ഒരു തവണ ഗര്‍ഭിണിയായെങ്കിലും കുഞ്ഞിനെ നഷ്ടപ്പെട്ടു; രണ്ടാമതും അമ്മയായ സന്തോഷം പങ്കുവെച്ച് സീരിയല്‍ നടി ശ്രീകല
സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ശ്രീകല ഗര്‍ഭിണിയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. കഴിഞ്ഞ മാസം തന്നെ നടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും അക്കാര്യം പുറംലോകം അറിയുന്നത് വളരെ വൈകിയാണ്. ഡോക്ടറുടെ കൂടെ മകളെയും കൈയ്യിലെടുത്ത് നില്‍ക്കുന്ന വീഡിയോയും ഗര്‍ഭകാലത്ത് നിറവയറുമായി നില്‍ക്കുന്ന വീഡിയോസുമെല്ലാം ശ്രീകല പങ്കുവെച്ചിരുന്നു. ഇതോടെ ആശംസകള്‍ അറിയിച്ച് ആരാധകരുമെത്തി. ഇപ്പോഴിതാ തന്റെ പ്രസവകാലത്തെ അനുഭവങ്ങള്‍ നടി ആരാധകരുമായി പങ്കുവെക്കുകയാണ്.
2012 ല്‍ വിവാഹിതയായ ശ്രീകല 2013 ല്‍ ഒരു മകന് ജന്മം നല്‍കിയിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത് ഒരാള്‍ കൂടി ജനിക്കുന്നത്. എന്നാല്‍ അതിനിടയില്‍ താന്‍ ഒരു തവണ ഗര്‍ഭിണിയായെങ്കിലും ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോവുകയായിരുന്നു എന്നും വനിതയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ ശ്രീകല തുറന്ന് പറയുകയാണ്. ഇത് മാത്രമല്ല ഒന്‍പതാം മാസം കൊവിഡ് ബാധിച്ചതോടെ താന്‍ ടെന്‍ഷനില്‍ ആയെന്നും നടി സൂചിപ്പിക്കുന്നു...

''ഭര്‍ത്താവനും മകനുമൊപ്പം ശ്രീകലയും യുകെ യില്‍ സ്ഥിര താമസമാക്കിയിരുന്നു. എന്നാല്‍ ജോലി ആവശ്യത്തിന് വേണ്ടി ഭര്‍ത്താവ് നാട്ടിലേക്ക് വന്നതോടെയാണ് മാര്‍ച്ചില്‍ നാട്ടിലേക്ക് വീണ്ടും വന്നതെന്നാണ് ശ്രീകല പറയുന്നത്. ഇവിടെ എത്തിയതിന് ശേഷമാണ് ഗര്‍ഭിണിയാണെന്ന കാര്യം അറിയുന്നത്. അധികമാരോടും ഇതേ കുറിച്ച് പറഞ്ഞിരുന്നില്ല. മോള്‍ ജനിച്ചതിന് ശേഷമാണ് സന്തോഷ വാര്‍ത്ത പുറത്ത് പങ്കുവെച്ചത്. മൂത്തമകന് അനിയനോ അനിയത്തിയോ വേണമെന്ന് വലിയ ആഗ്രഹമായിരുന്നു. ലണ്ടനില്‍ വെച്ച് ഒരു തവണ ഗര്‍ഭിണി ആയെങ്കിലും അത് നഷ്ടപ്പെട്ട് പോയി. അതുകൊണ്ട് ഇത്തവണ വലിയ പ്രചരണം കൊടുക്കേണ്ടതില്ലെന്ന് വിചാരിച്ചു.

മൂത്തമത് മകന്‍ ആയത് കൊണ്ട് രണ്ടാമത്തേത് ഒരു മോള്‍ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. അത് സാധ്യമായത് കൊണ്ട് വലിയ സന്തോഷത്തിലാണെന്നും ശ്രീകല പറയുന്നു. മോളെ ഗര്‍ഭിണിയായി ഒന്‍പതാം മാസത്തില്‍ കൊവിഡ് പോസിറ്റീവ് ആയതോടെ പേടിച്ച് പോയിരുന്നു. പിന്നെ ടെന്‍ഷന്‍ ആയി. ഗര്‍ഭിണി ആയത് കൊണ്ട് വാക്‌സിന്‍ എടുത്തിരുന്നില്ല. കൊവിഡ് നെഗറ്റീവ് ആകാതെ ആശുപത്രിയില്‍ അഡ്മിറ്റ് ആകാനും സാധിക്കില്ലായിരന്നു. പക്ഷേ എന്നെ നോക്കിയ ഡോക്ടര്‍ അനിത പിള്ള എല്ലാ പിന്തുണയം നല്‍കി കൂടെ നിന്നിരുന്നു. ഡോക്ടറുമായി സംസാരിച്ചാല്‍ തന്നെ നമ്മുടെ എല്ലാ ടെന്‍ഷനും പോകും.

ഭാഗ്യത്തിന് ഒരാഴ്ച കഴിഞ്ഞപ്പോഴെക്കും കൊറോണയുടെ പ്രശ്‌നങ്ങള്‍ മാറി. കുഞ്ഞിനെ തീരെയും അത് ബാധിച്ചില്ല. പരീക്ഷണങ്ങള്‍ ഉണ്ടായെങ്കിലും ഒടുവില്‍ ദൈവം സന്തോഷങ്ങളാണ് നല്‍കിയത്. ഞാന്‍ നാട്ടില്‍ വന്നു എന്നറിഞ്ഞപ്പോള്‍ സീരിയലില്‍ നിന്നും ധാരാളം അവസരങ്ങള്‍ വന്നിരുന്നു. വിളിച്ച ആരോടും ഞാന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞില്ല. തല്‍കാലം ഒരു ട്രീറ്റ്‌മെന്റിലാണ്. പിന്നീടാകട്ടെ എന്നാണ് പറഞ്ഞത്. ഇനി മോള്‍ വളര്‍ന്ന ശേഷം സീരിയലുകള്‍ നോക്കാമെന്ന നിലപാടിലാണ് ശ്രീകലയിപ്പോള്‍''.
Recommended Video

എന്റെ മാനസപുത്രി എന്ന സീരിയലിലൂടെയാണ് ശ്രീകല മലയാളികള്‍ക്ക് പ്രിയങ്കരിയാവുന്നത്. സീരിയലിലെ സോഫിയ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച് നടി കൈയ്യടി വാങ്ങി. പിന്നീടിങ്ങോട്ട് വലുതും ചെറുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്നു. ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നതും.


Click it and Unblock the Notifications











