യഥാർത്ഥ ജീവിതത്തിൽ ഇതൊക്കെ ഉള്ളതാണോ?, ആളുകൾക്ക് ഇങ്ങനെ കരയാൻ പറ്റുമോ?, അന്ന് എനിക്ക് അതിശയമായിരുന്നു!
നടൻ ബാലയുമൊത്തുള്ള ദാമ്പത്യ ജീവിതത്തിന് അവസാനം കുറിച്ചശേഷം തന്റെ ഉപരി പഠനവും മറ്റുമായി തിരക്കിലാണ് എലിസബത്ത് ഉദയൻ. ഡോക്ടറായ എലിസബത്ത് പിജി ചെയ്യുന്നത് അഹമ്മദാബാദിലെ ഒരു ആശുപത്രിയിലാണ്. പഠനത്തിനും ജോലിക്കും ഒപ്പം യുട്യൂബ് വ്ലോഗിങ്ങും ചെയ്യുന്നു. ഒരു മിഠായി കഷ്ണം പേഷ്യൻസിൽ ആരെങ്കിലും സന്തോഷത്തോടെ വെച്ച് നീട്ടിയാൽപോലും എലിസബത്ത് അക്കാര്യം സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിക്കും.
പഠനവും ഡ്യൂട്ടിയും മൂലം ഉണ്ടാകുന്ന ടെൻഷനും സ്ട്രെസും കുറയ്ക്കാൻ എലിസബത്തിനെ സഹായിക്കുന്നതും വ്ലോഗിങ്ങും തന്റെ ആരാധകരിൽ നിന്നും വരുന്ന പോസിറ്റീവ് പ്രതികരണങ്ങളും എല്ലാമാണ്. ഇപ്പോഴിതാ എലിസബത്ത് സോഷ്യൽമീഡിയയിൽ പങ്കിട്ട പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

വികാരങ്ങളെ അടിച്ചമർത്തുന്നതിനേക്കാൾ പ്രകടപ്പിക്കുന്നതാണ് നല്ലതെന്ന് എലിസബത്ത് പറയുന്നു. പണ്ട് സിനിമകളിൽ താരങ്ങൾ കരയുന്നത് കാണുമ്പോൾ ആർക്കെങ്കിലും ഇങ്ങനെ കരയാൻ പറ്റുമോയെന്ന് ചിന്തിച്ചിരുന്ന ആളാണ് താനെന്നും എന്നാൽ സ്വന്തം ജീവിതത്തിൽ ചില സന്ദർഭങ്ങൾ ഉണ്ടായപ്പോൾ ആ ചിന്ത മാറിയെന്നും എലിസബത്ത് പറയുന്നു. അഞ്ച് വർഷങ്ങൾക്ക് മുമ്പുവരെ സിനിമകളിൽ അഭിനേതാക്കൾ കരയുന്നത് എനിക്ക് ഭയങ്കര അതിശയമായി തോന്നിയിരുന്നു.
അല്ലെങ്കിൽ ഇതൊക്കെ ഉള്ളതാണോ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയൊക്കെ ഉണ്ടോ ഒരിക്കലും അതൊന്നും ഉണ്ടാകില്ല എന്നാണ് തോന്നിയിരുന്നത്. ആരാണിങ്ങനെ കരയുന്നത്? എന്നായിരുന്നു അപ്പോഴൊക്കെ എന്റെ ചിന്ത. പക്ഷെ ഇന്ന് ഞാൻ മനസിലാക്കുന്നു... നമ്മുടെ ഏറ്റവും ഇരുണ്ട നിമിഷങ്ങളിൽ നമ്മൾ യഥാർത്ഥത്തിൽ അങ്ങനെ തന്നെ കരയാറുണ്ട്.
വിശ്വാസമില്ലാത്ത ആളുകളുടെ മുന്നിൽ നമ്മൾ സ്വയം പിടിച്ചുനിർത്തി നമ്മുടെ ദൗർബല്യം മറയ്ക്കുന്നു. എന്നാൽ സുരക്ഷിതമാണെന്ന് തോന്നുന്ന ഒരു സ്ഥലത്ത് അവരുടെ അടുത്തെത്തുമ്പോൾ ഉള്ളിൽ ഒളിപ്പിച്ചുവെച്ച എല്ലാം പുറത്തുവിട്ട് കൂടുതൽ ശക്തമായും അലമുറയിട്ടും നമ്മൾ കരയുന്നു. വികാരങ്ങളെ അടിച്ചമർത്തുന്നതിനേക്കാൾ കരയുന്നത് വളരെ നല്ലതാണെന്ന് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു.
നമ്മുടെ ഒക്കെ ഉള്ളിന്റെ ഉള്ളിൽ ഉറക്കെ കരഞ്ഞ് കരഞ്ഞ് എല്ലാം വിട്ടുകളയാൻ ആഗ്രഹിക്കുന്നവരാണ്. ഇതുപോലെ ആരെങ്കിലും അനുഭവിച്ചിട്ടുണ്ടോ? എന്നാണ് പോസ്റ്റിലൂടെ എലിസബത്ത് ചോദിച്ചത്. പിജിക്ക് ചേർന്നശേഷം അവധിക്കായി എലിസബത്ത് നാട്ടിലേക്ക് എത്തുന്നതും കുറഞ്ഞു. വന്നാലും അധിക ദിവസം ചിലവഴിക്കാതെ തിരികെ ഗുജറാത്തിലേക്ക് മടങ്ങും.

