മേക്കപ്പും പുത്തൻ ഡ്രസ്സും കയ്യിൽ ഓമിയും, ആശുപത്രിവാസം കഴിഞ്ഞു, ട്രെന്റി മമ്മിയായി ദിയ വീട്ടിലേക്ക്!
ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ദിയ കൃഷ്ണ തന്റെ ആദ്യത്തെ കൺമണിക്ക് ജന്മം നൽകിയത്. ഇപ്പോൾ കേരളത്തിലാകെ ട്രെന്റിങ്ങാകുന്നതും ചർച്ചയാകുന്നതും ദിയയുടെ പ്രസവവും നിഓം ബേബിയുടെ വരവുമാണ്. കഴിഞ്ഞ ദിവസം ഡെലിവറി വീഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ താരപുത്രി പുറത്തുവിട്ടിരുന്നു. അറുപത് ലക്ഷത്തിന് മുകളിൽ ആളുകൾ ഇതിനോടകം അമ്പത്തിയൊന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കണ്ട് കഴിഞ്ഞു.
പ്രസവത്തിന് ഒരു ദിവസം മാത്രം അവശേഷിക്കെയാണ് ദിയ ആശുപത്രിയിൽ അഡ്മിറ്റായത്. നോർമൽ ഡെലിവറിയായിരിക്കും എന്നറിയാവുന്നതുകൊണ്ട് തന്നെ പ്രസവത്തിനായി ഒരു ലേബർ സ്യൂട്ട് താരകുടുംബം ബുക്ക് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പ്രസവ സമയത്ത് ഭർത്താവും മാതാപിതാക്കളുമെല്ലാം കരുത്തും പിന്തുണയും നൽകി ദിയയ്ക്ക് അരികിൽ തന്നെയുണ്ടായിരുന്നു.

ഇപ്പോഴിതാ അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം കുഞ്ഞുമായി വീട്ടിലെത്തിയിരിക്കുകയാണ് ദിയ. ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി ഇറങ്ങും മുമ്പുള്ള കുടുംബ ചിത്രം ദിയ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ഓമിയെ അശ്വിനാണ് എടുത്തിരിക്കുന്നത്. സമീപത്തായി മകന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാനാവാതെ നിറചിരിയുമായി നിൽക്കുന്ന ദിയയേയും കാണാം. 'വിത്ത് മിനി അസ്' എന്നാണ് ദിയ ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ.
ദിയയുടെ കുടുംബചിത്രം പകർത്തിയത് ചേച്ചി അഹാനയാണ്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി കുഞ്ഞിനേയും കൊണ്ട് ആദ്യമായി വീട്ടിലേക്ക് വരുമ്പോൾ താൻ സുന്ദരിയായിരിക്കണം എന്ന ആഗ്രഹം ദിയയ്ക്കുണ്ടായിരുന്നു. അതിനായി പ്രഗ്നൻസി ബാഗ് പാക്കിങ് സമയത്ത് തന്നെ നല്ലൊരു ഡ്രസ്സും മേക്കപ്പ് സെറ്റുമെല്ലാം ഉൾപ്പെടുത്തിയിരുന്നു.
കുഞ്ഞ് എന്നെ സുന്ദരിയായി കണ്ടാൽ മതി എന്നായിരുന്നു തമാശ രൂപേണ ബാഗ് പാക്കിങ് സമയത്ത് ദിയ പറഞ്ഞത്. അന്ന് അതിന്റെ പേരിൽ ദിയയെ ഒരു വിഭാഗം ആളുകൾ വിമർശിച്ചിരുന്നു. എന്റെ മേക്കപ്പ് ഐറ്റംസൊക്കെ ഞാൻ എടുത്തു. കാരണം എന്റെ കുഞ്ഞ് എന്നെ ട്രെൻഡിയായി കണ്ടാൽ മതി. കുരുവൊന്നും വെച്ച മമ്മിയായി കാണരുത്. വന്നിറങ്ങുമ്പോൾ തന്നെ എന്ത് ഭംഗിയുള്ള മമ്മിയെന്ന് വിചാരിച്ച് വേണം വരാൻ. ഒരു എക്സ്ട്രാ കോൺഫിഡൻസിന് വേണ്ടി മാത്രമാണ്.
കൊച്ച് ഇറങ്ങി വരുമ്പോൾ അയ്യോ അമ്മയ്ക്ക് ഇത്രയും കുരുവുണ്ടായിരുന്നോ എന്ന് വിചാരിക്കരുതെന്നാണ് ദിയ പറഞ്ഞത്. പറഞ്ഞതുപോലെ തന്നെ മേക്കപ്പൊക്കെയിട്ട് മുഖത്തെ കുരുവും പാടുകളും എല്ലാം മറച്ച് പുത്തൻ ഡ്രസ്സം അണിഞ്ഞ് സുന്ദരിയായി ദിയയുടെ ഭാഷയിൽ പറഞ്ഞാൽ ട്രെന്റി മമ്മിയായാണ് ആശുപത്രിയിൽ നിന്ന് താരപുത്രി ഇറങ്ങിയത്.

കുഞ്ഞുമായി തിരികെ വീട്ടിലേക്ക് വരുമ്പോൾ സ്റ്റൈലിഷായിരിക്കണമെന്ന നിർബന്ധത്തിന്റെ പുറത്ത് കൂളിങ് ഗ്ലാസും തൊപ്പിയും വരെ ഹോസ്പിറ്റൽ ബാഗിൽ ഉൾപ്പെടുത്തിയ ആളാണ് പേളി മാണി. പറഞ്ഞതുപോലെ ജീൻസും ബെനിയനും കൂളിങ് ഗ്ലാസും തൊപ്പിയും അണിഞ്ഞ് സ്റ്റൈലിഷായി തന്നെയാണ് പേളി കുഞ്ഞുമായി ആശുപത്രി വിട്ടത്. ദിയയും വിമർശനം വകവെക്കാതെ താൻ എന്ത് ആഗ്രഹിച്ചുവോ അത് തന്നെ ചെയ്തു.
കുടുംബത്തിന്റേയും ഭർത്താവിന്റേയും സ്നേഹവും പിന്തുണയും ഉള്ളപ്പോൾ മറ്റ് വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ലെന്നതാണ് ദിയയുടെ തിയറി. ഓമി എന്നാണ് ദിയ കുഞ്ഞിന് നൽകിയിരിക്കുന്ന ഓമനപ്പേര്. ദിയയെ കുടുംബാംഗങ്ങൾ ഓസി എന്നാണ് വിളിക്കുന്നത്. ദിയയുടെ പുതിയ കുടുംബ ചിത്രത്തിന് നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. ഓമിയുടെ മുഖം കാണാൻ കാത്തിരിക്കുന്നുവെന്നാണ് ഏറെയും കമന്റുകൾ.
വൈകാതെ താരപുത്രി മകന്റെ ചിത്രങ്ങൾ പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അമ്പത്തിയേഴ് വർഷങ്ങൾക്കുശേഷം കൃഷ്ണകുമാർ കുടുംബത്തിൽ പിറക്കുന്ന ആൺതരിയാണ് നിഓം. അതുകൊണ്ട് തന്നെ താഴത്തും തലയിലും വെയ്ക്കാതെ രാജകുമാരനെപ്പോലെയാണ് കുഞ്ഞിനെ കുടുംബം സ്നേഹിക്കുന്നത്.


Click it and Unblock the Notifications