മഞ്ഞപിത്തം വഷളായി... മരിച്ചുപോയെന്ന് വാർത്ത, ജീവൻ തിരിച്ച് തന്നത് ആറ്റുകാൽ അമ്മ, എന്റെ ഒരു മോശം സമയമായിരുന്നു!
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടി ദേവി ചന്ദനയും ഇത്തവണ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ എത്തിയിരുന്നു. മരണത്തെ മുഖാമുഖം കണ്ടശേഷം ജീവിതത്തിലേക്ക് തിരിച്ച് എത്തിയതാണ് എന്നതുകൊണ്ട് തന്നെ ഇത്തവണ പൊങ്കാല നടിക്ക് അൽപ്പം സ്പെഷ്യലായിരുന്നു. ഫ്ലാറ്റിലെ സുഹൃത്തുക്കൾക്കും അമ്മയ്ക്കും ഒപ്പമാണ് ദേവി ചന്ദന പൊങ്കാലയിടാൻ എത്തിയത്.
മൂന്നാം തവണയാണ് ഞാൻ പൊങ്കാല സമർപ്പിക്കുന്നത്. പൊങ്കാല സമയത്ത് ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതും ഓർക്കുന്നതും എന്റെ അമ്മമ്മയെയാണ്. ഭഗവാന്റെ അടുത്തേക്ക് പോകുന്നത് വരെ അമ്മമ്മ സ്ഥിരമായി പൊങ്കാല ഇടുമായിരുന്നു. ഞങ്ങളെയൊക്കെ ഓർത്ത് ഞങ്ങൾക്ക് വേണ്ടിയും പൊങ്കാല ഇടുമായിരുന്നു.

അരോമയിലാണ് ഞങ്ങൾ പൊങ്കാല ഇടുന്നത്. ഫ്ലാറ്റിൽ നിന്നും കുറച്ചുപേരുണ്ട്. ഞങ്ങൾ ഒരു ഗ്രൂപ്പായാണ് പൊങ്കാല ഇടാൻ എത്തിയത്. ഞാനും അമ്മയും ഫ്ലാറ്റിലെ കുറച്ച് ചേച്ചിമാരുമുണ്ട്. സ്പെഷ്യൽ വിഭവം ഒന്നുമില്ല. ചക്കര പൊങ്കാലയാണ് ഇടുന്നത്. അമ്മയ്ക്ക് ഏറ്റവും പ്രിയവും അത് തന്നെയാണെന്ന് കേട്ടിട്ടുണ്ട്. പിന്നെ ഒരുപാട് പേർ മണ്ടപുറ്റ് അപ്പവും തെരളി അപ്പവുമൊക്കെ ഉണ്ടാക്കുന്നുണ്ട്. അത് ഓരോരുത്തരുടെ പ്രാർത്ഥനയാണല്ലോ.
എല്ലാവരുടേയും ആഗ്രഹങ്ങൾ നടക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു. ചാന്ദ്നി ചേച്ചിയാണ് ഞങ്ങളുടെ ഗുരുസ്വാമി. ഞാൻ ആദ്യം പൊങ്കാല ഇട്ടപ്പോൾ എനിക്ക് എല്ലാം പറഞ്ഞ് തന്നതും ചാന്ദ്നി ചേച്ചിയാണ്. ഞങ്ങൾ എല്ലാവരും ഒരുപോലെ സെറ്റും മുണ്ടും വാങ്ങി ബ്ലൗസ് സ്റ്റിച്ച് ചെയ്ത് യൂണിഫോം പോലെ ധരിച്ചാണ് എത്തിയതെന്നും ചന്ദന തന്റെ വിശേഷങ്ങൾ പങ്കുവെച്ച് പറഞ്ഞു.
കുറച്ച് മാസങ്ങൾക്ക് മുമ്പ് മഞ്ഞപിത്തം വന്നതിനെ കുറിച്ചും അസുഖം മൂർച്ഛിച്ച് ആശുപത്രിയിലായിരുന്നപ്പോഴുള്ള അനുഭവവും ദേവി ചന്ദന പങ്കുവെച്ചു. എന്റെ പുനർജന്മമാണിതെന്ന് ഞാൻ യുട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. അസുഖം മാറി തിരിച്ച് വന്നതാണ്. ഞാൻ തിരിച്ച് വന്നുവെങ്കിൽ അതിൽ അമ്മയ്ക്കും പങ്കുണ്ട്. ഇന്നലെ തന്നെ ഞങ്ങൾ തിരുവനന്തപുരത്ത് എത്തി. ശേഷം അമ്പലത്തിൽ തൊഴാനായി പോയി.
ആ സമയത്ത് നമ്മളെ ഒരു പരിചയവും ഇല്ലാത്ത നമ്മളെ സീരിയലിലൂടെ മാത്രം കണ്ട് അറിയാവുന്ന ആളുകൾ പോലും വന്ന് ഞങ്ങൾ എല്ലാവരും പ്രാർത്ഥിച്ചിരുന്നു... വയ്യായിരുന്നുവെന്ന് കേട്ടപ്പോൾ സങ്കടമായി എന്നൊക്കെ പറഞ്ഞു. അങ്ങനെയൊക്കെ ആളുകൾ പറയുന്നുണ്ടല്ലോ. അതിലും വലിയ അനുഗ്രഹം വേറെ കിട്ടാനില്ല. ഒരു പരിചയവുമില്ലാത്ത ആളുകൾ നമുക്ക് വേണ്ടി പ്രാർത്ഥിച്ചുവെന്ന് പറയുന്നത് വലിയ കാര്യമാണ്.

