റെക്കോഡ് സൃഷ്ടിച്ച് രാമായണം, ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ട ടിവി ഷോ
ലോക്ക് ഡൗൺ കാലത്ത് പുതിയ റെക്കോഡ് സൃഷ്ടിച്ച് രാമാനന്ദ സാഗറിന്റെ രാമായണം.ഏപ്രിൽ 16 വരെയുള്ള കണക്കുകൾ പ്രകാരം 7.7 കോടി ആളുകളാണ് രാമായണം കണ്ടിരിക്കുന്നത്. ദൂരദർശൻ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഈ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. ഇതൊരു ലോക റെക്കോഡാണ്. മാർച്ചിലാണ് രാമായണത്തിന്റെ പുനഃസംപ്രേഷണം ആരംഭിച്ചത്. ദിവസവും രണ്ടു തവണ ദൂരദർശനിൽ സീരിയൽ സംപ്രേഷണം ചെയ്യാറുമുണ്ട്.കൊവിഡ് ഭീതിയെ തുടർന്ന് രാജ്യത്ത് സിനിമ - സീരിയൽ ചിത്രീകരണം നിർത്തി വെച്ച പശ്ചാത്തലത്തിലായിരുന്നു ക്ലാസാസിക് പരമ്പരയായ രാമായണം പുനഃസംപ്രേക്ഷണം ചെയ്തത്.

ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ റിപ്പോർട്ടനുസരിച്ച് ലോക്ക് ഡൗൺ മുതൽ ഏപ്രിൽ 3 വരെയുളള കാലയളവിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയിരിക്കുന്നത് ദൂരദർശനാണ്.ബി.എ.ആർ.സി.യുടെ റിപ്പോർട്ടനുസരിച്ച് ദൂരദർശൻ ചാനലിനുമാത്രം 40,000 പ്രേക്ഷകരെയായിരുന്നു നേടിയത്.പ്രേക്ഷകരുടെ നിരന്തരമായുള്ള അഭ്യർഥന പ്രമാണിച്ചായിരുന്നു രാമായണം വർഷങ്ങൾക്ക് ശേഷം വീണ്ടും ടെലികാസ്റ്റ് ചെയ്തത്. ഇവ കൂടാതെ പഴയ കാല പരമ്പരകളായ മഹാഭാരതം, ശക്തിമാൻ, ബുനിയാദ് എന്ന പരമ്പരയും ദൂരദർശൻ ലോക്ക് ഡൗൺ കാലത്ത് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മാഹാഭാരതവും രാമായണവും സംപ്രേക്ഷണം ചെയ്യുന്ന സമയങ്ങളിലാണ് ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നതെന്ന് പുറത്തു വന്ന ബാർക്ക് റേറ്റിങ്ങിൽ പറയുന്നുണ്ട്.
1987ലാണ് രാമായണം ആദ്യമായി ദൂരദര്‍ശനിൽ സംപ്രേക്ഷണം ചെയ്യുന്നത്. സംവിധായകന്‍ രാമനന്ദ സാഗര്‍ തന്നെയായിരുന്നു പരമ്പരയുടെ നിര്‍മ്മാതാവ്. 1987 ജനുവരി 25-നായിരുന്നു സീരിയല്‍ ആദ്യം സംപ്രേഷണം ചെയ്തത്. 1988 ജൂലൈ 30-നായിരുന്നു ഓഫ് എയര്‍ ആയത്. 2003 വരെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട പുരാണ സീരിയലായി ലിംക ബുക്ക് ഓഫ് റെക്കോഡ് നേടിയിരുന്നു.
ഏപ്രിൽ ആദ്യ വാരത്തോടെ പരമ്പരകളുടെ സംപ്രേക്ഷണം ചാനലുകൾ അവസാനിപ്പിക്കുകയായിരുന്നു.. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സീരിയലുകളുടെ ചിത്രീകരണം മാർച്ച് 31 വരെ നിർത്തിവെയ്ക്കാനായിരുന്നു മലയാളം ടെലിവിഷൻ ഫ്രറ്റേണിറ്റിയുടെ ആദ്യ തീരുമാനം. എന്നാൽ മാർച്ച് 17 ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ മുൻകരുതലുകളോടെ മാർച്ച് 19 ഓടെ എല്ലാ ടെലിവിഷൻ പരിപാടികളുടെയും ഷെഡ്യൂളുകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണമെന്നുള്ള തീരുമാനത്തിലാണ് എത്തിയത്.


Click it and Unblock the Notifications