വാപ്പയും ഉമ്മയും സമ്പാദിച്ചത് മുഴുവൻ കൊടുത്തു, എന്റെ ജീവിതം നശിപ്പിച്ചു; ഭർത്താവിന്റെ വീട്ടിൽ നേരിട്ടത്: ദിയ
കഴിഞ്ഞ ദിവസമാണ് കൊല്ലം സ്വദേശിയായ യുവതി ഷാർജയിൽ കുഞ്ഞിനെ കൊന്ന് ജീവനൊടുക്കിയ സംഭവം വാർത്തയായത്. ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് പരാതിയുണ്ട്. വിപഞ്ചിക മണിയൻ, മകൾ വെെഭവി നിധീഷ് എന്നിവരെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വാർത്തയ്ക്ക് പിന്നാലെ ഗാർഹിക പീഡനങ്ങളെക്കുറിച്ച് വലിയ ചർച്ചകൾ ചാനലുകളിലും സോഷ്യൽ മീഡിയയിലും നടന്നു. ഇപ്പോഴിതാ വിവാഹ ജീവിതത്തിൽ താൻ നേരിട്ട ദുരനുഭവങ്ങൾ പങ്കുവെക്കുകയാണ് ആക്ടിവിസ്റ്റ് ദിയ സന. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളുടെ പേരിൽ ജീവനൊടുക്കരുതെന്ന് ദിയ സന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
'വളർന്നു വരുന്ന പെൺകുട്ടികളോട്. നിങ്ങൾ വിവാഹം കഴിക്കുന്നതും കഴിക്കാത്തതും കുട്ടികളെ ഉണ്ടാക്കുന്നതും ഉണ്ടാകാത്തത്തതും ഒക്കെ നിങ്ങളുടെ ചോയ്സ് മാത്രമാണ്. വിവാഹം കഴിക്കണം എന്ന തീരുമാനം എടുക്കുന്നു എങ്കിൽ സ്ത്രീധനം എന്ന ഭർതൃ വീട്ടിലെ സങ്കല്പങ്ങൾക് എതിരായിരിക്കണം. നിങ്ങളുടെ അച്ഛനോ അമ്മയോ നിങ്ങൾക്ക് വല്ലതും തരുന്നെങ്കിൽ അതും അവരുടെ മാത്രം ചോയിസ് ആണ്.. അല്ലാതെ നമുക്ക് അവകാശപ്പെട്ടത് അങ്ങനെ ഒന്നുമില്ല'

'നമ്മൾ ഒന്നും ഉണ്ടാക്കി കൊടുത്തിട്ടല്ല അവർ നമുക്ക് തരുന്നത്. ചില കുടുംബത്തിൽ അവരുടെ സ്നേഹം ആയിരിക്കും അത്. അതും അവർ നൽകുന്നത് അവരുടെ മക്കൾക്ക് ആയിരിക്കും. എന്റെയൊക്കെ വിവാഹസമയത്ത് വളരെ ചെറുപ്പത്തിൽ എന്റെ ഭർതൃ വീട്ടുകാർ എന്റെ കുടുംബത്തിൽ വന്ന് മുതല് ചോദിച്ചു. എന്റെ വാപ്പയും ഉമ്മയും സമ്പാദിച്ചു വച്ചതു മുഴുവൻ എനിക്ക് നൽകി. എന്റെ വീട്ടുകാരുടെ അറിവില്ലായ്മയും അവരെ പഠിപ്പിച്ചു വെച്ചതുമാണ് അവർ ചെയ്തത്'
'എന്റെ കയ്യിൽ ഉണ്ടായിരുന്നത് മുഴുവൻ എന്റെ ഭർത്താവായിരുന്ന ആളും അയാളുടെ കുടുംബവും കൈക്കലാക്കി.. പ്രത്യേകിച്ച് ഭർത്താവായിരുന്ന ആളിന്റെ സഹോദരിക്ക് വേണ്ടി ചിലവാക്കി എന്ന് വേണം പറയാൻ. എന്റെ ജീവിതം മൊത്തത്തിൽ നശിപ്പിച്ചിട്ട് ആയിരുന്നു അവരുടെ മകളുടെ ജീവിതം അവർക്ക് മുന്നോട്ട് പോകേണ്ടി ഇരുന്നത്'

'ഇവിടെയൊക്കെ തെറ്റ് എവിടെയെന്നു മനസിലാക്കുമല്ലോ. മിക്കയിടത്തും നടക്കുന്നത് ഇതൊക്കെ തന്നെയാണ്. എനിക്ക് ഈ ഭർത്താവിന്റെ കുടുംബ പീഡനം മുഖാന്തരം ഞാനും ഇതുപോലെ ആത്മഹത്യയുടെ വക്കിലെത്തുകയും ആത്മഹത്യാശ്രമം നടത്തുകയും ചെയ്തിരുന്നു. പെട്ടെന്ന് നമ്മളെ പീഡിപ്പിക്കുന്ന പീഡനം സഹിക്കാൻ വയ്യാതെ നമ്മൾക്കത് സംഭവിച്ചു പോകും നമ്മൾ പോലും അറിയാതെ.
അന്ന് ഞാൻ മരണപ്പെട്ടു പോയിരുന്നെങ്കിൽ എന്റെ മകന് ആരുമില്ലാതായി പോയേനെ. എന്റെ വീട്ടിലുള്ളവർക്ക് മാത്രമേ നഷ്ടം ഉണ്ടാകുമായിരുന്നുള്ളൂ'
'അത്കൊണ്ട് പ്രിയപ്പെട്ട പെൺകുട്ടികളെ നിങ്ങൾക് ബോധവും വിവരവും വിദ്യാഭ്യാസവും ഇന്ന് കിട്ടുന്നുണ്ട്. ആരെയും ഭയക്കാതെ തന്റേടത്തോടെ തല നിവർന്നു നിന്ന് അന്തസായി സ്വന്തം അധ്വാനത്തിൽ ജീവിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ സന്തോഷിക്കൂ. 18 വർഷങ്ങൾക്കു മുമ്പേ ഇങ്ങനെ ഒരു അവസ്ഥ കഴിഞ്ഞ ഒരു സ്ത്രീയാണ് ഞാൻ. അന്ന് അവിടെ നിന്ന് സർവ്വെെവ് ചെയ്ത വരവാണ് ഇന്ന് എന്നെ ഇന്നിവിടെ നിർത്തിയിരിക്കുന്നത്. പഴയ ഓർത്തഡോക്സ് ഫാമിലിയിൽ ജനിച്ചു വളർന്ന ഷജ്ന ഇന്ന് ഇവിടെ ദിയ സനയായി നിൽക്കണമെങ്കിൽ ഇതുപോലെ കുറെ അനുഭവിച്ചു വന്ന വഴിയിലൂടെയാണ്,' ദിയ സനയുടെ കുറിപ്പിൽ പറയുന്നതിങ്ങനെ.


Click it and Unblock the Notifications











