'12 വർഷം മാറി നിന്നത് ഇഷ്ടപ്രകാരമല്ല, ജോളിയുടെ മുഖച്ഛായ ഗുണം ചെയ്തു, പ്രേക്ഷകർ ദേഷ്യം പ്രകടിപ്പിച്ചിരുന്നു'
മലയാളം സീരിയൽ മേഖലയിൽ അടുത്ത കാലത്തായി സജീവമാണ് നടി ദിവ്യ ശ്രീധർ. പത്തൊമ്പത് വയസ് മുതൽ സിനിമയിലും സീരിയലിലുമെല്ലാം സജീവമാണെങ്കിലും നല്ല വേഷങ്ങൾ നടിക്ക് ലഭിച്ച് തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളെയായിട്ടുള്ളു. വിവാഹവും കുഞ്ഞുങ്ങളുടെ ജനനവുമെല്ലാം ഒരു സമയത്ത് ദിവ്യ കരിയറിൽ നിന്നും ഇടവേള എടുക്കാൻ കാരണമായിരുന്നു. ഒരു വർഷം മുമ്പായിരുന്നു ദിവ്യയുടെ രണ്ടാം വിവാഹം.
സീരിയൽ താരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ ക്രിസ് വേണുഗോപാലിനെയാണ് ദിവ്യ വിവാഹം ചെയ്തത്. അന്ന് അത് വലിയ രീതിയിൽ വാർത്തയായ ഒന്നായിരുന്നു. ഇപ്പോഴും രണ്ടാം വിവാഹത്തിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റ് വാങ്ങുന്നുണ്ട് താരം. കണ്ണൂർ സ്വദേശിനിയായ താരം ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് സീരിയൽ സുഖമോ ദേവിയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.

ചന്ദ്രമതി എന്ന റോൾ ജനങ്ങൾക്കിടയിൽ വീണ്ടും ദിവ്യയ്ക്ക് സ്വീകാര്യ നേടി കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഇതുവരെയുള്ള തന്റെ സിനിമാ-സീരിയൽ ജീവിതത്തെ കുറിച്ച് എംപയർ ടോക്‌സ് ആന്റ് മീഡിയ പീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിവ്യ മനസ് തുറന്നിരിക്കുകയാണ്. എന്റെ തുടക്കം സിനിമയിലൂടെയാണ്. ആദ്യം ചെയ്തത് ചിതറിയവർ എന്ന സിനിമയാണ്.
ശ്രീനിവാസൻ ചേട്ടനായിരുന്നു പ്രധാന വേഷം ചെയ്തത്. ദളിത് പെൺകുട്ടിയുടെ വേഷമായിരുന്നു. അന്ന് പത്തൊമ്പത് വയസായിരുന്നു എനിക്ക് പ്രായം. പിന്നീടാണ് ഖൽബാണ് ഫാത്തിമയിലേക്ക് അവസരം കിട്ടുന്നത്. ഖൽബാണ് ഫാത്തിമ എന്ന ആൽബവും എന്റെ മുഖവും ഓർത്തിരിക്കുന്നവർ ഇപ്പോഴുമുണ്ട്. ആ ക്രൂവിനെ പിന്നീട് കാണാനോ സംസാരിക്കാനോ അവസരം കിട്ടിയിട്ടില്ല.
മില്ലേനിയം സജിയായിരുന്നു അന്ന് എനിക്കൊപ്പം അഭിനയിച്ചത്. മമ്മൂട്ടി സിനിമ ബസ് കണ്ടക്ടറിലും അഭിനയിച്ചിട്ടുണ്ട്. നായികയുടെ സുഹൃത്തിന്റെ വേഷമായിരുന്നു. ഒരു പാട്ടിലും ചില സീനുകളിലും ഞാനുണ്ട്. അന്നത്തെ എന്നെ മനസിലാകുന്നവർ ഇപ്പോൾ സിനിമ കാണുമ്പോൾ എന്നെ തിരിച്ചറിയും. അന്നത്തെ ഞാനും ഇന്നത്തെ ഞാനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.
മമ്മൂക്കയ്ക്കൊപ്പം കോമ്പിനേഷൻ സീനുണ്ടായിരുന്നു. പക്ഷെ എനിക്ക് പേടിയായിരുന്നു. അന്ന് അദ്ദേഹത്തോട് സംസാരിക്കാനും അവസരം കിട്ടിയിരുന്നു. പിന്നീട് പന്ത്രണ്ട് കൊല്ലം എന്റെ സിനിമാ-സീരിയൽ ജീവിതത്തിൽ ബ്രേക്ക് വന്നു. അത് എന്റെ താൽപര്യപ്രകാരമായിരുന്നില്ല. അങ്ങനെ സംഭവിച്ചു. ഖൽബാണ് ഫാത്തിമ എന്ന ആൽബം സോങിൽ നായികയായി എന്നതാണ് കരിയറിന്റെ തുടക്കത്തിൽ മൈലേജ് തന്നതെന്നും ദിവ്യ പറയുന്നു.

സുഖമോ ദേവി സീരിയലിന് മുമ്പ് കൂടത്തായി എന്ന സീരിയലിൽ കൂടത്തായി കേസിലെ പ്രതി ജോളിയായും ദിവ്യ അഭിനയിച്ചിരുന്നു. ഗ്ലിസറിൻ പോലും ഉപയോഗിക്കാതെയാണ് സീരിയലിൽ കരയുന്നത്. സ്വന്തം ജീവിതാനുഭവം പോലെ സീനിനെ ഉൾക്കൊണ്ട് അഭിനയിക്കുന്നതാണ് എന്റെ രീതി. സുഖമോ ദേവിയിൽ തന്നെ ചില സീനുകളിൽ അഭിനയിച്ച് കഴിഞ്ഞപ്പോൾ സംവിധായകൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ചിരുന്നു. അതെല്ലാം പ്രചോദനവും പ്രോത്സാഹനവുമായി കാണുന്നു.
അത് ഒരു അംഗീകാരമായും പുരസ്കാരമായും കാണുന്നു. ആളുകൾ സീരിയൽ കണ്ടശേഷം എന്നെ ദിവ്യ എന്നല്ല ചന്ദ്രമതി എന്നാണ് വിളിക്കുന്നത്. മാത്രമല്ല അവരുടെ കുടുംബത്തിലെ അംഗത്തെപ്പോലെയാണ് കാണുന്നത്. ചിലപ്പോഴൊക്കെ ജീവിതത്തിൽ ഞാൻ ചന്ദ്രമതിയാകും ചിലപ്പോൾ ദിവ്യയാകും. കൂടത്തായി എന്നൊരു സീരിയൽ ചെയ്തിരുന്നു. ജോളിയുടെ രൂപവുമായി എന്റെ മുഖത്തിന് സാദൃശ്യമുണ്ടെന്നാണ് പറഞ്ഞാണ് ആ സീരിയലിലേക്ക് എന്നെ വിളിച്ചത് തന്നെ.
സീരിയൽ നന്നായി സംപ്രേഷണം ചെയ്യുന്നതിനിടെ ചില പ്രശ്നങ്ങൾ മൂലം പാതി വഴിയിൽ നിർത്തുകയായിരുന്നു. ജോളിയുടെ റോൾ ചെയ്തിരുന്ന സമയത്ത് പ്രേക്ഷകർ എന്നോട് രോഷം പ്രകടിപ്പിക്കുമായിരുന്നു എന്നും ദിവ്യ ഓർത്തെടുക്കുന്നു.


Click it and Unblock the Notifications











