നുപോയതെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു


Click it and Unblock the Notifications











