ആ പെൺകുട്ടിക്ക് സ്വപ്നങ്ങളും വ്യക്തിക്ത്വവും ഇല്ലേ?, ഭർത്താവിന്റെ അമ്മയെ നോക്കിയിരുന്നാൽ മതിയോ?; കുറിപ്പ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറയുന്നത് നടൻ ബിനീഷ് ബാസ്റ്റിന്റെ വിവാഹവിശേഷങ്ങളാണ്. മധുരംവെപ്പ്, താലികെട്ട്, വിവാഹസൽക്കാരം എന്നിവയെല്ലാം ബിനീഷും ഗംഭീരമാക്കിയിരുന്നു. അടൂർ സ്വദേശിനിയായ താരയാണ് നടന്റെ വധു. സഹോദരങ്ങളുടെ വിവാഹം കഴിഞ്ഞശേഷം ഫോർട്ട് കൊച്ചിയിലെ വീട്ടിൽ ബിനീഷും അമ്മച്ചിയും മാത്രമാണുള്ളത്. അമ്മച്ചിയാണ് ബിനീഷിന്റെ ലോകം. മകന്റെ വിവാഹം നടന്ന് കാണാൻ അമ്മച്ചിയും ഏറെ നാളുകളായി ആഗ്രഹിക്കുകയാണ്.
താലികെട്ട് ചടങ്ങിൽ നിറകണ്ണുകളുമായി പ്രാർത്ഥനയോടെ നിൽക്കുന്ന അമ്മച്ചിയുടെ വീഡിയോ വൈറലായിരുന്നു. മധുരംവെപ്പിന് വന്ന സിനിമാ-സീരിയൽ സെലിബ്രിറ്റികളിൽ ഒരാൾ നടി പ്രിയങ്ക അനൂപായിരുന്നു. എനിക്കൊരൊറ്റ കാര്യമെ മോളോട് പറയാനുള്ളൂ... ഒരു പാവം പിടിച്ചൊരു അമ്മ നമ്മുടെ തൊട്ടടുത്തിരിപ്പുണ്ട്.

ആ അമ്മയെ പൊന്നുപോലെ നോക്കുക. ബിനീഷിനെയും നല്ലപോലെ മുമ്പോട്ട് കൊണ്ടുപോയി കുടുംബം നല്ല പോലെ നോക്കുക എന്നായിരുന്നു വധു താരയ്ക്ക് പ്രിയങ്ക നൽകിയ ഉപദേശം. എന്നാൽ ചട്ടം പഠിപ്പിക്കുന്ന രീതിയിലുള്ള പ്രിയങ്കയുടെ ഉപദേശം പെൺകുട്ടിയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാതാക്കുന്നതാണെന്നാണ് നടിയുടെ പ്രസംഗം വൈറലായതോടെ വന്ന പ്രതികരണങ്ങൾ. അക്കൂട്ടത്തിൽ പ്രിയങ്കയുടെ കാഴ്ചപ്പാടിനെ വിമർശിച്ച് പ്രത്യക്ഷപ്പെട്ട കുറിപ്പ് ഇങ്ങനെയായിരുന്നു...
ചട്ടം പഠിപ്പിക്കരുത്... ബിനീഷ് ബാസ്റ്റിന്റെ വിവാഹ ചടങ്ങിന് വന്ന നടി പ്രിയങ്ക നവ വധുവിന് ഒരു ഉപദേശം കൊടുക്കുന്നു... എനിക്ക് ഒരു ഒറ്റ കാര്യമെ മോളോട് പറയാനൊള്ളൂ. ഒരു പാവം പിടിച്ചൊരു അമ്മ നമ്മുടെ തൊട്ടടുത്തിരിപ്പുണ്ട്. ആ അമ്മയെ പൊന്നുപോലെ നോക്കുക. ബിനീഷിനെയും നല്ലപോലെ മുമ്പോട്ട് കൊണ്ടുപോയി കുടുംബം നല്ലപോലെ നോക്കുക.
ഹാ അന്തസ്സ്.... അമ്മയെ നോക്കുക, ഭർത്താവിനെ മുന്നോട്ട് കൊണ്ടുപോവുക, കുടുംബം നോക്കുക. നവവധുവിന് നൽകിയ റോളാണ് ഇതൊക്കെ. ആ പെൺകുട്ടിക്ക് എന്താ സ്വപ്നങ്ങളും കരിയറും വ്യക്തിക്ത്വവും ഒന്നും വേണ്ടേ?. കുടുംബം നോക്കി ഭർത്താവിനെ നോക്കി ഭർത്താവിന്റെ അമ്മയെ നോക്കി ഇരുന്നാൽ മതിയോ?. കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ കുടുംബത്തിലേക്ക് പോകാൻ നിൽക്കുന്ന പെൺകുട്ടികളെ ഇങ്ങനെ സ്വയം മറന്ന് സേവിക്കാൻ കണ്ടീഷൻ ചെയ്യുന്നത് ബോർ ഏർപ്പാടാണ്.
അതായത്... കേൾക്കുമ്പോൾ ആഹാ കൊള്ളാമെന്ന് തോന്നിയാലും പ്രിയങ്ക ചെയ്യുന്നത് ജെന്റർ റോൾസിനെ നോർമലൈസ് ചെയ്യലാണ്. ഇനി അതും പോട്ടെ... നവവരനായ ബിനീഷിന് ഉപദേശങ്ങൾ ഒന്നുമില്ലേ...? ഭാര്യയുടെ അമ്മയെ നന്നായി നോക്കണം, ഭാര്യയെ ഈക്വൽ പാർട്ണറായി കാണണം. കുടുംബം രണ്ടുപേരും ചേർന്ന് ബിൽഡ് ചെയ്യണം.

