സ്വത്ത് കണ്ടിട്ടാണ് കല്യാണം കഴിച്ചതെന്ന് ഞാൻ സമ്മതിക്കുന്നു, എനിക്ക് സാമ്പത്തികം ഉണ്ടായിരുന്നില്ല; ദിവ്യ
ആദ്യ വിവാഹ ബന്ധം തകർന്നശേഷം ഏറെക്കാലം രണ്ട് മക്കളുമൊത്ത് ഒറ്റപ്പെട്ടുള്ള ജീവിതമായിരുന്നു സീരിയൽ താരം ദിവ്യ ശ്രീധറിന്റേത്. ആത്മഹത്യ, വിഷാദം തുടങ്ങിയവയെല്ലാം ആ കാലഘട്ടങ്ങളിൽ എല്ലാം ദിവ്യയെ അലട്ടിയിരുന്നു. ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന സമയത്താണ് ക്രിസ് വേണുഗോപാൽ ദിവ്യയുടെ ജീവിതത്തിലേക്ക് വരുന്നത്. ക്രിസ്സും വിവാഹമോചിതനായിരുന്നു.
ദിവ്യയെ മാത്രമല്ല അവരുടെ രണ്ട് മക്കളുടേയും സംരക്ഷണവും ക്രിസ് ഏറ്റെടുത്തു. ഗുരുവായൂരിൽ വെച്ച് ആർഭാടപൂർവം നടന്ന വിവാഹത്തിന്റെയും വിവാഹസൽക്കാരത്തിന്റേയുമെല്ലാം വീഡിയോ വൈറലായിരുന്നു. വിവാഹ വാർത്ത പുറത്ത് വന്നപ്പോൾ ദിവ്യയ്ക്ക് ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന വിമർശനം ക്രിസ്സിന്റെ സ്വത്തും പണവും കണ്ട് കെട്ടി എന്നാതായിരുന്നു.

ഇപ്പോഴിതാ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് ദിവ്യ. സ്വത്ത് കണ്ടിട്ട് കൂടിയാണ് താൻ വിവാഹത്തിന് സമ്മതിച്ചതെന്ന് താരം പറഞ്ഞു. നല്ല ആളുകളെ കണ്ടുമുട്ടിയാൽ വിവാഹം കഴിക്കണമെന്നാണ് വിവാഹമോചിതരായിട്ടുള്ള സ്ത്രീകളോട് എനിക്ക് പറയാനുള്ളത്. ഒറ്റയ്ക്കുള്ള ജീവിതം പറ്റാത്തതുകൊണ്ടാണ് ഞാൻ വിവാഹിതയായത്. എവിടെ നിന്നും എനിക്ക് സപ്പോർട്ടുണ്ടായിരുന്നില്ല.
എന്നേക്കാൾ പ്രശ്നം അനുഭവിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ടാകും. അവരാരും തുറന്ന് പറയാത്തതാകും. ചിലർ വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി പറഞ്ഞിട്ടുണ്ട്. മിക്കവർക്കും രണ്ടും മൂന്നും മക്കളുണ്ട്. കുഞ്ഞുങ്ങളേയും ഭാര്യയേയും നോക്കാൻ കഴിയാത്തവർ വിവാഹം കഴിക്കരുതെന്നാണ് പറയാനുള്ളത്.
എത്ര വഴക്ക് ഉണ്ടായാലും നാളെ വന്ന് മിണ്ടും. ഇന്ന് ശരിയാവാത്ത പ്രശ്നം നാളെ ശരിയാകും എന്നൊക്കെ കരുതിയാണ് ദിവസങ്ങളും വർഷങ്ങളും ഞാൻ അടക്കം പലരും തള്ളി നീക്കുന്നത്. അവസാനം ഒട്ടും പറ്റില്ലെന്ന അവസ്ഥ വരുമ്പോഴാണ് വിവാഹമോചനത്തെ കുറിച്ചും പിരിയാമെന്നും തീരുമാനിക്കുന്നത്. ഇപ്പോഴുള്ള ആളുകൾ ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന് ഡിവോഴ്സാണ്.
ഞാൻ പറഞ്ഞത് എന്നെ പോലുള്ള ആളുകളുടെയും എന്റേയും കാര്യമാണ്. ഞാൻ അനുഭവിച്ചതുപോലെ പങ്കാളിയുടെ അടിയും കുത്തും കൊണ്ട് അടിമയെപ്പോലെ കഴിയുന്നവർ ഇപ്പോഴുമുണ്ട്. പറ്റില്ലെന്ന് തോന്നിയാൽ വിട്ടേക്കുക. എന്നിട്ട് ഒറ്റയ്ക്ക് ജീവിക്കുക. അതും പറ്റുന്നില്ലെങ്കിൽ നല്ലൊരു പാട്നറെ കണ്ടെത്തുക. അതൊന്നും ഒരു തെറ്റല്ല.

മക്കൾ വിവാഹം കഴിക്കാൻ പ്രായമായവരാണെന്ന് ചിന്തിക്കേണ്ടതില്ല. ഒരു സമയം കഴിയുമ്പോൾ അവർ അവരുടെ കാര്യം നോക്കി പോകും. കെട്ടിക്കാൻ പ്രായമുള്ള മോളില്ലേ എന്നായിരുന്നു എനിക്ക് വന്ന വിമർശനം. അതിന് എന്താണ് കുഴപ്പം മക്കൾ ഉള്ളവർ വിവാഹം കഴിക്കുന്നത് തെറ്റാണോ?. അവർക്ക് നല്ലൊരു വസ്ത്രം ധരിക്കാൻ അവകാശമില്ലെന്നാണോ?. സ്ത്രീകൾ രണ്ടാം വിവാഹത്തിലേക്ക് പോകുമ്പോൾ അവർക്ക് മെയിൻ സാമ്പത്തീകം തന്നെയാണ്.
എനിക്ക് സാമ്പത്തീകം ഒന്നും ഉണ്ടായിരുന്നില്ല. എന്നെ സപ്പോർട്ട് ചെയ്യാൻ ആളും ഉണ്ടായിരുന്നില്ല. കടം വാങ്ങിയവർ പോലും പിന്നീട് വേറെ രീതിയിലാണ് എന്നോട് സംസാരിച്ചത്. ഞാൻ കല്യാണം കഴിച്ചപ്പോൾ കേട്ട കമന്റ് കിളവന്റെ പണം കണ്ട് കെട്ടിയതാണെന്നാണ്. ശരിയാണ്. കുറച്ചൊക്കെ അതും കാരണമായിട്ടുണ്ട്. പക്ഷെ എനിക്ക് ഇത് വേണം എന്നൊന്നും പറഞ്ഞ് വാശിപിടിച്ച് ഏട്ടനെ കൊണ്ട് ഒന്നും വാങ്ങിപ്പിച്ചിട്ടില്ല.
പിന്നെ വലിയൊരു വീടുണ്ടെന്ന് കരുതി ആർക്കും സുഖമായി ജീവിക്കാൻ കഴിയില്ല. പണിയെടുത്താലെ പറ്റു. അല്ലാതെ ഡിപ്പോസിറ്റൊന്നും ഇല്ല. വീടുണ്ട്. കണ്ണൂരിൽ കുറച്ച് സ്ഥലമുണ്ട്. രണ്ട്, മൂന്ന് വണ്ടികളുമുണ്ട്. അതുകൊണ്ട് സ്വത്ത് കണ്ടിട്ട് കെട്ടി എന്ന് പറയാൻ പറ്റില്ല. സ്വത്തുണ്ടെങ്കിലും പണിയെടുത്താലെ ജീവിക്കാൻ പറ്റു. ഏട്ടന്റെ അച്ഛന്റെ വിയർപ്പാണ് ഞങ്ങൾ താമസിക്കുന്ന വീടെന്നും ദിവ്യ പറഞ്ഞു.


Click it and Unblock the Notifications











