ആങ്കറിംഗ് നിർത്താൻ തീരുമാനിച്ചിരുന്നു, ഇവനെന്തിനെന്ന അഭിപ്രായം വന്നു; അന്ന് പേളി ചെയ്തത്: ഡെയിൻ ഡേവിസ്
ഏവർക്കും പ്രചോദനം നൽകുന്ന വ്യക്തിയാണ് പേളി മാണി. ആങ്കർ, മോട്ടിവേഷണൽ സ്പീക്കർ, നടി, ഇൻഫ്ലുവൻസർ എന്നിങ്ങനെ പല മേഖലകളിൽ പേളി സാന്നിധ്യം അറിയിച്ചു. യുവതയ്ക്കും പ്രായമായവർക്കുമെല്ലാം ഒരുപോലെ പേളി മാണിയോട് സ്നേഹമുണ്ട്. കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഇൻഫ്ലുവൻസർ പേളി മാണിയാണ്. നിരവധി റിയാലിറ്റി ഷോകളിൽ പേളി ആങ്കറായെത്തിയിട്ടുണ്ട്. ബിഗ് ബോസിൽ മത്സരാർത്ഥിയായെത്തിയ ശേഷം പേളിയുടെ താരമൂല്യം കുതിച്ചുയർന്നു.
നായികാ നായകൻ എന്ന ഷോയിൽ ആദ്യം പേളി ആങ്കറായി വന്നിരുന്നു. ഡെയിൻ ഡേവിസ് ആയിരുന്നു കോ ആങ്കർ. പേളി മാണിയെക്കുറിച്ച് ഡെയിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് ഡെയിൻ അനുഭവം പങ്കുവെച്ചത്. എനിക്കിപ്പോഴും ഷോ ചെയ്യുമ്പോൾ ടെൻഷനുണ്ട്. പേളി മാണിയെ ഞാൻ ചേച്ചി എന്നായിരുന്നു ഷോ ചെയ്യുമ്പോൾ വിളിക്കാറ്. ആ സമയത്ത് എന്റെ ഉച്ചാരണമൊന്നും കറക്‌ട് ആയിരുന്നില്ല.

ആത്മവിശ്വാസമില്ലാത്തത് തുടക്കത്തിൽ എന്നെ നല്ലത് പോലെ ബാധിച്ചിരുന്നു. പേളിയുടെ കൂടെ നിൽക്കുമ്പോൾ എനിക്ക് ടെൻഷനുണ്ടായിരുന്നു. ആദ്യ ഷെഡ്യൂളിൽ നിർത്തേണ്ടി വരുമെന്ന് ഞാൻ എന്റെ മനസിൽ ഉറപ്പിച്ചിരുന്നു. ബാക്കിയുള്ളവർക്കും അത്ര മതിപ്പില്ല. ഇവനെന്തിനാണ്, പേളി അടിപാെളിയായി ഷോ ആങ്കർ ചെയ്യുന്നു എന്ന അവസ്ഥ വന്നു. അങ്ങനെയൊരു അഭിപ്രായം അവിടെ മുഴങ്ങുന്നത് എനിക്ക് ഫീൽ ചെയ്യുന്നുണ്ട്. ഞാൻ നിർത്തേണ്ടി വരുമെന്ന് എനിക്കാദ്യം മനസിലായി.
ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ബാക്കിയുള്ളവർക്കും മനസിലായി. ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് പേളി എന്നെ അവർ സ്പീക്കറായെത്തുന്ന ഒരു ഇവന്റിന് വിളിച്ചു. വലിയ പ്രോഗ്രാമായിരുന്നു. പേളി എന്നെ എല്ലാവരുടെ മുന്നിലും പരിചയപ്പെടുത്തി. ഞാൻ പറയുന്നതിനേക്കാളും ഞാൻ ആൾക്കാരുമായി ഇടപഴകുന്നത് നീ കാണ് എന്ന് പറഞ്ഞു. പുള്ളിക്കാരിക്ക് എന്നെ എഫെർട്ട് ഇട്ട് അവിടെ കൊണ്ട് പോകേണ്ട ആവശ്യമില്ല. എന്നാൽ അവരത് ചെയ്തെന്നും ഡെയിൻ പറഞ്ഞു.

തന്റെ പ്രിയപ്പെട്ട കോ ഹോസ്റ്റ് മീനാക്ഷിയാണെന്നും ഡെയിൻ പറയുന്നുണ്ട്. പേളിയെ ഇഷ്ടവും ബഹുമാനവുമാണ്. എന്നാൽ മീനാക്ഷിയുമായാണ് കൂടുതൽ വർക്ക് ചെയ്തത്. പുതിയ ഷോ സ്റ്റാർട്ട് ചെയ്തു. ഞങ്ങൾ ഒരുമിച്ചുള്ള മൂന്നാമത്തെ ഷോയാണെന്നും ഡെയിൻ പറഞ്ഞു. ആങ്കറിംഗിന് പുറമെ സിനിമാ രംഗത്തും ഡെയിൻ സാന്നിധ്യം അറിയിക്കുന്നുണ്ട്.
ഉടൻ പണം എന്ന ഷോയിലാണ് മീനാക്ഷിയും ഡെയിനും ഒരുമിച്ച് ആങ്കർമാരായി എത്തിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഷോയുടെ വിജയത്തിനും ഉപകരിച്ചു. ഡെയിനിനെക്കുറിച്ച് നേരത്തെ മീനാക്ഷി സംസാരിച്ചിട്ടുണ്ട്. ഡെയ്ൻ വളരെ തമാശക്കാരനാണ്. തമാശ പറയുന്നവരോടൊപ്പം നമ്മൾ കൂടുതൽ സമയം ചെലവഴിക്കും. കൊറോണയുടെ സമയത്താണ് ഷോയുടെ ഷൂട്ട് നടന്നത്. ആ സമയത്ത് വീട്ടിലൊന്നും പോകാൻ പറ്റില്ലായിരുന്നു.
ശരിക്കും ഞങ്ങളവിടെ പെട്ടു. ഒരു ഹോം സ്റ്റേയായിരുന്നു. വേറെ ആരും സംസാരിക്കാൻ ഇല്ല. നെറ്റ്ഫ്ലിക്സിൽ സിനിമ കാണുകയല്ലാതെ വേറൊരു പണിയും ഇല്ല. ഒരുമിച്ച് ഒരു സ്ഥലത്ത് താമസിക്കുമ്പോൾ നമ്മളെന്താണെന്ന് ശരിക്കും കാണും. അത് ഞങ്ങളുടെ ഇടയിൽ ഉണ്ടായിട്ടുണ്ടെന്നും മീനാക്ഷി പറഞ്ഞു. നായികാ നായകനിൽ മത്സരാർത്ഥികളോട് അവനധികം സംസാരിക്കില്ലായിരുന്നു. ഉടൻ പണത്തിൽ വന്നപ്പോഴാണ് സംസാരിച്ച് തുടങ്ങിയത്. ഡെയ്നിൽ ഇഷ്ടമുള്ള കാര്യം തമാശക്കാരനാണെന്നാണെന്നും മീനാക്ഷി പറഞ്ഞു.


Click it and Unblock the Notifications











