മലയാളത്തിലേക്ക് പുതിയ ചാനല്‍ വരുന്നു! ബിഗ് ബോസ് ഏഷ്യാനെറ്റില്‍ നിന്നും മാറുകയാണോ?
ഇന്ത്യയില്‍ ഏറ്റവും റേറ്റിംഗിലുള്ള ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ്. മലയാളത്തില്‍ രണ്ട് സീസണുകള്‍ ആണ് സംപ്രേക്ഷണം ചെയ്തത്. ഏഷ്യാനെറ്റില്‍ പ്രക്ഷോപണം ചെയ്തിരുന്ന രണ്ടാം പതിപ്പ് മുഴുവന്‍ ആക്കാതെ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. 75 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും കൊറോണ വൈറസ് വ്യാപിച്ചതോടെയായിരുന്നു ഷോ നിര്‍ത്തിയത്.
ഇപ്പോഴിതാ ബിഗ് ബോസും ഏഷ്യാനെറ്റ് വിടുന്നതായി റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. അത് വ്യക്തമാക്കുന്ന തരം ചില സൂചനകളും പുറത്ത് വന്നിരുന്നു. കന്നഡ, തമിഴ്, മറാത്തി, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലുള്ള കളേഴ്‌സ് ചാനലില്‍ ആയിരിക്കും ഇനി മുതല്‍ ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുക എന്നാണ് അറിയുന്നത്.

മലയാളത്തില്‍ ഇതുവരെ കളേഴ്‌സ് എന്നൊരു ചാനല്‍ ഇല്ലെങ്കിലും വൈകാതെ തുടങ്ങാന്‍ പോവുകയാണെന്നാണ് അറിയുന്നത്. വയകോം 18 ഈ വര്‍ഷം തന്നെ കളേഴ്‌സ് മലയാളം ലോഞ്ച് ചെയ്യുമെന്നാണ് ചാനലിന്റെ വിവരങ്ങള്‍ ഗുഗിളില്‍ നോക്കിയാല്‍ മനസിലാകുന്നത്. കേരളത്തില്‍ സ്ഥാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കളേഴ്‌സ് ഇപ്പോള്‍ മലയാളത്തിലും ആരംഭിക്കുന്നത്.
മലയാളത്തിനൊപ്പം തെലുങ്കിലും കളേഴ്‌സ് ചാനല്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. ഹിന്ദി, കന്നഡ, ഭാഷകളില്‍ ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നത് കളേഴ്‌സ് ചാനലിലാണ്. അതേ ചാനല്‍ മലയാളത്തിലേക്ക് എത്തിയാല്‍ ഏഷ്യാനെറ്റില്‍ നിന്നും ബിഗ് ബോസ് കളേഴ്‌സിലേക്ക് പോകുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല.

ഹിന്ദിയില്‍ സല്‍മാന്‍ ഖാനും തമിഴില്‍ കമല്‍ ഹാസനുമാണ് ബിഗ് ബോസ് അവതാരകര്‍. മലയാളത്തില്‍ നടന്‍ മോഹന്‍ലാലാണ്. 2018 ലായിരുന്നു ആദ്യ ബിഗ്‌ബോസ് മലയാളത്തിലേക്ക് എത്തുന്നത്. ആദ്യ സീസണ്‍ തുടക്കത്തില്‍ വലിയ ശ്രദ്ധ ഉണ്ടാക്കിയില്ലെങ്കിലും പിന്നീട് ഒരുപാട് പ്രേക്ഷകരെ കിട്ടി. ഇതാണ് രണ്ടാം ഭാഗം തുടങ്ങിയപ്പോള്‍ ആരാധകരും വലിയ ആവേശത്തിലായത്.
എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളായിരുന്നു ഇത്തവണ ബിഗ് ബോസില്‍ നടന്നത്. മൂന്നാമത് ഒരു സീസൺ കൂടി വൈകാതെ ഉണ്ടാവുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications