»   » മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം,പൃഥ്വിരാജിന്‍റെ നായിക,ചന്ദ്ര ലക്ഷ്മണ്‍ എവിടെയായിരുന്നു ഇതുവരെ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം,പൃഥ്വിരാജിന്‍റെ നായിക,ചന്ദ്ര ലക്ഷ്മണ്‍ എവിടെയായിരുന്നു ഇതുവരെ

Posted By: Nihara
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖമാണ് ചന്ദ്ര ലക്ഷ്മണിന്‍റേത്. സ്വന്തം എന്ന സീരിയലിലെ സാന്ദ്രാ നെല്ലിക്കാടിനെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല. അത്രയ്ക്കും മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. സ്വന്തത്തിനു ശേഷം നിരവധി സീരിയലുകളിലും പിന്നീട് സിനിമയിലും വേഷമിട്ടുവെങ്കിലും ഇടയ്ക്ക് വെച്ച് താരത്തെ കാണാതായി. അഭിനയ രംഗത്തു നിന്നും അപ്രത്യക്ഷമായ താരം എവിടെയാണെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍.

വിവാഹിതയായി ഭര്‍ത്താവിനോടൊപ്പം അമേരിക്കയിലാണ് താരം എന്നുള്ള തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്നെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം കൃത്യമായി മനസ്സിലാക്കി ചന്ദ്ര ഇവിടെ തന്നെയുണ്ടായിരുന്നു. 15 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ഇതാദ്യമായാണ് താരം ബ്രേക്കെടുക്കുന്നത്. തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ എല്ലാം അറിയുന്നുണ്ടായിരുന്നു. എന്നാല്‍ അതിനൊന്നും മറുപടി നല്‍കണമെന്ന് തോന്നിയിരുന്നില്ലെന്നും താരം പറയുന്നു. പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇവിടെത്തന്നെയുണ്ടായിരുന്നു, എങ്ങും പോയിട്ടില്ല

തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ അതത് സമയത്ത് തന്നെ അറിയുന്നുണ്ടായിരുന്നു. എന്നാല്‍ അതിനൊന്നും മറുപടി നല്‍കണമെന്ന് തോന്നിയിരുന്നില്ലെന്നും ചന്ദ്ര ലക്ഷ്മണ്‍ പറയുന്നു. കെ കെ രാജീവ് സംവിധാനം ചെയ്ത മഴയറിയാതെ പരമ്പരയിലാണ് അവസാനമായി അഭിനയിച്ചത്. മലയാളത്തില്‍ സജീവമായിരുന്നില്ലെങ്കിലും തമിഴിലും തെലുങ്കിലുമായി താന്‍ തിരക്കിലായിരുന്നുവെന്ന് ചന്ദ്ര പറഞ്ഞു.

ബ്രേക്കെടുക്കുന്നതിന് പിന്നില്‍

15 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ഇതാദ്യമായാണ് ചന്ദ്ര അഭിനയ രംഗത്തു നിന്നും ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നത്. ബ്രേക്കെടുക്കുന്നതിന് പിന്നില്‍ കുറച്ചു ലക്ഷ്യങ്ങളുണ്ടെന്നും താരം പറയുന്നു.

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി

വിവാഹിതയായി ഭര്‍ത്താവുമൊത്ത് അമേരിക്കയിലാണ് ചന്ദ്ര ഇപ്പോള്‍ എന്ന തരത്തിലായിരുന്നു മുന്‍പ് വാര്‍ത്ത പ്രചരിച്ചിരുന്നത്. എന്നാല്‍ 33 വയസ്സുകാരിയായ ചന്ദ്രയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. ഈ വര്‍ഷം വിവാഹം നടത്താനുള്ള തയ്യാറെടുപ്പിലാണ് വീട്ടുകാര്‍.

നല്ല കഥാപാത്രങ്ങള്‍ ലഭിക്കണം

കരിയറില്‍ ബ്രേക്കെടുക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഒരേ താളത്തിലുള്ള യാത്രയില്‍ നിന്നുള്ള മാറ്റം കൂടിയാണ്. ഒരേ പോലെയുള്ള കഥാപാത്രങ്ങളില്‍ നിന്നും മാറി കുറച്ച് വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്. മ്യൂറല്‍ ഓറ എന്ന പേരില്‍ അമ്മ നടത്തുന്ന ബിസിനസ്സ് വിപുലപ്പെടുത്തുകയാണ് അടുത്ത ലക്ഷ്യം. ചിത്രരചനയോടുള്ള അമ്മയോടുള്ള താല്‍പര്യമാണ് ബിസിനസ്സിലേക്ക് നയിച്ചത്.

