'തീവ്രമായി സ്നേഹിച്ചിട്ടും പറ്റിക്കപ്പെട്ടു, അഭിമുഖങ്ങളിൽ തകർന്ന ആര്യയെ കണ്ടു, ഇനിയെങ്കിലും സന്തോഷിക്കട്ടെ'
ഈ വർഷം മിനിസ്ക്രീൻ പ്രേക്ഷകർ കേട്ട ഏറ്റവും സർപ്രൈസിങ്ങായ വിവാഹ വാർത്ത നടിയും അവതാരകയുമായ ആര്യ ബാബുവിന്റെ രണ്ടാം വിവാഹ പ്രഖ്യാപനമായിരുന്നു. വർഷങ്ങളേറെയായി സിംഗിൾ മദറായി ജീവിക്കുന്ന ആര്യ വൈകാതെ വിവാഹിതയാകും. വിവാഹ വാർത്തയേക്കാൾ ആരാധകർക്ക് ഞെട്ടലുണ്ടായത് വരന്റെ പേര് കേട്ടപ്പോഴായിരുന്നു. നടിയുടെ ഉറ്റ സുഹൃത്തും ബിഗ് ബോസ് താരവും ആർജെയുമെല്ലാമായ സിബിൻ ബെഞ്ചമിനാണ് വരൻ.
ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നത് പ്രേക്ഷകർക്കും അറിയാം. എന്നാൽ ആരും ഇരുവരും ഭാവിയിൽ ജീവിത പങ്കാളികളായി തീരുമെന്ന് പ്രതീക്ഷിച്ചില്ല. 2024 അവസാനത്തോടെയാണ് താൻ പ്രണയത്തിലാണെന്നും 2025ൽ വിവാഹിതയാകുമെന്നും ആര്യ അറിയിച്ചത്. അടുത്തിടെ വിദേശയാത്ര പോയപ്പോൾ സിംഗിൾ മദറായുള്ള തന്റെ അവസാനത്തെ ട്രിപ്പാണെന്നും ആര്യ കുറിച്ചിരുന്നു.

അന്ന് മുതൽ ആര്യയുടെ പങ്കാളി ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. കഴിഞ്ഞ ദിവസമാണ് വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് മനോഹരമായ കുറിപ്പിലൂടെ ആര്യ അറിയിച്ചത്. ഭാവി വരൻ സിബിനെ ചേർത്ത് പിടിച്ച് നിൽക്കുന്ന ഒരു ഫോട്ടോയും ആര്യ പങ്കിട്ടിരുന്നു. എന്നാൽ വിവാഹനിശ്ചയത്തിൽ നിന്നുള്ള മറ്റ് ചിത്രങ്ങളൊന്നും ആര്യ പങ്കിട്ടിട്ടില്ല.
ഇപ്പോഴിതാ സിബിനുമായുള്ള ആര്യയുടെ വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത വൈറലായതോടെ ഇരുവരും ഒരുമിച്ചുള്ള വീഡിയോയ്ക്ക് വന്ന കമന്റുകളാണ് ശ്രദ്ധ നേടുന്നത്. രണ്ടാമതൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചതിന് ആര്യയെ പ്രശംസിച്ചുള്ളതാണ് ഏറെയും കമന്റുകൾ. വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ ആര്യയ്ക്ക് ഇത്രയും കാലയളവിനിടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ആദ്യ വിവാഹം പിരിഞ്ഞതിനെക്കുറിച്ച് പലപ്പോഴായി നടി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
വിഷാദത്തിലേക്ക് തള്ളിവിട്ട ബ്രേക്കപ്പിനെക്കുറിച്ചും ആര്യ സംസാരിച്ചിരുന്നു. 2008ൽ ആയിരുന്നു ആര്യയുടെ ആദ്യ വിവാഹം. സീരിയൽ നടിയും നർത്തകിയുമായ അർച്ചന സുശീലന്റെ സഹോദരൻ രോഹിത്ത് സുശീലനെയാണ് താരം വിവാഹം ചെയ്തത്. അന്ന് നടി ടെലിവിഷൻ രംഗത്തൊന്നും സജീവമായിരുന്നില്ല. വീട്ടുകാർ ചേർന്ന് നിശ്ചയിച്ച് ഉറപ്പിച്ച വിവാഹവുമായിരുന്നു. പക്ഷെ ഒരു മകൾ പിറന്നശേഷം ഒത്തുപോകാൻ പറ്റാത്തതിനാൽ ഇരുവരും വേർപിരിഞ്ഞു.
എങ്കിലും നല്ലൊരു സുഹൃത്തെന്ന രീതിയിൽ ആര്യയും രോഹിത്തും സംസാരിക്കുകയും അഡ്വൈസുകൾ പരസ്പരം കൈമാറുകയും ചെയ്യാറുണ്ട്. ആര്യയുടെ മകൾ റോയ രോഹിത്തിനൊപ്പമാണ് അവധിക്കാലം ആഘോഷിക്കാറുള്ളത്. രോഹിത്തുമായി വേർപിരിഞ്ഞശേഷം വർഷങ്ങളോളം സിംഗിൾ മദറായി ജീവിച്ച ആര്യയ്ക്ക് ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന സമയത്ത് ഒരു പ്രണയമുണ്ടായിരുന്നു.

