രണ്ടാമത്തെ അറ്റാക്ക് എന്നെ തളര്‍ത്തി, മരിച്ചു പോവുമെന്നാണ് പറഞ്ഞത്, ഇനി ഒറ്റ ആഗ്രഹമേയുള്ളു; മോളി
സീരിയലുകളിലും സിനിമകളിലും ഒരുപോലെ തിളങ്ങിയ നടിയാണ് മോളി കണ്ണമാലി. സീരിയലിലെ ചാള മേരി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2009 ല്‍ കേരള കഫെയിലാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്.
തുടര്‍ന്ന് അന്‍വര്‍, ചാപ്പാ കുരിശ്, പുതിയ തീരങ്ങള്‍ അന്നയും റസൂലും വല്ലാത്ത പഹയന്‍, റിംഗ് മാസ്റ്റര്‍, ഹോംലി മീല്‍സ്, കൂതറ, യൂ ടൂ ബ്രൂട്ടസ് തുടങ്ങി അടുത്തിടെ മാഹി എന്ന ചിത്രത്തില്‍ വരെ അഭിനയിച്ചു. ചവിട്ട് നാടക കലാകാരി കൂടിയായ മോളി കണ്ണമാലിക്ക് ചവിട്ട് നാടകത്തിന് നല്‍കിയ സംഭവാനകള്‍ക്ക് 1999ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി അസുഖ ബാധിതയായി കഴിയുന്ന മോളി കണ്ണമാലി സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന അവസ്ഥയിലാണ്. ഇപ്പോള്‍ തന്റെ അസുഖ വിവരങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് നടി മോളി കണ്ണമാലി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മോളി കണ്ണമാലി അസുഖകാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
മമ്മൂട്ടി തനിക്ക് 50000 രൂപ തന്നെന്നും അതല്ലാതെ താന്‍ ആരുടെയും കൈയ്യില്‍ നിന്ന് പൈസ വാങ്ങിയിട്ടില്ലെന്നും ഇന്നും സര്‍ജറി ചെയ്യാന്‍ പോലും പറ്റാത്ത സാഹചര്യത്തിലാണ് താന്‍ ഉള്ളതെന്നും നടി പറഞ്ഞു.
മമ്മൂക്ക എനിക്ക് സുഖമില്ല എന്ന് മനസിലാക്കി സഹായിക്കാനായി ആന്റോ ജോസഫിനെ പറഞ്ഞയച്ചിരുന്നു. എന്നെ ഓപ്പറേഷന് കൊണ്ടുപോവാം എന്ന് പറഞ്ഞു. അവിടുന്ന് രണ്ട് ഡോകടര്‍മാരോട് സംസാരിച്ചപ്പോഴേക്കും എനിക്ക് ഓപ്പറേഷന്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. ചെയ്താല്‍ പിന്നെ ആള്‍ തിരിച്ച് ഉണ്ടാവില്ലെന്ന് പറഞ്ഞു.
അതുകൊണ്ട് അത് വേണ്ട, നമുക്ക് മരുന്ന് കൊണ്ട് തന്നെ നോക്കാം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. മാത്രമല്ല ഓപ്പറേഷന്‍ ചെയ്യാനാണെങ്കില്‍ അതിന് പറ്റിയ മുറിയും നമ്മുടെ കൂടെ അതിന് പറ്റിയ ആളും കൂടെ വേണം. നമ്മക്ക് അതിന് പറ്റിയ ആളില്ല കൂടെ എന്നും മോളി കണ്ണമാലി പറയുന്നു.
അല്ലാതെ തന്നെ നല്ലപ്പോള്‍ തന്നെ പ്രഷര്‍ കൂടി ഒരു വശം തളര്‍ന്ന് കിടന്നിരുന്നു. സംസാരിക്കാന്‍ ഒന്നും പറ്റിയിരുന്നില്ല. സിനിമാ ഫീല്‍ഡിലേക്ക് വന്നതിന് ശേഷമാണ് അറ്റാക്ക് വന്നത്. അപ്പോഴും ഞാന്‍ ഇങ്ങനെ ഒരുവിധം പൈസ ഒക്കെയുണ്ടാക്കി ഞാന്‍ വന്നതാണ് പക്ഷെ രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാന്‍ ആകെ തകര്‍ന്നു പോയി.
അന്ന് ഞാന്‍ കായംകുളത്ത് ഒരു സ്‌റ്റേജ് ഷോയ്ക്ക് പോയതായിരുന്നു. അവിടെ വെച്ചാണ് രണ്ടാമത്തെ അറ്റാക്ക് വരുന്നത്. സ്‌റ്റേജിലേക്ക് കയറുന്നതിന് മുമ്പാണ് എനിക്ക് വന്നത്. എല്ലാവരും പറഞ്ഞു ഞാന്‍ മരിച്ചു പോകും എന്ന്. മരിച്ചു പോയ്‌ക്കോട്ടെ, ഞാന്‍ പറയുന്ന ഒരു കാര്യമേയുള്ളു, മരിക്കുമെങ്കില്‍ മരിക്കട്ടെ, മക്കളുടെ മുഖം കണ്ട് മരിച്ചാല്‍ മാത്രം മതി എന്നേ പ്രാര്‍ത്ഥിക്കാറുള്ളു.
പക്ഷെ രണ്ടാമത്തെ അറ്റാക്ക് ആണെന്നെ തളര്‍ത്തിക്കളഞ്ഞത്. കടത്തില്‍ മുങ്ങിപ്പോയി. മരുമകളുടെ കൂട്ടുകാരിയുടെ മാല പണയം വെച്ചൊക്കെയാണ് ആശുപത്രിയില്‍ നിന്ന് പേര് വെട്ടി പോന്നത്. അങ്ങനെ വിളിച്ചു ചോദിച്ചാണ് ആന്റോ ജോസഫ് ഒരു 50,000 രൂപ എനിക്ക് കൊണ്ട് വന്ന് തന്നത്. അതല്ലാതെ അഞ്ചു പൈസ പോലും ഞാന്‍ മമ്മൂട്ടി സാറിനോട് ചോദിക്കുകയോ വാങ്ങിക്കുകയോ ചെയ്തിട്ടില്ല.

അവസാനം എനിക്ക് ഒരുപാട് കട ബാധ്യതകള്‍ എനിക്ക് വന്നു. കുറച്ച് കാശ് മനോരമയിലെ പടം തരും പണം എന്ന പരിപാടിയില്‍ പോയി കിട്ടി. ഒരു രണ്ട് ലക്ഷത്തോളം രൂപയാണ് അന്ന് എനിക്ക് കിട്ടയത്. എന്ത് പരിപാടി ആണെന്ന് പോലും അറിയാതെ പോയി പങ്കെടുത്താണ് അത് കിട്ടിയത്.
കഴിഞ്ഞ രണ്ട് മൂന്നാഴ്ചകള്‍ക്ക് മുമ്പ് നിങ്ങള്‍ എന്നെ കണ്ടിരുന്നെങ്കില്‍ ഇങ്ങനെയായിരുന്നില്ല. ഇവര്‍ അധിക നാള്‍ ജീവിച്ചിരിക്കുമോ എന്ന് ആശ്ചര്യപ്പെടും. അത്രയും അവശ നിലയിലായിരുന്നു ഞാന്‍ ഇവിടെ. ഇപ്പോള്‍ താന്‍ ഓക്കെയായി വരുന്നതേയുള്ളു എന്നും മോളി കണ്ണമാലി പറഞ്ഞു.


Click it and Unblock the Notifications