കോളിളക്കം സൃഷ്ടിച്ച കല്യാണം, ഇന്നും അവസാനിക്കാത്ത പരിഹാസം, ബന്ധം നിലനിൽക്കില്ലെന്ന് പറഞ്ഞപ്പോൾ...; ദിവ്യ
ഒരു വർഷം മുമ്പ് ഗുരുവായൂർ അമ്പലത്തിൽവെച്ച് ക്രിസ് വേണുഗോപാൽ താലി ചാർത്തി കൈ പിടിച്ചപ്പോഴാണ് താനും സ്നേഹിക്കപ്പെടാൻ യോഗ്യതയുള്ളവളാണെന്ന് ദിവ്യ ശ്രീധർ തിരിച്ചറിഞ്ഞത്. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയും വിവാഹമോചിതയുമായ ദിവ്യയെ വിവാഹം കഴിക്കാൻ തീരുമാനിച്ച നിമിഷം മുതൽ ഇന്നുവരേയും പലതരത്തിലുള്ള പരിഹാസങ്ങളും അപമാനങ്ങളും ക്രിസ്സും ദിവ്യയും ഏറ്റുവാങ്ങുന്നുണ്ട്.
സ്വത്ത് കണ്ട് മോഹിച്ച് വയസനെ ദിവ്യ വിവാഹം ചെയ്തുവെന്നാണ് കല്യാണ വാർത്ത പ്രചരിച്ചപ്പോൾ നിറഞ്ഞ കമന്റുകൾ. വിമർശനങ്ങളെയെല്ലാം അതിജീവിച്ച് ദാമ്പത്യ ജീവിതം ഒരു വർഷം പൂർത്തിയാക്കുമ്പോൾ വിവാഹ വാർഷികാഘോഷത്തിന്റെ വീഡിയോയുമായി എത്തിയിരിക്കുകയാണ് ദിവ്യ. ഈ ദിവസത്തെ പ്രത്യേകത എന്താണെന്ന് എല്ലാവർക്കും മനസിലായി കാണും.

വളരെ കോളിളക്കം സൃഷ്ടിച്ചൊരു കല്യാണം... പത്തരമാറ്റിലെ മൂർത്തി മുത്തശ്ശനും സുഖമോ ദേവിയിലെ ചന്ദ്രമതിയും തമ്മിലുള്ള കല്യാണം. ജനങ്ങൾക്ക് പരിഹസിക്കാനും ഒത്തിരി വിമർശനങ്ങൾ നേരിടാനും.... ഇന്ന് പിരിയും നാളെ പിരിയുമെന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുന്നിൽ ഇതാ ഞങ്ങളുടെ ദാമ്പത്യത്തിന് ഒരു വർഷം തികയുന്നു. ഞങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തിയ എല്ലാവർക്കും ഒത്തിരി നന്ദി.
എവിടെ കണ്ടാലും ദിവ്യ അല്ലേ?, ക്രിസ് അല്ലേ?, ക്രിസ് വന്നില്ലേ? എന്നൊക്കെ ചോദിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന ഒത്തിരിപ്പേരുണ്ട്. അവരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ആ സ്നേഹത്തിന് എന്ത് പറയണമെന്നും അറിയില്ല. നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും കൂടെയുണ്ടാകണം. വീട്ടിലെ അംഗത്തെപ്പോലെയാണ് നിങ്ങൾ ഞങ്ങളെ കണ്ടത്.
ആ സ്നേഹം എനിക്ക് ലഭിക്കാൻ തുടങ്ങിയത് ഈ ഒരു കല്യാണത്തോടെയാണ്. അതിന് സർവേശ്വരനോട് നന്ദി പറയുന്നു. ഇങ്ങനൊരു ലൈഫ് തന്ന ഏട്ടനും കുടുംബത്തിനും സൗമ്യ ചേച്ചിയോടും നന്ദി പറയുന്നു. കളിയാക്കലും പരിഹസിക്കലും ഒന്നും അവസാനിക്കുന്നില്ല. തുടർന്നുകൊണ്ടേയിരിക്കുന്നു. സന്തോഷം കൊണ്ടാണ് എന്റെ കണ്ണ് നിറഞ്ഞത്.
ഏട്ടന് വർക്കുണ്ട്. അതുകൊണ്ട് ഔട്ടിങ് മാത്രമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. വലിയ സെലിബ്രേഷനില്ല. ഏട്ടന്റെ പിറന്നാൾ നന്നായി ആഘോഷിക്കാൻ പറ്റിയിരുന്നു. അതിൽ ഹാപ്പിയാണ്. ഇടയ്ക്ക് മാത്രമാണ് പുറത്തൊക്കെ പോയി ഫുഡ് കഴിക്കുന്നത്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചവരോടുള്ള നന്ദി അറിയിക്കുന്നു ദിവ്യ പറഞ്ഞു.