എന്നാൽ ബിഗ് ബോസിൽ നിന്നും തിരിച്ചെത്തിയശേഷം അയാൾ ആര്യയെ ഉപേക്ഷിച്ച് പോയി. ആര്യയുടെ സുഹൃത്തായ പെൺകുട്ടിയുമായി അയാൾ പ്രണയത്തിലാവുകയായിരുന്നു. പറ്റിക്കപ്പെട്ടുവെന്നത് അന്ന് തനിക്ക് വലിയ ഷോക്കായിരുന്നുവെന്നും പാനിക്ക് അറ്റാക്ക് വന്നതിനെ കുറിച്ചും ദിവസങ്ങളോളം മുറിയിൽ നിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞതിനെ കുറിച്ചുമെല്ലാം ആര്യ വെളിപ്പെടുത്തിയിരുന്നു.
ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒന്നായാണ് ആ ബ്രേക്കപ്പിനെ കുറിച്ച് ആര്യ പറയാറുള്ളത്. നടി പലപ്പോഴും ഇക്കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് തന്നെ സന്തോഷവും സമാധാനവും നൽകുന്ന ഒരു പാട്നറെ ആര്യ അർഹിക്കുന്നുവെന്ന ആരാധകരുടെ കമന്റുകൾ. ഏറ്റവും തീവ്രമായി സ്നേഹിച്ചിട്ട് പറ്റിക്കപ്പെട്ട് തകർന്ന ഒരു ആര്യയെ പല ഇന്റർവ്യൂവിലും കണ്ടിട്ടുണ്ട്. ഇനിയെങ്കിലും ആര്യയ്ക്ക് ഒരു നല്ല പാർട്ണറേയും സന്തോഷമുള്ള ഒരു ജീവിതവും കിട്ടട്ടെ.
ചിലപ്പോൾ ഇനിയാകും ഇവർക്ക് നല്ല ജീവിതം കിട്ടാൻ പോകുന്നത്, ഒരാൾ വലിച്ചെറിഞ്ഞത് മറ്റൊരാൾക്ക് അത്രമേൽ പ്രിയപ്പെട്ടതായി തീർന്നു, ഹാപ്പിയായി ജീവിക്കൂ. ഫ്രണ്ട്‌സ് ആയതുകൊണ്ട് നിങ്ങൾക്ക് രണ്ടുപേർക്കും മനസിലാക്കാൻ കഴിയും എന്നിങ്ങനെ എല്ലാമാണ് ആശംസകൾ നേർന്ന് വന്ന കമന്റുകൾ.


Click it and Unblock the Notifications