ഈ ജന്മം നിന്നെ മറക്കാൻ കഴിയില്ല, അവസാനമായി കാണാൻ വരാതിരുന്നതിന് അമ്മയോട് ദേഷ്യമുണ്ടോ?; ഡിംപിൾ കരയിപ്പിച്ചു!
സിനിമാ-സീരിയൽ താരം ഡിംപിൾ റോസ് വിവാഹശേഷമാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. ഇപ്പോൾ കണ്ടന്റ് ക്രിയേറ്റർ, യുട്യൂബർ എന്നീ ലേബലുകളിലാണ് നടി സജീവം. കഴിഞ്ഞ ദിവസം ഡിംപിൾ പങ്കിട്ട റീലാണ് പ്രേക്ഷകരുടെ കണ്ണ് നിറച്ചത്. മരിച്ചുപോയ തന്റെ കുഞ്ഞിനെ ഒരിക്കൽ കൂടി കാണാൻ സാധിച്ചിരുന്നുവെങ്കിൽ അവനോട് താൻ ചോദിക്കാൻ പോകുന്ന ചോദ്യങ്ങളും അവൻ തന്നോട് സംസാരിക്കാൻ സാധ്യതയുള്ള കാര്യങ്ങളുമാണ് ഭാവനയിൽ റീലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ ഡിംപിൾ അവതരിപ്പിച്ചത്.
ഇരട്ട കുഞ്ഞുങ്ങളായിരുന്നു നടിക്ക് പിറന്നത്. രണ്ടുപേരും ആൺകുഞ്ഞുങ്ങൾ. പക്ഷെ അവരിൽ ഒരാളെ പിറന്ന് മണിക്കൂറുകൾക്കുള്ളിൽ നഷ്ടപ്പെട്ടു. കുഞ്ഞിന്റെ മരണവാർത്ത അറിഞ്ഞാൽ ഡിംപിൾ മാനസീകമായി തകർന്ന് പോകുമെന്ന് അറിയാവുന്നതുകൊണ്ട് തന്നെ കുടുംബം ഇക്കാര്യം മറച്ച് വെച്ചു.

കുഞ്ഞിന്റെ സംസ്കാരം കഴിഞ്ഞശേഷമാണ് ഡിംപിളിനെ അറിയിച്ചത്. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത തന്റെ മകന് കെസ്റ്റർ എന്നാണ് ഡിംപിൾ പേര് നൽകിയത്. അമ്മ എന്നെ ഓർക്കാറുണ്ടോ? ഈ ജന്മം നിന്നെ മറക്കാൻ കഴിയില്ലല്ലോ, എല്ലാവരും ഒരുപാട് പറഞ്ഞില്ലേ മറന്നേക്കാൻ... അമ്മക്ക് അതിന് കഴിയില്ലെന്ന് അവർക്ക് അറിയല്ലല്ലോ, നിനക്ക് അമ്മയോട് ദേഷ്യമുണ്ടോ? എന്തിന്? അവസാനമായി നിന്നെ ഒന്ന് കാണാൻ വരാതിരുന്നതിന്? ഇല്ല അങ്ങനൊരു അവസ്ഥയിൽ എന്നെ അമ്മ കാണാഞ്ഞത് നന്നായി,
അമ്മ എപ്പോഴും നിനക്ക് വേണ്ടി പ്രാർത്ഥിക്കും... എനിക്ക് അറിയാം..., അമ്മേടെ വേദനകളൊക്കെ മാറിയോ? മനസിന്റെ വേദന മരണം വരെ മാറില്ലല്ലോ, ഒരുപാട് കരഞ്ഞില്ലേ ഇനി മതി... അമ്മ ഇപ്പോൾ നിന്നെ ഓർത്ത് കരയാറില്ല... നീ എപ്പോഴും അമ്മയുടെ ഉള്ളിലുണ്ടെന്ന് കരുതാനാണ് അമ്മയ്ക്കിഷ്ടം എന്ന രീതിയിലായിരുന്നു ഇരുവരുടേയും സംഭാഷണം.
മാലാഖ കുഞ്ഞായ കെസ്റ്ററിന്റെ അടുത്ത് അമ്മയായി താൻ ഇരിക്കുന്ന സാങ്കൽപ്പിക ഫോട്ടോ ചാറ്റ് ജിപിടി പോലുള്ള അത്യാധുനിക സംവിധാനങ്ങൾ വഴിയാണ് ഡിംപിൾ റോസ് ക്രിയേറ്റ് ചെയ്ത് എടുത്ത്. കണ്ണ് നിറഞ്ഞിട്ട് അമ്മയുടേയും മകന്റേയും സംഭാഷണം വായിക്കാൻ കഴിയുന്നില്ലെന്നാണ് ഡിംപിളിന്റെ റീൽ കണ്ട് പ്രേക്ഷകർ കുറിച്ചത്. ഡിംപിളിനെപോലെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മറ്റ് അമ്മമാരും അവരുടെ മാനസീകാവസ്ഥയും വിഷമവും കമന്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കണ്ണ് നിറഞ്ഞിട്ട് അവസാനം വായിക്കാൻ പറ്റില്ല. ഇങ്ങനെ ഒന്നും എഴുതി ആരെയും കരയിക്കരുത്, ഈ അവസ്ഥയിലൂടെ കടന്നുപോയവർക്ക് മാത്രമെ ഈ വേദന അറിയൂ, എനിക്കും ഒരാൾ നഷ്ട്ടപെട്ടിട്ടുണ്ട്. ഇത് ശരിക്കും എന്നെ കരയിച്ചു, ഒരു അമ്മക് മാത്രം മനസിലാവുന്ന വേദന, അമ്മ അവന് വേണ്ടി പ്രാർത്ഥിക്കേണ്ട.

