എല്ലാവരെയും പോലെ ഇന്നസെന്റും പേടിച്ചു; ക്യാന്‍സറിനെ അതിജീവിച്ച ഇന്നസെന്റിന്റെ ക്വളിറ്റിയെ കുറിച്ച് ഡോക്ടര്‍
മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ഇന്നസെന്റ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇന്നസെന്റ് ആയിട്ടുള്ള ആളാണ് താരം. സിനിമയിലും ജീവിതത്തിലുമൊക്കെ അദ്ദേഹത്തിനുള്ള ഹ്യൂമര്‍സെന്‍സ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇടയ്ക്ക് താരത്തിന് ക്യാന്‍സര്‍ ബാധിച്ചു എന്ന വാര്‍ത്ത സമൂഹത്തെ ഞെട്ടിച്ച് കൊണ്ടാണ് പുറത്ത് വന്നത്. എന്നാല്‍ രോഗത്തില്‍ നിന്നും പോരാടി അദ്ദേഹം വിജയിക്കുകയാണ് ചെയ്തത്.
അടുത്തിടെ ഫ്‌ളാവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്തത് ഇന്നസെന്റിനെ ചികിത്സിച്ച ഡോക്ടര്‍ ആയിരുന്നു. ഡോക്ടര്‍ വിപി ഗംഗാധരനോട് താരത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് അവതാരകന്‍ ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചത്. 'ഇന്നസെന്റ് പല വേദികളിലും ഡോക്ടറിനെ കുറിച്ച് പരാമര്‍ശിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഇന്ന് ക്യാന്‍സറിനെ കുറിച്ച് അദ്ദേഹം കോമഡിയായി പറയുന്നത് കേട്ടിട്ടുണ്ട്. അദ്ദേഹത്തെ കണ്ടുമുട്ടിയത് എങ്ങനെ ആയിരുന്നു എന്നാണ് അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ ഡോക്ടറോട് ചോദിച്ചത്.

''ഞാന്‍ ഇരിഞ്ഞാലക്കുടക്കാരന്‍ ആണ്. ഞങ്ങള്‍ ഒരേ നാട്ടുകാരാണ്, ഒരേ സ്‌കൂള്‍ ആണ്. എന്റെ ജേഷ്ഠ സഹോദരന്റെ ക്ളാസ് മേറ്റ് കൂടി ആയിരുന്നു. ഇന്നസെന്റ് എന്റെ എല്ലാ ചേട്ടന്മാരുടെയും കൂടെ പഠിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്. ആശുപത്രിയില്‍ വരുന്നതിന് മുന്‍പേ നമ്മള്‍ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നു. ആശുപത്രിയില്‍ വരുമ്പോള്‍ തന്നെ കുറച്ചു ബുദ്ധിമുട്ടുകള്‍ പറഞ്ഞു കൊണ്ടാണ് അദ്ദേഹം വരുന്നത്. ആ സമയത്ത് അദ്ദേഹത്തിന്റെ മുഖത്ത് ഭീതി ഉണ്ടായിരുന്നു. ബയോപ്‌സി എടുത്തു വിടുന്ന സമയത്തും വലിയ ചിരിയോടെ ഒന്നുമല്ല പോയത്. അദ്ദേഹം തിരിച്ചു പോയി കഴിഞ്ഞാണ് റിപ്പോര്‍ട്ട് എത്തുന്നത്. എന്റെ കൈയ്യില്‍ കിട്ടിയ ശേഷം ഞാന്‍ ചെറിയൊരു പ്രശ്‌നം ഉണ്ടെന്നുള്ള കാര്യത്തെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അത് കേട്ടപ്പോള്‍ തന്നെ പ്രശ്‌നമാണെന്ന് മനസിലായതായി ഇന്നസെന്റ് മുന്‍പ് പറഞ്ഞിരുന്നു.

