'എന്നെ വിളിച്ച് വരുത്തി അവർ എല്ലാം നശിപ്പിച്ചു, ഉമ്മ അന്ന് കരഞ്ഞു, പബ്ലിക്കിന് അവർ എന്നെ ഇട്ട് കൊടുത്തു'
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ഇതുവരെ സംഭവിച്ചിട്ടുള്ള എവിക്ഷനുകളിൽ കേരളമാകെ ചർച്ചയായതും വൈറലായതുമായ ഒരു എവിക്ഷൻ മസ്താനിയുടേതായിരുന്നു. ജിസേൽ-ആര്യ വിഷയത്തിൽ അനുവിനൊപ്പം നിന്നതും അപ്പാനി ശരത്ത് പുറത്തായപ്പോൾ ആഹ്ലാദപ്രകടനം നടത്തിയതുമെല്ലാം ബിബി പ്രേക്ഷകർക്കിടയിൽ മസ്താനിക്ക് നെഗറ്റീവ് ഇമേജാണ് സമ്മാനിച്ചത്. ബിഗ് ബോസ് ഷോയിൽ ഭാഗമായതിന്റെ പേരിൽ വിമർശനങ്ങളും പരിഹാസങ്ങളും ലഭിച്ചതുകൊണ്ട് തന്നെ മീഡിയയ്ക്ക് അഭിമുഖം ഒന്നും നൽയിരുന്നില്ല.
ഇപ്പോഴിതാ ആദ്യമായി സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലൂടെ ഷോയിലെ അനുഭവവും ട്രോളുകൾക്ക് മറുപടിയും നൽകിയിരിക്കുകയാണ് മസ്താനി. എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ് ബിഗ് ബോസ്. പൊതുവെ ബിഗ് ബോസിൽ പോകുന്നവർക്ക് കിട്ടുന്നത് ഫെയിമും കാശുമാണ്.

ഇതിന് രണ്ടിനും വേണ്ടിയാണ് മെജോറിറ്റി ആളുകളും ആ ഷോയിലേക്ക് പോകുന്നതും. ഇതൊന്നും മുന്നിൽ കണ്ടല്ല ഞാൻ പോയത്. പിന്നെ എന്തിന് പോയിയെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. നേരം കെട്ട നേരത്ത് ഓരോ ബുദ്ധിമോശം തോന്നുമല്ലോ. ബിഗ് ബോസിലേക്കുള്ള ഓഫറിനൊപ്പം ഒരു സിനിമയിലേക്കും അവസരം വന്നിരുന്നു. സിനിമ അവസരം വേണ്ടെന്ന് വെച്ചത് നന്നായിയെന്ന് തോന്നുന്നു. ബിഗ് ബോസിലേക്കും പോകരുതായിരുന്നു. ഇനി എന്നെ അവർ തിരിച്ച് ഹൗസിലേക്ക് വിളിച്ചാലും പോകില്ല.
അപ്പാനി ശരത്ത് എവിക്ടായപ്പോൾ അത്രയും ഓവറാകേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി. ഞാൻ അവിടെ നെഗറ്റീവ് ഗെയിമാണ് കളിച്ചത്. അതുകൊണ്ടാണ് എനിക്ക് നെഗറ്റീവ്സും ട്രോളും കിട്ടുന്നത്. എല്ലാം ഞാൻ സ്വീകരിക്കുന്നു. എനിക്ക് വേണ്ടപ്പെട്ടവർ എന്നെ പലതും പറഞ്ഞ് പഠിപ്പിച്ചിട്ടും അതിന്റെ എല്ലാം വിപരീതമായാണ് ഞാൻ അവിടെ പോയി കളിച്ചത്. എനിക്ക് അവിടെയുള്ള ഒരു മത്സരാർത്ഥിയോടും വ്യക്തി വിരോധം ഇല്ല.
ഹൗസിന്റെ വാതിൽ കടന്ന് പുറത്ത് വന്നപ്പോൾ അവിടെയുണ്ടായിരുന്ന ആളുകളോടുള്ള ദേഷ്യവും സങ്കടവും എല്ലാം ഞാൻ ഉപേക്ഷിച്ചു. ഹൗസിൽ നടന്നതിന്റെ പേരിൽ പുറത്ത് വന്ന് ഗെയിം കളിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. വെസൽ കഴുക്കാത്ത വിഷയത്തിൽ അക്ബറും ഞാനുമായി അടി നടന്നപ്പോൾ ചന്തപ്പുര മസ്താനി എന്നാണ് അക്ബർ എന്നെ വിളിച്ചത്. ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിലെ കക്കൂസുകളെന്നും അവിടെയുള്ളവർ എന്നേയും ലക്ഷ്മിയേയും വിളിച്ചു.
അപ്പാനി ശരത്ത് സ്ലട്ട് ഷെയ്മിങ്ങിന് സമാനമായ തെറിയാണ് എന്നെ വിളിച്ചത്. ഞാൻ കണ്ട അപ്പാനി അയാളുടെ ഭാഗത്ത് നിന്ന് തെറ്റ് വന്നാലോ ആരെയെങ്കിലും തെറി വിളിച്ചാലോ പുറകെ നടന്ന് ക്ഷമ ചോദിക്കും. പക്ഷെ തെറി വിളിച്ചിട്ടും ഒരു സോറി അപ്പാനി പറഞ്ഞില്ല. അതുകൊണ്ട് അപ്പാനി പുറത്താകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അപ്പാനി പുറത്തായ സന്തോഷത്തിൽ ഞാൻ ചെയ്ത കാര്യങ്ങളുടെ മീറ്റർ അൽപം കൂടിപ്പോയി. മലയാളികൾ ഇമോഷൻസ് വെച്ചിട്ടാണ് കൂടുതൽ കാര്യങ്ങൾ കണക്ട്ട് ചെയ്യുന്നത്.

