'ഇത്തരം ഇത്തിൾകണ്ണികൾക്ക് സ്വന്തമായി കണ്ടന്റുണ്ടാക്കാൻ കഴിവില്ല, ഞങ്ങളുടെ പ്രയത്നത്തെ അയാൾ നിസാരവത്കരിച്ചു'
മുൻ ബിഗ് ബോസ് താരം സിജോ ജോണിന് എതിരെ പരാതിയുമായി സംരംഭകൻ രാജേന്ദ്രപ്രസാദ്. സിജോ അടുത്തിടെ ചെയ്ത ഒരു വീഡിയോയ്ക്ക് എതിരെയാണ് രാജേന്ദ്രപ്രസാദ് രംഗത്ത് എത്തിയത്. തങ്ങളുടെ ഡിസൈൻ കോപ്പിയടിച്ച് റിക്രിയേറ്റ് ചെയ്ത് തങ്ങളുടെ വർക്കിനെ അബ്യൂസ് ചെയ്യുന്ന രീതിയിലുള്ള വീഡിയോ സിജോ ചെയ്തുവെന്നാണ് രാജേന്ദ്രപ്രസാദ് ആരോപിച്ചത്. രാജേന്ദ്രപ്രസാദിന്റെ ബൈ ഹാന്റ് എന്ന സ്ഥാപനം ഡിസൈൻ ചെയ്ത ഷർട്ട് അടുത്തിടെ സിജോയും കൂട്ടരും ചേർന്ന് റീ ക്രിയേറ്റ് ചെയ്തിരുന്നു.
താൻ ഒരു ഓൺലൈൻ സൈറ്റിൽ ഒരു ഷർട്ട് കണ്ടുവെന്നും അതിന് 2650 രൂപ വില കണ്ട് ഞെട്ടിയെന്നും അതിനാൽ നല്ലൊരു ഷർട്ട് വാങ്ങി അതുപോലൊന്ന് ചെറിയ വിലയ്ക്ക് ചെയ്ത് എടുത്തുവെന്നുമാണ് വിവാദമായ വീഡിയോയിൽ സിജോ പറഞ്ഞത്.

പ്ലെയിൻ ഓഫ് വൈറ്റ് ഷർട്ട് വാങ്ങി സുഹൃത്ത് പൈങ്കിളിയെ കൊണ്ട് ഷർട്ടിൽ സൈറ്റിലെ ഷർട്ടിൽ കണ്ട അതേ ഡിസൈൻ ചെയ്യിപ്പിച്ച് എടുക്കുകയാണ് ചെയ്തത്. ചെറിയൊരു തുക മാത്രമെ അതിന് വേണ്ടി ചിലവായുള്ളുവെന്നും സിജോ പറഞ്ഞിരുന്നു. ഇതോടെയാണ് ബൈ ഹാന്റ് സ്ഥാപന ഉടമ സിജോയ്ക്ക് എതിരെ രംഗത്ത് എത്തിയത്.
തങ്ങളുടെ കഷ്ടപ്പാടിനെ വില കുറച്ച് കാണുന്ന രീതിയിലുള്ളതാണ് സിജോയുടെ വീഡിയോയെന്ന് രാജേന്ദ്രപ്രസാദ് പറയുന്നു. നിസാരവത്കരിച്ച് കാണിക്കുക അല്ലെങ്കിൽ അതിശയോക്തിപരമായി പറയുക എന്നിങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ട് സൊസൈറ്റിയിൽ എന്ത് മാറ്റമാണ് സംഭവിക്കുക. ആ ആർട്ടിസ്റ്റിന്റെ കഴിവിനേയും അദ്ദേഹം താഴ്ത്തി കാണിക്കുകയാണ് ചെയ്തത്.
നമ്മുടെ പ്രോഡക്ടിനോട് നമ്മൾ കാണിക്കുന്ന കമ്മിറ്റ്മെന്റിനേയും താഴ്ത്തി കാണിക്കുകയാണ് ചെയ്തത്. ഞങ്ങൾ ഞങ്ങൾ തയ്യാറാക്കിയ വസ്ത്രത്തിൽ കൊടുത്ത ശംഖുപുഷ്പത്തിന്റെ മോട്ടിഫുകൾ ഹാന്റ് പെയിന്റഡാണ്. ഒരു ആർട്ടിസ്റ്റ് ഹാന്റ് പെയിന്റ് ചെയ്തതാണ്. നിങ്ങൾക്ക് അത് കാണുമ്പോൾ തന്നെ അറിയാൻ പറ്റും എന്ത് മാത്രം സൂക്ഷ്മമായും വൃത്തിയായും ചെയ്ത വർക്കാണെന്ന്.
എന്ത്മാത്രം സമയം ഇതിന് വേണ്ടി ആർട്ടിസ്റ്റ് ചിലവഴിച്ച് കാണുമെന്ന്. അതിനെയൊക്കെ അബ്യൂസ് ചെയ്യുന്ന രീതിയിലുള്ള ഒരു കണ്ടന്റാണത്. ഈ ഡിസൈൻ ഞങ്ങളിൽ നിന്നും വാങ്ങിയിട്ടുള്ള നൂറ് കണക്കിന് കസ്റ്റമേഴ്സുണ്ട്. അതിനെ നിസാരവത്കരിക്കുന്ന ഇതുപോലെയുള്ള ഇത്തകൾകണ്ണികൾ... അവർക്ക് സ്വന്തമായി ഒരു കണ്ടന്റ് ഉണ്ടാക്കാൻ കഴിവില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യും.

