'ചക്കപ്പഴം താരം റാഫി വിവാഹിതനായി'; വധൂവരന്മാർക്ക് ആശംസകൾ നേർന്ന് ലളിതയും കുഞ്ഞുണ്ണിയും ആശയും പിള്ളേരും!
ഏറ്റവും ജനപ്രിയമായ ഹാസ്യ പരമ്പരയാണ് ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം. ഉപ്പും മുളകും പരമ്പര അവസാനിച്ച ശേഷമാണ് ചക്കപ്പഴം ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. പുതുമുഖങ്ങളായിരുന്നു ചക്കപ്പഴത്തിൽ കേന്ദ്ര കഥാപാത്രങ്ങളായവരിൽ ഏറെയും. വളരെ ചുരുങ്ങിയ കാലം കൊണ്ട് പരമ്പര പ്രേക്ഷക ശ്രദ്ധ നേടി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് അശ്വതി ശ്രീകാന്ത്, അമൽ രാജ്ദേവ്, ശ്രുതി രജനികാന്ത്, സബീറ്റ ജോർജ്, അർജുൻ, റാഫി തുടങ്ങിയവർ ചേർന്നായിരുന്നു.
ചക്കപ്പഴത്തിൽ ആശയെന്ന മരുമകളായി അഭിനയിക്കുന്ന അശ്വതി ശ്രീകാന്തിനും സുമേഷ് ആയി അഭിനയിക്കുന്ന റാഫിക്കും സീരിയലിലെ പ്രകടനത്തിലൂടെ സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളും ലഭിച്ചിരുന്നു. വെബ് സീരിസുകളിലൂടെയും ടിക്ക് ടോക്ക് വീഡിയോകളിലൂടേയുമാണ് റാഫി പ്രേക്ഷക ശ്രദ്ധ നേടിയത്. ശേഷമാണ് ചക്കപ്പഴം സീരിയലിൽ അവസരം ലഭിച്ചത്. ഇന്ന് റാഫിയുടെ വിവാഹമായിരുന്നു. ടിക്ക് ടോക്കിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം മഹീനയാണ് റാഫിയുടെ വധു. ഒന്നര വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് താരങ്ങൾ ജീവിതത്തിൽ ഒന്നിക്കുന്നത്.

കഴിഞ്ഞ ജൂലൈ നാലിന് ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. സോഷ്യൽ മീഡിയയിൽ സജീവമായതിനാൾ താരങ്ങൾ തന്നെ സേവ് ദ ഡേറ്റ് ചിത്രങ്ങളെല്ലാം പങ്കുവെച്ചിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് സേവ് ദി ഡേറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. കൊല്ലം കടിക്കൽ പള്ളിമുക്കിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ചക്കപ്പഴം സീരിയലിലെ താരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അശ്വതി ശ്രീകാന്ത് മക്കളായ കമലയ്ക്കും പത്മയ്ക്കും ഒപ്പമാണ് വിവാഹത്തിനെത്തിയത്. കൂടാതെ അമൽ രാജ്ദേവ്, സബീറ്റ, അർജുൻ സോമശേഖർ തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുക്കാനെത്തി.

കരിനീല നിറത്തിലുള്ള കോട്ടും സൂട്ടും അണിഞ്ഞ് സുന്ദരനായിട്ടാണ് റാഫി വിവാഹ വേദിയിലേക്ക് എത്തിയത്. കടുംപച്ച നിറത്തിലുള്ള ലെഹങ്കയായിരുന്നു വധു മഹീനയുടെ വേഷം. താരത്തിന്റെ വിവാഹ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മഹീനയുടെ വീട്ടിൽ വെച്ച് മെഹന്ദി ചടങ്ങുകൾ നടന്നിരുന്നു. അതിൻ്റെ ചിത്രങ്ങളും മഹീന തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചുമന്ന ലഹങ്ക അണിഞ്ഞാണ് മെഹന്തി വേദിയിൽ താരം തിളങ്ങിയത്. ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് റാഫിയും മഹീനയും പ്രണയത്തിലായത്. ചക്കപ്പഴത്തിലെ റാഫി അവതരിപ്പിക്കുന്ന സുമേഷ് എന്ന കഥാപാത്രത്തിന് നിരവധി ആരാധകരാണുള്ളത്. ചക്കപ്പഴം കുടുംബത്തിൽ എല്ലാ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന തുരുമ്പ് സുമയായി റാഫി സ്വാഭാവിക അഭിനയമാണ് കാഴ്ചവെക്കുന്നത്.
Recommended Video

റാഫിക്കും മഹീനയ്ക്കും ആശംസകൾ നേർന്ന് ചക്കപ്പഴം കുടുംബത്തിലെ മറ്റ് താരങ്ങളായ അർജുനും അശ്വതിയും പറഞ്ഞത് ഇങ്ങനെയാണ്. 'ഇത് ഞങ്ങളുടെ ചെറുക്കന്റെ കല്യാണമാണ്. നമ്മുടെ വീട്ടിൽ നടക്കുന്ന ചടങ്ങ് പോലെയാണ്. അതിനാൽ ഞങ്ങളെ ആരും പ്രത്യേകം ക്ഷണിക്കേണ്ടതില്ല. ഞങ്ങൾ നേരത്തെ വിവാഹിതരായവരായതിനാൽ ഞങ്ങൾക്ക് അനുഭവമുള്ള കാര്യങ്ങളും ഞങ്ങൾക്കറിയാവുന്ന കാര്യങ്ങളും ഞങ്ങൾ റാഫിക്ക് പറഞ്ഞ് കൊടുത്തിട്ടുണ്ട്. അവന് എല്ലാവിധ ആശംസകളും നേരുന്നു' അശ്വതിയും അർജുനും പറഞ്ഞു. ചക്കപ്പഴത്തിൽ ശിവൻ എന്ന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിച്ചിരുന്നത്. നൂറിലധികം എപ്പിസോഡുകളിൽ അർജുൻ ചക്കപ്പഴത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ചില സ്വകാര്യ തിരക്കുകൾ വന്നതോടെയാണ് അർജുൻ സീരിയലിൽ നിന്നും പിന്മാറിയത്. ഇപ്പോൾ വിഷ്ണുവാണ് ശിവനായി അഭിനയിക്കുന്നത്.


Click it and Unblock the Notifications











