'ശരിക്കും കിളി പറന്ന അവസ്ഥയിലായിരുന്നു സുബി, ദിയാ സന ഞെട്ടിച്ചു'; വൈറൽ വീഡിയോയെ കുറിച്ച് കണ്ണൻ സാഗർ!
സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് സുബി സുരേഷ്. സോഷ്യൽമീഡിയയിലും സുബി സജീവമാണ്. കഴിഞ്ഞ ദിവസം സുബി പങ്കുവെച്ച ഒരു വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. ആക്ടിവിസ്റ്റും ബിഗ് ബോസ് മലയാളം സീസൺ 1 ഫെയിമുമായ ദിയ സനയുമായുള്ള ഒരു അഭിമുഖത്തിന്റേയും അതിനിടയിൽ നടന്ന ചില അപ്രതീക്ഷിത സംഭവങ്ങളുടേയും വീഡിയോയാണ് സുബി പങ്കുവെച്ചത്. ആക്റ്റിവിസ്റ്റുകളെ പരിഹസിക്കുന്ന തരത്തിൽ സുബി അണിഞ്ഞൊരുങ്ങിയ വേഷവും വർത്തമാനവുമാണ് ദിയ സനയെ പ്രകോപിപ്പിച്ചത്.
കൈരളി ടിവിയുടെ പരിപാടിക്കിടയിലായിരുന്നു സംഭവം. രോഷം പൂണ്ട് സുബി സുരേഷിനെ ദിയ സന തല്ലുന്നതും വീഡിയോയിൽ കാണാം. സംഭവം വൈറലായതോടെ വീഡിയോയ്ക്ക് പിന്നിൽ യഥാർഥത്തിൽ എന്താണ് നടന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുബിക്കൊപ്പം കൈരളി ടിവിയിലെ ഹാസ്യ പരിപാടി കോമഡി തില്ലാന അവതരിപ്പിക്കുന്ന കണ്ണൻ സാഗർ. പ്രമോയിലൂടെ പ്രേക്ഷകർ കണ്ട വീഡിയോ പ്ലാൻ ചെയ്ത് നടത്തിയ ആക്ടാണ് എന്നാണ് കണ്ണൻ സാഗർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

'കുറച്ച് നാളുകൾക്ക് ശേഷമാണ് എനിക്ക് കുറെയേറെ ഫോൺ കോൾ അടുപ്പിച്ചും പാതി രാത്രിയിലും ഒക്കെ വരുന്നത്. കണ്ണനല്ലേ ദിയാ സനയും സുബി സുരേഷും തമ്മിൽ എന്താ വിഷയം? എന്നാണ് എല്ലാവർക്കും അറിയേണ്ടത്. കൈരളി ചാനലിൽ വന്ന കോമഡി തില്ലാനാ എന്ന ഷോയുടെ പ്രമോ കണ്ടിട്ട് വിളിവരുന്നതാണ്. ഈ ചോദ്യം സിനിമ ടിവി മേഖലയിലുള്ള സഹപ്രവർത്തകരും മാധ്യമ സുഹൃത്തുവരെ ചോദിച്ചു. ഇത് സത്യമായിരിക്കില്ലല്ലോ എന്ന സംശയത്തിൽ നമ്പർ തപ്പിയെടുത്തു സ്വസ്ഥത തരാതെ വിളിച്ച സാധാരണക്കാർ വരെയുണ്ട് ഈ വിളിക്കൂട്ടത്തിൽ. അനൂപ് കൃഷ്ണൻ എഴുതി ഹണി സംവിധാനം ചെയ്ത് കൈരളി ചാനലിൽ ഒട്ടനവധി അവാർഡുകൾ ഇതിനോടകം നേടിയ തമാശക്ക് ഊന്നൽ നൽകി സുബി സുരേഷ് അവതരിപ്പിക്കുന്ന ഷോയാണ് കോമഡി തില്ലാനാ. ഇതിൽ പങ്കെടുത്ത താരമായിരുന്നു ദിയാ സന.'

'വാക്കുതർക്കവും കളിയാക്കലും ശകലം നീരസവും വെല്ലുവിളിയും അൽപ്പമൊക്കെ ചേർത്ത് ഷോ കൊഴുത്തു. ഇത് സ്ക്രിപ്റ്റ് ബേസിൽ അനൂപ് കൃഷ്ണൻ പ്ലാൻ ചെയ്ത് പ്ലേ ചെയ്യിച്ചതാണ്. ഒരു സത്യം ഞാനും സുബി സുരേഷും ഇത് അറിഞ്ഞിട്ടില്ല. ശരിക്ക് ഞാനും ഒന്ന് വിരണ്ടു. ദിയ അതുപോലെ പെർഫോമൻസ് ചെയ്തു. ദിയയൊരു ആക്റ്റീവ്സ് കൂടിയായപ്പോൾ കളമങ്ങുമാറി ആകെ ഒരു വല്ലാത്ത അവസ്ഥ. ദിയ ഒന്ന് കത്തിക്കേറിയപ്പോൾ കളം മാറും എന്ന് കണ്ട് കട്ട് പറഞ്ഞ് ഉദ്ദേശശുദ്ധിയെ കുറിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞ് തന്നൂ അനൂപും ബ്രിജിത്തും സംവിധായകൻ ഹണിയും. കുറച്ചു നേരത്തേക്ക് സുബിക്ക് കിളിപോയി നിക്കേണ്ടി വന്നു. ഞാൻ കായലിൽ ചാടി രക്ഷപെടാൻ വരെ നോക്കിയതാ ദിയ അതുപോലെ പൊളിച്ചടുക്കി വിരട്ടി കളഞ്ഞു.'

'ഷോ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തു. ഇപ്പോഴാണ് ഒന്ന് സ്വസ്ഥമായതുപോലെ ഒരു തോന്നൽ വന്നത്. ചിലരോട് ഒറിജിനൽ അടിയാണെന്ന് വരെ പറയേണ്ടി വന്നു. അവർ ഈ ഷോ കണ്ടെങ്കിൽ പിന്നെയും വിളിവരുമെന്ന ഒരു പേടിയിലാ ഞാനും. കോമഡി തില്ലാനാ ക്രൂവിന് അണിയറ പ്രവർത്തകർക്ക് ആശംസകൾ' സത്യാവസ്ഥ വെളിപ്പെടുത്തി കണ്ണൻ സാഗർ കുറിച്ചു. ദിയ സന എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന വ്യക്തി കൂടിയായതിനാലാണ് വീഡിയോ ജനശ്രദ്ധ നേടിയതും വൈറലായി മാറിയതും.


Click it and Unblock the Notifications