ഒരു ഫോട്ടോ ഫ്രെയിമും കപ്പുമാണ് ക്രിസ്സിന് ദിവ്യ വെഡ്ഡിങ് ആനിവേഴ്സറി ഗിഫ്റ്റായി നൽകിയത്. ദിവ്യയുടെ ഇഷ്ടങ്ങളെല്ലാം വ്യക്തമായി ക്രിസ് മനസിലാക്കിയിരിക്കുന്നുവെന്നത് ക്രിസ് നൽകിയ സമ്മാനത്തിൽ നിന്നും വ്യക്തമാണ്. കുഞ്ഞുമോളെ നീ അത്രയും ക്ഷമയുള്ള ആളാണ്. നിന്നോട് എനിക്ക് സ്നേഹം കൂടുന്നതേയുള്ളുവെന്ന്. ജീവിതത്തിൽ അഡ്ജസ്റ്റ് ചെയ്യാൻ എനിക്ക് കഴിയുമെന്ന് ഏട്ടന് അറിയാം എന്നാണ് ഇന്ന് ഏട്ടൻ എന്നോട് പറഞ്ഞത്.
ഇത്രയും ഗിഫ്റ്റൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. കുപ്പിവള, സാരികൾ, മെമ്മറബിൾ ഫോട്ടോസ്, കീച്ചെയിൻ എല്ലാം അടങ്ങിയ ഗിഫ്റ്റാണ് എനിക്ക് തന്നത്. ഇത്രയധികം ഗിഫ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല. ആദ്യമായി ഏട്ടന്റെ വീട്ടിൽ പോയി അമ്മയെ പരിചയപ്പെട്ടപ്പോൾ ഒരു ചുവന്ന സാരിയാണ് അമ്മ തന്നത്. അതുടത്ത് ഞാൻ അന്ന് അമ്പലത്തിൽ പോവുകയും ചെയ്തിരുന്നുവെന്നും ദിവ്യ പറയുന്നു.
ക്രിസ്സിന്റേയും രണ്ടാം വിവാഹമാണ്. ദിവ്യ കണ്ണൂർ സ്വദേശിനിയാണ്. ആദ്യ വിവാഹം പരാജയപ്പെട്ടശേഷം രണ്ട് മക്കളേയും വളർത്തിയതും പഠിപ്പിച്ചതുമെല്ലാം ദിവ്യ ഒറ്റയ്ക്കാണ്. ആത്മഹത്യ ചെയ്താലോയെന്ന തോന്നൽ പോലും തനിക്ക് പലപ്പോഴായി ഉണ്ടായിട്ടുള്ളതായി ദിവ്യ പറഞ്ഞിട്ടുണ്ട്. ക്രിസ് ജീവിതത്തിലേക്ക് വന്നശേഷം ഏറ്റവും സന്തോഷകരമായ ജീവിതമാണ് ദിവ്യയുടേത്.


Click it and Unblock the Notifications