ഇമ്മാതിരി ഉപദേശങ്ങൾ ഒന്നും അയാൾക്ക് ബാധകമല്ലേ?. അതായത് സ്ത്രീയെ മാത്രം കുടുംബം നോക്കേണ്ടവളായി പൊസിഷൻ ചെയ്യരുത്. പുരുഷനും അതിൽ തുല്യ ഉത്തരവാദിത്തമുണ്ട്. എന്നുവെച്ചാൽ വിവാഹം സേവനബന്ധമല്ല... അത് പങ്കാളിത്തമാണ് എന്നായിരുന്നു കുറിപ്പ്. മുമ്പും പ്രിയങ്ക സ്ത്രീകളുടെ കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള പല നിലപാടുകളും ചർച്ച വിഷമായി മാറിയിട്ടുള്ളവയാണ്.
കുറിപ്പ് വൈറലായതോടെ പ്രിയങ്കയുടെ വാക്കുകളെ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങളുണ്ടായി. ബിനീഷിൻ്റെ അമ്മക്ക് കുറത്തത് ഒരു 60-65 വയസിന് മുകളിൽ പ്രായം ഉണ്ടാകും എന്നാണ് തോന്നുന്നത്. അവരെ സ്നേഹത്തോടെ നോക്കണമെന്ന് പറയുന്നതിൽ എന്താണ് തെറ്റ്?. ഭർത്താവിനെ മുന്നോട്ട് നയിക്കുന്നതിൽ എന്താണ് ഇത്ര മോശം.
ബിനീഷ് ഒരു പാവപ്പെട്ടവൻ ആയതുകൊണ്ട് അവനും അവൻ്റെ അമ്മയും ഇതൊന്നും അർഹിക്കുന്നില്ല എന്ന മനോഭാവം അല്ലേ? എന്നായിരുന്നു പ്രിയങ്കയെ അനുകൂലിച്ച് എത്തിയവരുടെ വാക്കുകൾ. കല്യാണം എന്നത് പുരുഷനും സ്ത്രീയും ഒന്നിച്ച് ജീവിക്കാനുള്ള ലീഗൽ മെഷറാണ്. അല്ലാതെ വേലക്കാരിയെ റിക്രൂട്ട് ചെയ്യൽ അല്ല എന്നാണ് പ്രിയങ്കയുടെ അഭിപ്രായത്തോട് എതിർപ്പ് പ്രകടിപ്പിച്ചവർ കുറിച്ചത്.


Click it and Unblock the Notifications