വർക്കിനെ ഡീഗ്രേഡ് ചെയ്യും. അപചയമാണത്. സൊസൈറ്റിയിൽ ഇങ്ങനെയുള്ളവരെ ഇൻഫ്ലൂവൻസേഴ്സ് എന്ന് പറയാൻ പറ്റില്ല. അവരെ വേറെ എന്തെങ്കിലും പേരിൽ വിശേഷിപ്പിക്കേണ്ടി വരും. അവർ അപചയമാണ് ഉണ്ടാക്കുന്നത്. ഇതൊരു ഡിസൈനാണ് ചുമ്മാതങ്ങ് വരച്ച് വെച്ചേക്കുവല്ല. ആദ്യം ആർട്ടിസ്റ്റ് ഈ ഡിസൈൻ എവിടെ പ്ലെയ്സ് ചെയ്യണം, എങ്ങനെയായിരിക്കണം വലിപ്പം, ഡിസൈന് എങ്ങനെയാണ്,
കളർ കോമ്പിനേഷൻ എങ്ങനെയാണ് എന്നെല്ലാം നോക്കി വളരെ അധികം ദിവസങ്ങൾ എടുത്താണ് ഇതിന്റെ ഡിസൈൻ ഡെവലപ്പ് ചെയ്യുന്നത്. അതിനെ എല്ലാമാണ് നിസാരവത്കരിച്ച് എന്തോ ഒരു കാര്യമായി കാണിച്ചത്. പൈങ്കിളി നന്നായി കഷ്ടപ്പെട്ടുവെന്ന് പറയുന്നുണ്ട് അദ്ദേഹം ആ വീഡിയോയിൽ എന്നാണ് രാജേന്ദ്രപ്രസാദ് പറഞ്ഞത്. ഹാന്റ്ലൂം ഉത്പന്നങ്ങളാണ് രാജേന്ദ്രപ്രസാദിന്റെ ബൈ ഹാന്റിൽ ഏറെയും.
വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും എല്ലാം കമന്റുകൾ വന്നിരുന്നു. അടുത്തിടെയായി ഡിസൈനിങ്ങിലേക്കും സിജോ തിരിഞ്ഞിട്ടുണ്ട്. സിജോയുടെ ഭാര്യയും അടുത്തിടെ ഓൺലൈൻ വസ്ത്ര വിൽപ്പന ആരംഭിച്ചിരുന്നു. റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധ നേടിയ സിജോയ്ക്ക് കൂടുതൽ ജനപ്രീതി ലഭിച്ചത് ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയശേഷമാണ്.


Click it and Unblock the Notifications











