'സുഖമില്ലാതെ കിടന്നപ്പോൾ മരിച്ചുവെന്ന് വാർത്ത, താൻ മരിച്ചോടോയെന്ന് കിഷോർ, ചാനലുകളെ വിശ്വസിക്കാൻ പറ്റാത്ത കാലം'
ദേവി ചന്ദനയും ഭർത്താവ് കിഷോറും യുട്യൂബ് വ്ലോഗിങ്ങുമായി സജീവമാണ്. കൃത്യമായ ഇടവേളകളിൽ വ്ലോഗുകൾ പങ്കുവെയ്ക്കാൻ ഇരുവർക്കും കഴിയാറില്ലെങ്കിലും നോട്ടിഫിക്കേഷൻ വന്നാൽ വ്ലോഗ് കാണാൻ ആളുകൾ ഓടി എത്തും. ന്യൂഇയർ സ്പെഷ്യലായി ഇരുവരും ഒരു വീഡിയോ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വർഷം പാളിപ്പോയ ന്യൂഇയർ റെസല്യൂഷനുകളും പാലിക്കപ്പെട്ട റെസല്യൂഷനുകളെ കുറിച്ചുമാണ് ഇരുവരും സംസാരിച്ചത്.
ഒട്ടുമിക്ക തീരുമാനങ്ങളും പാലിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞുകൊണ്ടാണ് ദേവി ചന്ദന സംസാരിച്ച് തുടങ്ങിയത്. നോ പറയേണ്ടിടത്ത് നോ പറയണമെന്ന് കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു അത് ഏറെക്കുറേ പ്രാവർത്തികമാക്കാനും എനിക്ക് കഴിഞ്ഞു. കിഷോർ പിന്നെ പരിപാടിക്ക് ആളുകൾ വിളിച്ചാൽ പോലും നോ പറയുന്നയാളാണ്. സോഷ്യൽമീഡിയ ഉപയോഗിക്കുന്നത് കുറയ്ക്കുമെന്ന് തീരുമാനിച്ചിരുന്നു.

പക്ഷെ നടന്നില്ല. ഇപ്പോഴും തുടരുന്നു. എല്ലാ ഫസ്റ്റ് ന്യൂസും ആദ്യം അറിയുന്നത് കിഷോറാണ്. അതുവഴിയാണ് ഞാനും അറിയുന്നത്. പത്രം വരുത്താതതുകൊണ്ട് ആകെ ന്യൂസ് അറിയാനുള്ള ആശ്രയം ഫോണാണ്. ന്യൂസ് ചാനലുകളെ വിശ്വസിക്കാൻ പറ്റാത്ത കാലം കൂടിയാണ്. അതും പറയണമല്ലോ. ഞാൻ മരിച്ചുവെന്ന് അടുത്തിടെ ഒരു ചാനലിൽ വാർത്ത വന്നു.
ഞാൻ ആ സമയത്ത് സുഖമില്ലാതെ കിടക്കുകയായിരുന്നു. അതുകണ്ട് കിഷോർ എന്നെ ഫോൺ വിളിച്ച് ചോദിച്ചു താൻ മരിച്ചോടോ എന്താണ് അവസ്ഥയെന്ന്. ഇല്ല ഞാൻ മരണപ്പെട്ടിട്ടില്ലെന്ന് ഞാനും പറഞ്ഞു. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് കഴിഞ്ഞ വർഷം കുറച്ചുനാൾ ദേവി ചന്ദന ആശുപത്രിയിലായിരുന്നു. ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് ദേവി ചന്ദനയും ഭർത്താവ് കിഷോറും പറഞ്ഞിരുന്നു.
ഇത്തവണ എന്റെ ന്യൂഇയർ മൂകാംബിക അമ്പലത്തിൽ ആയിരുന്നു. ശിൽപ്പയ്ക്കും റെയ്ജനും ഒപ്പമാണ് ഞാൻ പോയത്. കിഷോറേട്ടന് പതിവുപോലെ പ്രോഗ്രാമായിരുന്നു. എന്റേത് ഒരു തീർത്ഥാടനമായിരുന്നു. ഒരുപാട് ക്ഷേത്രങ്ങളിൽ പോയി. സെൽഫ് കെയർ ചെയ്യുമെന്ന് ഞാൻ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. പക്ഷെ ഒന്നും പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല.
അതുകൊണ്ട് തന്നെ വർഷാവസാനമായപ്പോൾ ആശുപത്രിയിൽ കയറേണ്ടി വന്നു. അതിനുശേഷം വീണ്ടും ഹെൽത്തും ഫുഡ്ഡും ഫിറ്റ്നസും ശ്രദ്ധിച്ച് തുടങ്ങി. ഞാൻ ഡാൻസ് ചെയ്ത് തുടങ്ങിയെന്നും പലർക്കും അറിയില്ല. എല്ലാം ബേധമായി ഞാനിപ്പോൾ നൃത്തം ചെയ്യുന്നുണ്ട്. ഡാൻസ് ക്ലാസ് നന്നാക്കിയെടുക്കണമെന്ന് ആഗ്രഹം ഈ വർഷമുണ്ട്. ഭക്ഷണം പരമാവധി വീട്ടിൽ നിന്നും കഴിക്കാൻ ഞാൻ തീരുമാനിച്ചു ദേവി ചന്ദന പറഞ്ഞു.

തുടർന്ന് കിഷോറും പാലിക്കപ്പെടാതെ പോയ തന്റെ ന്യൂഇയർ റെസല്യൂഷനുകളെ കുറിച്ച് സംസാരിച്ചു. പുതിയതായി എന്തെങ്കിലും പഠിക്കണമെന്ന് കഴിഞ്ഞ വർഷം ഞാൻ തീരുമാനിച്ചിരുന്നു. പക്ഷെ അത് സാധിച്ചില്ല. പ്രോഗ്രാം ഉപജീവന മാർഗമായതുകൊണ്ട് അത് ഒഴിവാക്കാൻ പറ്റില്ലല്ലോ. പോകെ പോകെ ന്യൂഇയർ ആഘോഷം കുറഞ്ഞ് വരുമെന്ന് എനിക്ക് തോന്നുന്നു. രണ്ട് വർഷം മുമ്പ് വരെ ന്യൂഇയർ സമയത്ത് കോളും മെസേജും കാരണം ഫോൺ ജാമാകുമായിരുന്നു.
ഇപ്പോൾ അതില്ല. ആകെപ്പാടെ മൂന്നോ നാലോ വിഷസ് വന്നാലായി. അതുപോലെ പ്രോഗ്രാമുകൾ കുറഞ്ഞു. ന്യൂഇയർ ദിനത്തിൽ ഡിജെ പാർട്ടീസ് മാത്രമായി ഒതുങ്ങി. ഇതെല്ലാം സൂചിപ്പിക്കുന്നത് കാലക്രമേണ ന്യൂഇയർ ആഘോഷിക്കുന്നത് പോകെ പോകെ കുറയും എന്നാണ്. ഒരുപാട് പേർ ഇത്തവണ ന്യൂഇയർ വീടുകളിലാണ് ആഘോഷിച്ചതെന്നും കിഷോർ പറഞ്ഞു.
മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ദേവി ചന്ദന. കോമഡി-സ്‌കിറ്റുകളിലൂടെയാണ് ദേവി ചന്ദന ചലച്ചിത്ര രംഗത്തേക്ക് കടന്ന് വരുന്നത്. ദീർഘകാലത്തെ പ്രണയത്തിന് ശേഷമാണ് കിഷോറും ദേവി ചന്ദനയും വിവാഹിതരായത്.


Click it and Unblock the Notifications