കെസ്റ്റർ ഈശോയുടെ അടുത്തെ മാലാഖ കുഞ്ഞല്ലേ. അവനോട് നമുക്ക് മദ്ധസ്ഥ്യം തേടി പ്രാർത്ഥിക്കാം. കരഞ്ഞുകൊണ്ടാണ് മുഴുവൻ വായിച്ചത് എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഇരട്ടകുട്ടികളാണ് തനിക്ക് പിറക്കാൻ പോകുന്നതെന്ന് അറിഞ്ഞപ്പോൾ മുതൽ ലോകം കീഴടക്കിയ സന്തോഷമായിരുന്നു ഡിംപിളിന്. പക്ഷെ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല കാര്യങ്ങൾ. ഗർഭകാലം കോംപ്ലിക്കേറ്റഡായിരുന്നു. 26മത്തെ ആഴ്ച വേദന തുടങ്ങി.
നേരെ ലേബർ റൂമിലേക്ക്. ഒടുവിൽ പ്രസവിച്ചു. രണ്ട് ആൺകുഞ്ഞുങ്ങളായിരുന്നു. ഇതൊന്നും ഞാൻ അറിയുന്നില്ല. ഒരു കുഞ്ഞ് കുറച്ച് കരഞ്ഞു. മറ്റേയാൾ കരഞ്ഞില്ല. കുട്ടികളെ പറ്റി പലതും ഞാൻ ചോദിക്കുന്നുണ്ടെങ്കിലും ആരും കൃത്യമായി മറുപടി തന്നില്ല. റൂമിലേക്ക് മാറി കുറച്ച് കഴിഞ്ഞപ്പോൾ അമ്മ വന്നു. അപ്പോഴാണ് അമ്മ പറയുന്നത് ഒരു ബേബിയുടെ ശവമടക്ക് കഴിഞ്ഞാണ് വരുന്നതെന്ന്. അടുത്ത ആൾ വെന്റിലേറ്ററിലും. മരിച്ച അവസ്ഥ ആയിരുന്നു അത്.
രണ്ട് കുഞ്ഞുങ്ങളെ വളർത്തുന്നത് സ്വപ്നം കണ്ടു കഴിയുകയായിരുന്ന ഞാൻ കേട്ടത് ഒരു മകന്റെ മരണവർത്തയാണ്. ഞാൻ കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല. രണ്ടാമത്തെ ആളെ ഞാൻ കാണുന്നത് 56-മത്തെ ദിവസമാണ്. അവയവങ്ങൾ ഒന്നും പൂർണ്ണവളർച്ച എത്തിയിരുന്നില്ല. അവനെ കണ്ടപ്പോൾ ഞാൻ കരയുകയാണ് ചെയ്തത്. വികൃത രൂപമായിരുന്നു അവന്.
ദൈവം എന്തിനാണ് എന്നോട് ഈ ക്രൂരത ചെയ്യുന്നതെന്ന് ഞാൻ ചിന്തിച്ചു പോയി.126 ദിവസങ്ങൾക്ക് ശേഷമാണ് എൻഐസിയു വാസം കഴിഞ്ഞ് മകനുമായി വീട്ടിൽ എത്തുന്നത് എന്നാണ് ഒരിക്കൽ ഡെലിവിറി സ്റ്റോറി പങ്കിട്ട് ഡിംപിൾ പറഞ്ഞത്. ജീവിനോടെ ലഭിച്ച ഇരട്ട കെസ്റ്ററിന്റെ ഇരട്ട സഹോദരൻ പാച്ചുവെന്ന് വിളിപ്പേരുള്ള കെൻഡ്രിക്കാണ് ഇപ്പോൾ ഡിംപിളിന്റെ ലോകം.


Click it and Unblock the Notifications


