വെള്ളം പോലെ പെെസ ഒഴുകുന്നുണ്ട്, അന്ന് തിരിച്ചറിഞ്ഞില്ല, അശ്വിന് എന്റെ കൂടെ നിന്നാൽ അനുഗ്രഹമെന്ന് പറഞ്ഞു: ദിയ
സോഷ്യൽ മീഡിയയിൽ എന്നും ചർച്ചയാകുന്ന ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. സോഷ്യൽ മീഡിയ താരം എന്നതിനൊപ്പം ബിസിനസ് സംരഭകയുമാണ് ദിയ. കഴിഞ്ഞ കുറച്ച് മാസങ്ങളായി പല സംഭവ വികാസങ്ങൾ ദിയ കൃഷ്ണയുടെ ജീവിതത്തിലുണ്ടായി. കുഞ്ഞിന്റെ ജനനമാണ് ദിയക്കും കുടുംബത്തിനും വലിയ സന്തോഷം നൽകിയ സംഭവം. എന്നാൽ ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ ലക്ഷക്കണക്കിന് രൂപ തട്ടിയ സംഭവം കുടുംബത്തിന് വലിയ ഞെട്ടലായി. പുതിയ അഭിമുഖത്തിൽ ദിയ കൃഷ്ണ ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഗർഭിണിയായിരുന്ന സമയത്ത് കെെ നോക്കി പ്രവചിക്കുന്നയാൾ തന്നോട് ഇക്കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞിരുന്നെന്നാണ് ദിയ പറയുന്നത്. സെെന സൗത്ത് പ്ലസിൽ സംസാരിക്കുകയായിരുന്നു ഇൻഫ്ലുവൻസർ. ചെന്നെെയിലെ വ്ലോഗിൽ ഒരു തത്തക്കാരൻ സംസാരിക്കുന്നത് ആരോ കട്ട് ചെയ്ത് പുറത്ത് വിട്ടിട്ടുണ്ട്. അന്ന് നാല് മാസം ഗർഭിണിയാണ്. കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുമ്പോൾ ഇത് പെണ്ണാണോ എന്ന ചോദ്യമില്ല, ആണായിരിക്കും എന്ന് പുള്ളി പറഞ്ഞു. ബേബി ജനിക്കുന്ന സമയം ജൂലെെ ആണെന്ന് പറഞ്ഞപ്പോൾ ജൂൺ മാസമാകുമ്പോൾ ബേബി വയറ്റിലിരുന്ന് വലിയ പാഠം പഠിപ്പിക്കും എന്നും എന്നോട് പറഞ്ഞു.

മദർഹുഡിലേക്ക് കയറുന്നത് വല്ലതുമായിരിക്കും ഉദ്ദേശിച്ചതെന്ന് ഞാൻ കരുതി. എന്നിട്ട് പുള്ളി വേറൊരു ഡയലോഗും പറഞ്ഞു. ഇപ്പോൾ എന്റെ കയ്യിൽ നിന്നും പെെസ വെള്ളമൊഴുകും പോലെ ഒഴുകുകയാണ്, താനതറിയുന്നില്ല എന്നും പറഞ്ഞു. ഷോപ്പിംഗാണെന്ന് ഞാൻ അശ്വിനോട് പറഞ്ഞു. പക്ഷെ ജൂൺ മാസത്തിലാണ് പെണ്ണുങ്ങളുടെ കേസ് വരുന്നത്. പുള്ളി പറഞ്ഞ പല കാര്യങ്ങളും നടന്നെന്ന് ദിയ പറയുന്നു.
കുഞ്ഞ് വയറ്റിലിരുന്നപ്പോൾ ഞാനൊരു വലിയ പാഠം പഠിച്ചു. ഞാനിത്തരം കാര്യങ്ങളിൽ വിശ്വസിച്ചിരുന്ന ആളല്ല. പക്ഷെ അദ്ദേഹം പറഞ്ഞത് സംഭവിച്ചു. ഞങ്ങൾ എഴുന്നേറ്റ് നടന്ന് തിരിഞ്ഞ് നോക്കിയപ്പോൾ പുള്ളിയെ കാണുന്നില്ല. അവിടെ ആ സമയത്ത് പത്തോളം തത്തക്കാർ ഉണ്ട്. ഈ പുള്ളിയെ മാത്രം കാണുന്നില്ലായിരുന്നെന്നും ദിയ പറഞ്ഞു.

ആ തത്തക്കാരൻ തന്നെക്കുറിച്ച് പറഞ്ഞത് അശ്വിനും സംസാരിച്ചു. നീ എന്ത് ചെയ്തിട്ടും കാര്യമില്ലെന്നാണ് പുള്ളി എന്നോട് പറഞ്ഞത്. എല്ലാം ആഗ്രഹിക്കും, പക്ഷെ ഒന്നും കിട്ടില്ല എന്നും അയാൾ പറഞ്ഞെന്ന് അശ്വിൻ ഓർത്തു. ഇതേക്കുറിച്ച് ദിയയും സംസാരിച്ചു. എനിക്ക് അനുഗ്രഹങ്ങൾ വന്ന് കൊണ്ടേയിരിക്കും. എന്റെ കൂടെ നിൽക്കുന്നത് കൊണ്ട് ഇവനും നല്ലത് തന്നെ നടന്ന് കൊണ്ടിരിക്കുമെന്ന് തത്തക്കാരൻ പറഞ്ഞിട്ടുണ്ടെന്ന് ദിയ കൃഷ്ണ ഓർത്തു.
സഹോദരിമാരെ പോലെ കണ്ട മൂന്ന് ജീവനക്കാരികളിൽ നിന്നും ഇത്രയും വലിയ വഞ്ചന പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ദിയ നേരത്തെ പറഞ്ഞിരുന്നത്. ദിയക്ക് പണം തിരികെ നൽകേണ്ടി വരും എന്ന അവസ്ഥ വന്നതോടെ ദിയക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ജീവനക്കാരികൾ ഉന്നയിച്ചത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നും ഓഫീസിൽ ദിയ ജാതി വിവേചനം കാണിച്ചെന്നും ഇവർ പൊലീസിൽ പരാതിപ്പെട്ടു. പിന്നാലെ തങ്ങളുടെ ഭാഗം വ്യക്തമാക്കി ദിയ കൃഷ്ണയും കുടുംബവും രംഗത്ത് വന്നു. മൂന്ന് ജീവനക്കാരികളെയും ദിയയും കുടുംബവും ചോദ്യം ചെയ്യുന്ന വീഡിയോ പുറത്ത് വന്നു. ദിയയുടെ ഭാഗത്താണ് ന്യായമെന്ന് പൊലീസിന് വ്യക്തമായതോടെ കേസ് മുന്നോട്ട് പോയി. മൂന്ന് ജീവനക്കാരികളും പൊലീസിന്റെ പിടിയിലാണിപ്പോൾ. നഷ്ടപ്പെട്ട പണം ദിയക്ക് തിരികെ ലഭിച്ചിട്ടില്ല.


Click it and Unblock the Notifications