ചെറിയൊരു പ്രശ്‌നമുണ്ട്. ലിംഫോമ എന്ന ക്യാന്‍സറാണ്. നമുക്ക് ചികിത്സയുടെ ആവശ്യം ഉണ്ടന്നാണ് ഇന്നസെന്റിനോട് നേരിട്ട് പറഞ്ഞത്. ആ സമയത്തൊന്നും മറ്റു രോഗികളില്‍ നിന്നും അദ്ദേഹം വ്യത്യസ്തന്‍ ആണെന്ന് ഞാന്‍ പറയില്ല. എല്ലാ രോഗികളെയും പോലെ തന്നെ ഒരു ഇനിഷ്യല്‍ ഷോക്ക് അദ്ദേഹത്തിനും ഉണ്ടായിരുന്നു. നല്ലൊരു ശതമാനം രോഗികളും ഈ അവസ്ഥ മറച്ചു വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആണ്. ബന്ധുക്കള്‍ അറിയരുത് നാട്ടുകാര്‍ അറിയരുത് എന്ന തീരുമാനത്തിലാണ് മിക്കവരും എത്തുക. അതാണ് ഏറ്റവും വലിയ ടെന്‍ഷന്‍. അവിടെ ഇന്നസെന്റ് വ്യത്യസ്തന്‍ ആയിരുന്നു.

അദ്ദേഹം അടുത്തദിവസം തന്നെ ഇക്കാര്യം പുറം ലോകത്തോട് പറഞ്ഞു. എനിക്ക് ക്യാന്‍സര്‍ ആണ്. അത് ചികിത്സിക്കണം എന്നൊക്കെ പറഞ്ഞു. ഞാന്‍ ആരുടേയും മുതല്‍ കട്ടു കൊണ്ട് വന്നിട്ടില്ല, പുറത്തു പറയാതിരിക്കാന്‍. അത് പറഞ്ഞതോടെ ഇന്നസെന്റ് റിലാക്‌സഡ് ആയി. ഇന്നസെന്റിന്റെ ചില ക്വാളിറ്റികള്‍ എല്ലാവരും മനസിലാക്കേണ്ടതായി ഉണ്ട്. ഒരു ചികിത്സയെ കുറിച്ച് പറയുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന സ്വഭാവം മിക്ക മലയാളികള്‍ക്കും ഉണ്ട് എന്നാല്‍ ഇന്നസെന്റ് അങ്ങനെ ആയിരുന്നില്ല. എല്ലാവരും പറയുന്നത് ഒരു ചെവിയില്‍ കൂടി കേട്ട് മറ്റ് ചെവിയില്‍ കൂടി വിടുമായിരുന്നു. തുടക്കം മുതല്‍ ഞാന്‍ ഡോക്ടറെയാണ് വിശ്വാസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വഴിമാറി ഒരു ചികിത്സയ്ക്കും അദ്ദേഹം പോയില്ല. അത് വളരെ പ്രധാനമാണ്.

ക്യാന്‍സര്‍ രോഗികളില്‍ രണ്ടു വിഭാഗത്തില്‍ ഉള്ള ആളുകളെ എടുത്താല്‍, ആദ്യത്തെ വിഭാഗം ഞാന്‍ മരിച്ചു പോകും ഇനി ജീവിക്കില്ല എന്ന കണക്കു കൂട്ടലില്‍ ഉള്ളവര്‍ ആണ്. രണ്ടാമത്തെ വിഭാഗം ഞാന്‍ ഫൈറ്റ് ചെയ്യും എന്ന തീരുമാനത്തില്‍ ഉള്ള ആളുകള്‍ ആണ്. ഇന്നസെന്റ് ആ വിഭാഗത്തില്‍ ആയിരുന്നു. വളരെ ലാഘവത്തോടെയും പോസിറ്റീവ് ആയിട്ടുമാണ് അദ്ദേഹം മുന്നോട്ട് പോയത്. ഇലക്ഷനില്‍ നില്‍ക്കാന്‍ ഞാന്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യക്കും അസുഖം ബാധിച്ചപ്പോള്‍, തങ്ങള്‍ തമ്മിലുള്ള പൊരുത്തം എന്നാണ് ഇന്നസെന്റ് പറഞ്ഞതെന്നും ഡോക്ടര്‍ വിപി ഗംഗാധരന്‍ പറയുന്നു.


Click it and Unblock the Notifications











