പേളി മാണിക്ക് പോലും സാധിച്ചില്ല, പേളി ഒരു വർഷം കൊണ്ട് നേടിയത് ദിയക്ക് മണിക്കൂറുകൾ കൊണ്ട്
ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും ജീവിതത്തിലേക്ക് പുതിയൊരാൾ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ദിയ അമ്മയായത്. ആൺകുഞ്ഞാണ് ഇവർക്ക് പിറന്നത്. ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവെച്ചിരുന്നു. അതിനാൽ തന്നെ കുഞ്ഞിനെ കാണാൻ ആരാധകരും കാത്തിരിക്കുകയാണ്. കുഞ്ഞിന്റെ മുഖം ദിയ ഇതുവരെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ല. അതേസമയം ഡെലിവറി വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിന്റെ ജനന സമയത്ത് ദിയക്ക് വേണ്ടപ്പെട്ടവരെല്ലാം അടുത്തുണ്ട്.
ലേബർ പെയിനുള്ള സമയത്ത് അമ്മയുടെ കെെ പിടിച്ച് ദിയ കരയുന്നുണ്ട്. കുഞ്ഞിനെ കണ്ടപ്പോൾ അഹാനയുടെ കണ്ണ് നിറഞ്ഞു. വെെകാരികമായ നിമിഷങ്ങളാണ് ദിയയുടെ വ്ലോഗിൽ. നിരവധി പേരാണ് ദിയയുടെയും കുടുംബത്തിന്റെയും സന്തോഷത്തിൽ പങ്കുചേർന്ന് കൊണ്ട് കമന്റുകളുമായെത്തിയത്. താര കുടുംബത്തിന്റെ പരസ്പരം സ്നേഹവും കരുതലും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

യൂട്യൂബിൽ ട്രെൻഡിംഗ് ആണ് ദിയയുടെ ഡെലിവറി വ്ലോഗ്. കേരളത്തിലെ പല ഇൻഫ്ലുവൻസേർസും ഡെലിവറി വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇവർക്കെല്ലാം മുകളിലാണ് ദിയയുടെ വീഡിയോയ്ക്കുള്ള റീച്ച്. മലയാളത്തിൽ ഏറ്റവും ജനപ്രീതിയുള്ള ഇൻഫ്ലുവൻസർ പേളി മാണിയാണ്. പേളി മാണിയും ഇളയ മകൾ നിതാരയുടെ ഡെലിവറി വ്ലോഗ് പങ്കുവെച്ചിരുന്നു. 3.6 മില്യൺ വ്യൂവേഴ്സാണ് ഇളയ മകൾ നിതാരയുടെ ജനന സമയത്ത് പേളി പങ്കുവെച്ച വ്ലോഗിന് ലഭിച്ചത്. ഈ വീഡിയോ വന്നിട്ട് ഒരു വർഷമായി.
അതേസമയം ദിയ കൃഷ്ണ വീഡിയോ പങ്കുവെച്ച് 14 മണിക്കൂറിനുള്ളിൽ വ്യൂവേഴ്സ് 3.3 മില്യൺ കടന്നു. ദിയയുടെ കുടുംബത്തിന്റെ സാന്നിധ്യമാണ് ഡെലിവറി വ്ലോഗ് വ്യത്യസ്തമാക്കിയത്. മൂന്ന് സഹോദരിമാരും അമ്മയും ഭർത്താവ് അശ്വിനും കുഞ്ഞ് ജനിക്കുമ്പോൾ ദിയക്കരിൽ ഉണ്ട്. വെെകാരിക നിമിഷങ്ങൾ വ്ലോഗ് കാഴ്ചക്കാർക്ക് ഹൃദ്യമായി. പ്രത്യേകിച്ചും അഹാന കൃഷ്ണ കരഞ്ഞത് ഏവരും ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം പേളി മാണിയുടെ രണ്ടാമത്തെ ഡെലിവറി വ്ലോഗിനാണ് 3.6 മില്യൺ കാഴ്ചക്കാർ. ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോഴുള്ള വീഡിയോക്ക് 9 മില്യണിലേറെ കാഴ്ചക്കാരുണ്ട്. സോഷ്യൽ മീഡിയയിലെ താരങ്ങളാണ് പേളി മാണിയുടെ രണ്ട് മക്കളും. ഇനി ദിയയുടെ കുഞ്ഞും ഈ ജനശ്രദ്ധ നേടുമെന്ന് ഉറപ്പാണ്. അമ്മയായ ദിയ കൃഷ്ണയ്ക്ക് പേളി മാണി അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. അടുത്തറിയുന്നവരാണ് പേളി മാണിയും ദിയ കൃഷ്ണയും. ഗർഭകാലത്ത് രസകരമായ നിരവധി വ്ലോഗുകൾ ദിയ കൃഷ്ണ പങ്കുവെച്ചിട്ടുണ്ട്.
പ്രണയംസ വിവാഹമ അമ്മയാകൽ തുടങ്ങി ദിയയുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും ആരാധകർ കണ്ടതാണ്. പേളി മാണിയുടെ കാര്യത്തിലും ഇത് തന്നെയായിരുന്നു. ബിഗ് ബോസ് മുതലിങ്ങോട്ട് തന്റെ ജീവിതത്തിൽ നടന്ന സന്തോഷകരമായ കാര്യങ്ങളെല്ലാം പേളി മാണി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. രണ്ട് മക്കൾക്കും ഭർത്താവ് ശ്രീനിഷിനുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് പേളി മാണിയിപ്പോൾ.
ദിയയുടെയും പേളിയുടെയും പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം ഡെലിവറി സമയത്തെ വെെകാരിക നിമിഷങ്ങൾ വീഡിയോയാക്കി പങ്കുവെച്ചതിൽ പല അഭിപ്രായങ്ങൾ വരുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ സ്വകാര്യത കാത്തുസൂക്ഷിക്കണമെന്നാണ് ചിലരുടെ വാദം. മറ്റാരും പ്രസവിച്ചിട്ടില്ലേ, പ്രഹസനം എന്നെല്ലാം ചിലർ കുറ്റപ്പെടുത്തുന്നു. എന്നാൽ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നവരും ഏറെയാണ്.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. Ozy Talkies, Pearle Maaney യൂട്യൂബ് ചാനലുകളിൽ നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)


Click it and Unblock the Notifications