ആ പ്രാർത്ഥനകൾ കൊണ്ടായിരിക്കണം ജീവിതത്തിലേക്ക് തിരിച്ച് വന്നത്. എനിക്ക് മഞ്ഞപിത്തമായിരുന്നു. പക്ഷെ കണ്ടുപിടിക്കാൻ വൈകിപ്പോയി. ആശുപത്രിയിൽ ചികിത്സ തേടാൻ വൈകി. അതാണ് കൂടുതൽ പ്രശ്നമായത്. പിന്നെ എല്ലാവരുടേയും പ്രാർത്ഥനകൊണ്ട് അസുഖം ഭേദമായി. പഴയതിനേക്കാൾ ഉഷാറായി ജീവിതത്തിലേക്ക് തിരികെ വന്നു.
പലരും ഞാൻ മരിച്ചുവെന്നൊക്കെ വാർത്ത കൊടുത്തു. അത്തരം വീഡിയോകൾ കാണുമ്പോൾ ഇപ്പോഴും സുഹൃത്തുക്കൾ സ്ക്രീൻ ഷോട്ട് എടുത്ത് അയക്കും. എടോ താൻ മരിച്ചോടോ എന്നൊക്കെ ചോദിക്കും. ആ സമയത്ത് ഞങ്ങൾക്ക് അസുഖ വിവരം പുറത്ത് പറയാതെ വേറെ വഴിയില്ലായിരുന്നു. കാരണം വിദ്യാരംഭ സമയം അതുമായി ബന്ധപ്പെട്ടുള്ള പ്രോഗ്രാമുകൾ എല്ലാം ഉണ്ടായിരുന്നു. അതൊക്കെ അവസാനം കാൻസൽ ചെയ്തു.
എന്തുകൊണ്ട് പെട്ടന്ന് കാൻസൽ ചെയ്തുവെന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയായിരുന്നു ആ വീഡിയോ. മഞ്ഞപിത്തം അത്രത്തോളം വഷളായിരുന്നു. എന്റെ ഒരു മോശം സമയം ആയിരുന്നു. എല്ലാവരുടെ ജീവിതത്തിലും ഉയർച്ച താഴ്ചകൾ ഉണ്ടാകുമല്ലോ ദേവി ചന്ദന പറഞ്ഞു.


Click it and Unblock the Notifications

















