ഞാന്‍ വിജയിച്ചു എന്ന് തോന്നി! രാഹുലിന്റെ അറസ്റ്റിനിടയിലും സന്തോഷം തന്ന കാര്യത്തെക്കുറിച്ച് ദീപ
കൈവിട്ടുപോയ വാക്കുകളിലൂടെയായി ജയില്‍വാസം വരെ നേരിടേണ്ടി വന്നിട്ടുണ്ട് രാഹുല്‍ ഈശ്വറിന്. അതിജീവിതയെക്കുറിച്ച് മോശം പറഞ്ഞതുമായി ബന്ധപ്പെട്ട് അടുത്തിടെയും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയില്‍വാസം പുതുമയുള്ള കാര്യമൊന്നുമല്ല. അഭിപ്രായം പറഞ്ഞതുമായി ബന്ധപ്പെട്ട് നേരത്തെയും അറസ്റ്റും ജയില്‍വാസവുമൊക്കെ ഉണ്ടായിട്ടുണ്ട്. രാഹുലിന്റെ ഭാര്യയും അവതാരകയുമായ ദീപയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. രാഹുല്‍ അറസ്റ്റിലായ സമയത്ത് വളരെ ബോള്‍ഡായി മാധ്യമങ്ങളോട് സംഭവിച്ചതിനെക്കുറിച്ച് വിശദീകരിച്ചിരുന്നു ദീപ. സോഷ്യല്‍മീഡിയയിലൂടെയായി ദീപയുടെ വീഡിയോയും വൈറലായിരുന്നു.
അറസ്റ്റും പ്രശ്‌നങ്ങളുമെല്ലാം ഒരുവഴിക്ക് നടക്കുമ്പോഴും സന്തോഷകരമായ ചില കാര്യങ്ങള്‍ ജീവിതത്തില്‍ നടന്നിരുന്നു എന്ന് ദീപ പറയുന്നു. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു അവര്‍ ഇതേക്കുറിച്ച് സംസാരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഞങ്ങളുടെ കുടുംബം കുറച്ച് ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോവുന്നത്. അതേക്കുറിച്ച് എല്ലാവരും അറിഞ്ഞിട്ടുള്ളതാണ്. എല്ലാം മറന്ന് എനിക്ക് അതിന് വേണ്ടി നില്‍ക്കേണ്ടി വന്ന നിമിഷങ്ങളായിരുന്നു. ഇതിനിടയിലും എനിക്ക് സന്തോഷം തരുന്ന ചില കാര്യങ്ങള്‍ ഞാന്‍ ചെയ്തിരുന്നു.

അതെന്താണെന്ന് വെച്ചാല്‍ എന്റെ മകന് ഒരു ബുക്കെഴുതാനുള്ള ഡെഡ്‌ലൈന്‍ ഈ സമയത്തായിരുന്നു. അത് ഓര്‍ത്തുവെച്ച് അവനെക്കൊണ്ട് ബുക്കെഴുതിക്കാനുള്ളൊരു ഇനീഷ്യേറ്റീവ് എടുക്കാന്‍ കഴിഞ്ഞു. വലിയ അഭിമാനത്തോടെയൊന്നുമല്ല ഞാന്‍ പറയുന്നത്. എല്ലാ അമ്മമാരും ചെയ്യുന്ന കാര്യമാണ്. പക്ഷേ, ഇത്തരത്തില്‍ വളരെ വിഷമകരമായൊരു സന്ദര്‍ഭത്തിലൂടെ പോവുമ്പോഴും സമൂഹത്തില്‍ നിന്നും, കുടുംബാംഗങ്ങളില്‍ നിന്നും, മാധ്യമങ്ങളില്‍ നിന്നൊക്കെയായി കുറേയേറെ ചോദ്യങ്ങള്‍ വന്നിരുന്നു. ഇനി ഏത് കോടതിയിലേക്കാണ് പോവുന്നതെന്നായിരുന്നു എല്ലാവരും ചോദിച്ചത്.
കാര്യമായ തീരുമാനങ്ങളെടുക്കേണ്ടി വന്ന സമയമായിരുന്നു. എനിക്ക് അത് ചെയ്‌തേ പറ്റൂ, ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും, ഉള്ളിന്റെയുള്ളില്‍ നമുക്ക് സന്തോഷം തരുന്ന, ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന കാര്യം ചെയ്യാനും പറ്റി. ഒരമ്മയെന്ന നിലയില്‍ എന്റെ കുട്ടികളെ പോത്സാഹിപ്പിക്കുന്ന സമയമാണ് എനിക്കേറ്റവും സന്തോഷം കിട്ടുന്നത്. ഇത് ഞാന്‍ സ്വയം തിരിച്ചറിഞ്ഞ കാര്യമാണ്. മോന് ബുക്കെഴുതി സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു രാഹുലിന് ജാമ്യം കിട്ടാതെ വന്നതും, നമ്മള്‍ ഹൈക്കോടതിയിലേക്ക് പോവാനും തീരുമാനിച്ചത്. ഇന്ന് രാത്രി 11.59 വരെയല്ലേ സമയമുള്ളൂ എന്നോര്‍ത്ത് അവനെ വിളിച്ച് എഴുതിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു. ഞാനെന്ന വ്യക്തിയുടെ ഉള്ളില്‍ എനിക്ക് സന്തോഷം കിട്ടിയ സമയമായിരുന്നു. വേള്‍ഡ് ഓഫ് അനോമലീസ് എന്നാണ് അവന്റെ ബുക്കിന്റെ പേര്.
ഭയങ്കര ബുക്ക് എന്നൊന്നും പറയാനാവില്ല. സാധാരണ കുട്ടികള്‍ എഴുതുന്ന ബുക്ക്. കേസിനെക്കുറിച്ചുള്ള കാര്യങ്ങള്‍ക്ക് പിന്നാലെയായതിനാല്‍ എനിക്ക് അവനെ വേണ്ടവിധത്തില്‍ സഹായിക്കാന്‍ പറ്റിയില്ല. അവന്‍ എഴുതിയത് വായിച്ച് നോക്കാന്‍ പോലും പറ്റിയില്ല. ഇപ്പോഴാണ് എനിക്ക് അത് നോക്കി എഡിറ്റ് ചെയ്യാന്‍ പറ്റിയത്. ജീവിതത്തില്‍ സക്‌സസ് എന്താണെന്നത് മറ്റുള്ളവര്‍ പറയുകയോ, വിചാരിക്കുകയോ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുമ്പോഴല്ല എന്ന് ഞാന്‍ മനസിലാക്കുന്നു. രാഹുലേട്ടന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ചെയ്തു. അത് എന്റെ ഉത്തരവാദിത്തമാണ്. മക്കളുടെ ജീവിതത്തിന് ഉയര്‍ന്ന വരുന്നൊരു കാര്യം ചെയ്യുമ്പോഴാണ് എനിക്ക് ഞാന്‍ വിജയിച്ചു എന്ന് തോന്നുന്നത്. ഈയൊരു പുസ്തകം എന്റെ കൈയ്യില്‍ വന്നപ്പോഴുള്ള സന്തോഷമുണ്ടല്ലോ പറഞ്ഞറിയിക്കാനാവുന്നതല്ല അത്. അവന്റെ അച്ഛന്‍ ആദ്യ ബുക്ക് എഴുതിയത് 19 വയസിലാണ്, അവന്‍ എട്ടുവയസിലും എന്നും ദീപ പറഞ്ഞിരുന്നു.


Click it and Unblock the Notifications