അടുത്തിടെ നടന്ന അഹമ്മദാബാദ് വിമാനദുരന്തത്തിന് എലിസബത്തും സാക്ഷിയായിരുന്നു. താരം പഠിക്കുന്നത് അഹമ്മദാബാദിലാണെന്ന് അറിയാവുന്നതുകൊണ്ട് തന്നെ വിമാന ദുരന്ത വാർത്ത അറിഞ്ഞപ്പോൾ എല്ലാവരും ഒന്ന് ഭയന്നിരുന്നു. അന്ന് വിവരങ്ങൾ ശേഖരിക്കാൻ എത്തിയ മാധ്യമങ്ങൾക്ക് സഹായിയായതും എലിസബത്തായിരുന്നു. പഠനം പൂർത്തിയാക്കി കേരളത്തിൽ തന്നെ ജോലി ചെയ്യുന്നതിന് ഇടയിലാണ് ബാലയെ എലിസബത്ത് വിവാഹം ചെയ്യുന്നത്.
ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. രണ്ടര വർഷത്തോളം ഒരുമിച്ച് ജീവിച്ചശേഷം പിരിഞ്ഞു. ബാലയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം ഗുരുതര ആരോപണങ്ങളായിരുന്നു എലിസബത്ത് നടത്തിയത്. തുറന്ന് പറച്ചിലുകൾക്കുശേഷം ബാല തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായും എലിസബത്ത് ആരോപിച്ചിരുന്നു. നടന് എതിരെ നടപടി ആവശ്യപ്പെട്ട് എലിസബത്ത് നിയപരമായും നീങ്ങിയിരുന്നു.
എന്നാൽ അനുകൂലമായ രീതിയിൽ ഒന്നും തന്നെ ഉണ്ടായില്ലെന്ന് മാത്രമല്ല എലിസബത്ത് ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. വിഷമം താങ്ങാൻ പറ്റാതെ വന്നതോടെ ചെയ്ത് പോയതാണെന്നാണ് എലിസബത്ത് പിന്നീട് പറഞ്ഞത്. ഒരു സമയത്ത് എനിക്ക് വിഷമം താങ്ങാൻ പറ്റിയിരുന്നില്ല. എന്നാൽ അത് ഒരു വിശദീകരണമല്ലെന്ന് എനിക്കറിയാം.
മാപ്പ് പറയുന്നതുകൊണ്ട് കാര്യമില്ല. എനിക്ക് വേണ്ടി പ്രാർഥിച്ചവരോട് ഒരുപാട് നന്ദി. എന്തൊക്കെ വിഷമങ്ങൾ വന്നാലും ഇനി പോരാടണം. അതുപോലെ ചെറിയ സന്തോഷങ്ങളെ ആഘോഷിക്കാൻ പഠിക്കണം എന്നായിരുന്നു ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി എലിസബത്ത് പറഞ്ഞത്.


Click it and Unblock the Notifications