രക്തം കൊണ്ട് പ്രണയ ലേഖനം

മേഘം സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് സ്ഥിരമായി രക്തം കൊണ്ട് കത്തെഴുതി അയയ്ക്കുന്ന ആരാധകനുണ്ടായിരുന്നുവെന്ന് ചന്ദ്ര പറഞ്ഞു. ഇഷ്ടം പോലെ പ്രണയ ലേഖനങ്ങള്‍ ലഭിച്ചിരുന്നു അന്ന്. ഇന്ന് മെസഞ്ചറിലൂടെയാണ് പ്രണയ സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

പൃഥ്വിരാജിന്റെ നായികയായി വേഷമിട്ടു

മൂന്നു സിനിമകളില്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ചിരുന്നുവെങ്കിലും സിനിമയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാന്‍ ചന്ദ്ര ലക്ഷ്മണിന് കഴിഞ്ഞിരുന്നില്ല. സ്റ്റോപ് വയലന്‍സ്, ചക്രം, കാക്കി ഈ മൂന്നു ചിത്രങ്ങളിലും നായികയായി എത്തിയത് ചന്ദ്രയായിരുന്നു. പ്ലസ് ടു കഴിഞ്ഞ് നില്‍ക്കുന്നതിനിടയില്‍ നടത്തിയ മോഡലിങ്ങിലൂടെയാണ് താരം സിനിമയിലേക്കെത്തിയത്. സ്‌റ്റോപ് വയലന്‍സ് പൂര്‍ത്തിയാക്കിയതിന് ശേഷം സീരിയലിലാണ് പിന്നീട് അഭിനയിച്ചത്.

സിനിമ കിട്ടില്ലെന്ന് അറിഞ്ഞിരുന്നില്ല

സീരിയലില്‍ നിന്നുള്ള ഓഫറുകള്‍ സ്വീകരിക്കുമ്പോള്‍ സിനിമയില്‍ നിന്ന് അവസരം കിട്ടില്ലെന്ന കാര്യത്തെക്കുറിച്ച് അറിയില്ലായിരുന്നു. സിനിമയില്‍ നിന്നും സീരിയലിലേക്ക് പോന്നതെന്തിനായിരുന്നുവെന്ന് പലരും ചോദിച്ചു തുടങ്ങിയപ്പോഴാണ് അക്കാര്യത്തെക്കുറിച്ച് അറിഞ്ഞതെന്നു ചന്ദ്ര പറഞ്ഞു.

വിദ്യാ ബാലന്റെ പകരക്കാരിയായി ചക്രത്തില്‍

സ്റ്റോപ് വയലന്‍സില്‍ ലോഹിതദാസുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.രാത്രി രണ്ടു മണിക്കാണ് സിനിമയുടെ കാര്യം പറയാനായി അദ്ദേഹം വിളിച്ചത്. ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് ഫോണെടുത്തപ്പോള്‍ രാവിലെ തിരിച്ചു വിളിക്കണമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.രാത്രി എഴുതിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഈ കഥാപാത്രത്തിനു പറ്റിയ മുഖമായി മനസ്സിലെത്തിയത് നീയായിരുന്നു. ഉടന്‍ തന്നെ ഷൂട്ടിങ്ങിനു റെഡിയായിക്കൊള്ളാനും നിര്‍ദേശിച്ചു. ഷൂട്ടിങ്ങ് തുടങ്ങിയതിനു ശേഷമാണ് മുന്‍പ് നിര്‍ത്തി വെച്ചിരുന്ന പ്രൊജക്ടാണെന്നും മോഹന്‍ലാലും വിദ്യാ ബാലനുമായിരുന്നു നായികാനായകന്‍മാര്‍ എന്നറിഞ്ഞതെന്നും ചന്ദ്ര പറഞ്ഞു.

ആദ്യ സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ച്

ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അഭിനയത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. മലയാളം സംസാരിക്കാനൊന്നും അറിയില്ലായിരുന്നു. അന്ന് ഏറെ പേടിച്ച് ചെയ്ത സീന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.ലിഫ്റ്റില്‍ നിന്ന ഇറങ്ങി വരുമ്പോള്‍ വിജയരാഘവന്‍, ബീനാ ആന്റണി എന്നിവര്‍ വെട്ടേറ്റു കിടക്കുന്ന രംഗം കാണുന്നതോടെ നിലവിളിച്ച് അഭിനയിക്കാനാണ് സംവിധായകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പേടി കാരണം നിലവിളിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പിന്നീട് വിജയരാഘവനാണ് പരിഹാരം കണ്ടെത്തിയത്. ഷോട്ട് ആകുമ്പോള്‍ എല്ലാവരും നിലവിളിക്കണം. അപ്പോള്‍ ചന്ദ്രയും നിലവിളിക്കും. അങ്ങനെയാണ് ആ സീന്‍ പൂര്‍ത്തിയാക്കിയത്.

വീണ്ടും സിനിമയിലേക്ക്

നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വരും. സിനിമയും സീരിയലും ഒരുമിച്ച് കൊണ്ടു പോവാന്‍ എളുപ്പമല്ലെന്നും താരം പറയുന്നു.

English summary
Chandra Lakshman is talking about her life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam