'ആ പെൺകുട്ടി സ്വയം തെറ്റ് തിരുത്തട്ടെ, നിങ്ങളായിട്ട് ജീവിച്ചിരിക്കുന്ന വ്യക്തിയെ കൂടി കൊലയ്ക്ക് കൊടുക്കരുത്'
കഴിഞ്ഞ മണിക്കൂറുകളിൽ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നായിരുന്നു ബസില്‍ ലൈംഗിക അതിക്രമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ദീപക്ക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവം. കോഴിക്കോട് മീഞ്ചന്ത ഗോവിന്ദപുരത്തെ ദീപക് ആണ് മരിച്ചത്. മരണ വാർത്ത പുറത്ത് വന്നതോടെ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ പ്രതിഷേധം ശക്തമായി. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ സൈബർ ബുള്ളിയിങ് നടത്തി ജീവിച്ചിരിക്കുന്ന വ്യക്തിയെ കൂടി കൊലയ്ക്ക് കൊടുക്കരുതെന്ന് പറയുകയാണ് സീരിയൽ താരം അമേയ നായർ.
നടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ പെൺകുട്ടിയെ നിയമപരമായി കുരുക്കാൻ സാധിക്കില്ലേയെന്ന് അടക്കം ചോദിച്ച് ചിലർ മെസേജ് അയച്ചിരുന്നു. എന്റെ അറിവ് വെച്ചുള്ള കാര്യങ്ങൾ ഞാൻ പറയാം. ആ പെൺകുട്ടിക്ക് എതിരെ കേസിന് പോകണമെങ്കിൽ അത് പ്രൂവ് ചെയ്യേണ്ടതായിട്ട് വരും.

മരിച്ച വ്യക്തിയുടെ കുടുംബത്തിന് നിയമപരമായി പോകാൻ സാധിക്കും. പണിഷബിൾ ഒഫൻസാകും. ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് പറയാനുള്ളത്.. എന്നാണ് നമ്മുടെ കയ്യിൽ ഈ സോഷ്യൽമീഡിയയൊക്കെ വന്ന് തുടങ്ങിയത്. ക്യാമറയുള്ള മൊബൈൽ ഫോണുമായി നമ്മൾ ബസ്സുകളിൽ യാത്ര ചെയ്ത് തുടങ്ങിയിട്ട് അധികമായിട്ടില്ലല്ലേ. ഇതൊന്നും ഇല്ലാത്ത ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. അമ്മയടക്കം കുടുംബത്തിലുള്ള എല്ലാ സ്ത്രീകളും ഈ ഒരു സാഹചര്യത്തെ എതിർത്ത് വന്നവരാണ്.
അവരുടെ കയ്യിൽ ക്യാമറയുണ്ടായിരുന്നില്ല. സോഷ്യൽമീഡിയ ഉണ്ടായിരുന്നില്ല. അവർക്ക് നേരെ വരുന്ന കാര്യങ്ങൾ എവിടേയും ഇട്ടിരുന്നുമില്ല. ആരുടേയും ലൈഫ് സ്പോയിൽ ആയതുമില്ല. ഈയിടെയായി ഒത്തിരി വീഡിയോസ് ഇങ്ങനെ കാണുന്നുണ്ട്. പെൺകുട്ടികൾ അവർക്ക് എതിരെ വരുന്ന കാര്യങ്ങൾ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുന്നു. വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുന്നതിന്റെ പകുതി ധൈര്യം മതി പ്രതികരിക്കാൻ.
ഒരാൾ ദേഹത്ത് തൊടുമ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ നോട്ടം കൊണ്ട് അത് അവർക്ക് മനസിലാക്കി കൊടുക്കാൻ പറ്റും. അതിൽ നിന്നില്ലെങ്കിൽ ഒച്ചയെടുത്ത് സംസാരിക്കുക. ശക്തമായി പ്രതികരിക്കുക. പോലീസിനെ അറിയിക്കുക. എന്നിട്ട് ഷൂട്ട് ചെയ്യുക. ഫാമിലിയെ വിളിച്ച് വരുത്തി ഒപ്പം നിർത്തിയും പ്രതികരിക്കാം. ക്യാമറ ഇല്ലാതിരുന്ന കാലത്തും നമ്മുടെ നാട്ടിൽ സ്ത്രീകൾ ജീവിച്ചിരുന്നു. അവരും ഇത്തരം കാര്യങ്ങൾക്ക് എതിരെ പ്രതികരിച്ച് കയറി വന്നവരാണ്. പക്ഷെ വീഡിയോ എടുക്കുന്നതിലൂടെ എന്താണ് ബെനിഫിറ്റെന്ന് എനിക്ക് മനസിലാവുന്നില്ല.
ഞാനാണെങ്കിൽ ശരീരത്തിൽ ഒരാൾ മുട്ടിക്കൊണ്ടിരിക്കുമ്പോൾ വീഡിയോ എടുക്കാനുള്ള ക്ഷമ എനിക്കുണ്ടാവില്ല. ഞാൻ ഉടനെ റിയാക്ട് ചെയ്യും. വീഡിയോ എടുക്കാൻ പറ്റില്ല. അത് ചെയ്യാതെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമ്പോൾ എന്ത് ബെനിഫിറ്റാണ് കിട്ടുന്നത്?. ആ വ്യക്തി ആത്മഹത്യ ചെയ്തു. സമൂഹത്തിന് ആജീവനാന്ത കാലത്തേക്ക് ഒരു ഇരയെ കിട്ടിയിരിക്കുന്നു. നിങ്ങൾ നിങ്ങളെ തന്നെ ഇട്ടുകൊടുത്തു.

ആരെയും പറഞ്ഞിട്ട് കാര്യമില്ല. ഇത്തരത്തിൽ പെരുമാറും മുമ്പ് ചിന്തിക്കുക. സംഭവ സ്ഥലത്ത് പ്രതികരിക്കുക. അല്ലാതെ സോഷ്യൽമീഡിയയിൽ ഇട്ട് പബ്ലിസിറ്റി കൊടുത്ത് അയാളെയും അയാളുടെ ഫാമിലിയേയും എല്ലാം വേദനിപ്പിക്കണോ?. വയസായ മാതാപിതാക്കളാണ് ആ മരിച്ച വ്യക്തിക്കുള്ളത്. അവരും എന്തെങ്കിലുമൊക്കെ ചെയ്താൽ വീഡിയോ ഇട്ട പെൺകുട്ടി ഉത്തരവാദിയാകും. മനുഷ്യത്വം ഉപയോഗിക്കുക. മനുഷ്യരിൽ അത് കുറഞ്ഞ് വരികയാണ്.
ആരെങ്കിലും നിങ്ങളോട് മോശമായി പെരുമാറിയാൽ അയാളോട് മാത്രം പ്രതികരിക്കുക. കുടുംബത്തെ വലിച്ചിടരുത്. സമൂഹം മുഴുവൻ അയാളെ ആക്രമിക്കും. അതുകൊണ്ട് നിങ്ങൾക്ക് എന്താണ് പ്രയോജനം. ആ വ്യക്തി മരിച്ചുപോയി. എനിക്ക് സമൂഹത്തോട് പറയാനുള്ളത് ഇനി നിങ്ങളായിട്ട് ജീവിച്ചിരിക്കുന്ന വ്യക്തിയെ കൊല്ലരുത്. തെറ്റ് പറ്റിയെങ്കിൽ തിരിച്ചറിഞ്ഞ് ആ വ്യക്തി അവർക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യട്ടേ... ആ സ്പേസ് കൊടുക്കുക. നിങ്ങൾ പോയി അവരെ ചീത്തവിളിച്ച് കൊല്ലിക്കരുത്. അതുകൊണ്ട് നിങ്ങൾക്കൊന്നും കിട്ടാനില്ല. ആ കുട്ടി പണി കൊടുക്കാൻ പോയി പണി വാങ്ങിച്ചു. സ്വയം തെറ്റ് തിരുത്തട്ടെ.
ജനങ്ങൾ നിയമം കയ്യിലെടുക്കരുത്. ആരും സോഷ്യൽമീഡിയ നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നില്ല. ഒന്നുകിൽ ഓസ്ട്രേലിയയിൽ ചെയ്തതുപോലെ സോഷ്യൽമീഡിയ നിരോധിക്കുക. എങ്ങനെ വേറൊരാളുടെ ലൈഫിൽ പ്രശ്നങ്ങൾ ഉണ്ടാക്കാം എന്നതിന് വേണ്ടിയാണ് കൂടുതലും ആളുകളും ഉപയോഗിക്കുന്നത്. ഇത് ഇല്ലായിരുന്നുവെങ്കിൽ അത്രയും തലവേദനയും സമാധാനക്കേടും ഒഴിഞ്ഞുകിട്ടും. പെൺകുട്ടികൾ ചിന്തിച്ച് പ്രവർത്തിക്കുക എന്നും അമേയ നായർ പറഞ്ഞു.


Click it and Unblock the Notifications