അതുകൊണ്ട് അവർ എന്റെ സന്തോഷപ്രകടനം അക്സപ്റ്റ് ചെയ്യില്ല. എന്റെ നെഗറ്റീവ്സാണ് പതിനാല് ദിവസത്തെ എപ്പിസോഡിലും ലൈവിലും കൂടുതലും വന്നത്. അതുപോലെ എനിക്ക് വീക്കെന്റ് എപ്പിസോഡിൽ സംസാരിക്കാൻ അവസരം കിട്ടിയിട്ടില്ല. അതിന് ലാലേട്ടനെ കുറ്റം പറയാൻ പറ്റില്ല. ബിഗ് ബോസ് ടീമിന് അറിയാം ഏത് കണ്ടന്റ് പുറത്ത് പോകണം, എങ്ങനെ വരണമെന്നത്. പുറത്ത് വന്നശേഷം പലരും ഞാൻ ഫേക്കാണ് എന്റെ ഇന്റർവ്യൂസ് ഫേക്കാണ് എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നിയിരുന്നു.
എല്ലാവരും പറഞ്ഞു ഞാൻ അനുവുമായും ലക്ഷ്മിയുമായിട്ടായിരുന്നു ഹൗസിൽ കൂട്ടെന്ന്. സത്യത്തിൽ ഞാൻ നെവിനുമായിട്ടായിരുന്നു കൂട്ട്. എനിക്കും അവനെപ്പോലെ എപ്പോഴും വിശക്കും. ബിന്നി കറി കുറച്ചെ തരൂ. ഞാൻ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ആ ലൈവ് കണ്ട് എന്റെ ഉമ്മ കരഞ്ഞു. ഇതൊന്നും ആരും ഹൈലൈറ്റ് ചെയ്തില്ല. പലരും എന്നെയാണ് ഇപ്പോഴും ട്രോളുന്നത്. അതിന് മാത്രം ഞാൻ ഒന്നും ചെയ്തിട്ടില്ല.
എന്നെ ഇങ്ങനെ പോട്രേറ്റ് ചെയ്തത് ബിഗ് ബോസ് ടീമാണ്. ഏഷ്യാനെറ്റും ഹോട്ട്സ്റ്റാറും എന്നെപ്പോലെ വേറെ ആരെയും ട്രോൾ ചെയ്തിട്ടുണ്ടാവില്ല. ഞാൻ എവിക്ടായ എപ്പിസോഡിൽ ഒരുപാട് ടിആർപി കയറി. എന്നെ പബ്ലിക്ക് ട്രോളാൻ അവർ ഇട്ട് കൊടുത്തു. വിളിച്ച് വരുത്തി വേറൊരു ഇമേജ് തന്ന് പുറത്താക്കിയപോലെ തോന്നി. കരിയർ ഇല്ലാതാക്കാൻ ശ്രമിച്ചപോലെ തോന്നി.
മസ്താനി എന്തിനാണ് പേടിക്കുന്നത് നല്ല ഇമേജയല്ലേയെന്ന് പറഞ്ഞാണ് അവർ എന്നെ വിളിച്ചത്. ഇപ്പോൾ അവർ തന്നെ എല്ലാം നശിപ്പിച്ച് കയ്യിൽ തന്നു. ഇതെല്ലാം പറഞ്ഞതിന്റെ പേരിൽ ബിഗ് ബോസ് ടീം എന്നെ വിളിക്കുമായിരിക്കും. അല്ലെങ്കിൽ ആ ചാനലുമായി ചേർന്ന് ഭാവിയിൽ പ്രവർത്തിക്കാൻ കഴിയില്ലായിരിക്കാം. എന്നിരുന്നാലും എന്റെ സൈഡ് എനിക്ക് പറയണം എന്നും അതുകൊണ്ടാണ് എല്ലാം പറഞ്ഞതെന്നും മസ്താനി പറയുന്നു.


Click it and Unblock the Notifications