കെട്ടിയോന്റെ ജോലി ഇത്ര ബുദ്ധിമുട്ടുള്ളതാണെന്ന് അറിഞ്ഞില്ല; എല്ലാവരെയും ഞാനന്ന് ബുദ്ധിമുട്ടിച്ചു; ബിന്നി
കുടുംബ വിളക്ക് എന്ന സീരിയലിലൂടെയാണ് ബിന്നിയുടെ ഭർത്താവ് നൂബിൻ ജോണി ശ്രദ്ധ നേടുന്നത്. നൂബിനുമായുള്ള വിവാഹ ശേഷമാണ് ബിന്നി സീരിയൽ രംഗത്തേക്ക് വരുന്നത്.
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചതനാണ് നടൻ നൂബിൻ ജോണി. നടൻ സീരിയലുകളിലൂടെ ജനപ്രിയത നേടി വരികെയാണ് നടന്റെ ഭാര്യ ബിന്നി യും സീരിയൽ രംഗത്തേക്കെത്തുന്നത്. ഏഷ്യാനെറ്റിലെ ഗീതാ ഗോവിന്ദം എന്ന സീരിയലിലാണ് ബിന്നി തുടക്കം കുറിച്ചിരിക്കുന്നത്.
സാജൻ സൂര്യയാണ് സീരിയലിലെ നായകൻ. ഡൽഹിയിൽ ഗവൺമെന്റ് ഡോക്ടറായി ജോലി ചെയ്തിരുന്നയാളാണ് ബിന്നി. ജോലി ഉപേക്ഷിച്ചാണ് നടി അഭിനയ രംഗത്തേക്ക് കടക്കുന്നത്. കൗമുദി മൂവീസിന് സാജൻ സൂര്യയും ബിന്നിയും നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.
'കല്യാണത്തിന് ശേഷമാണ് സോഷ്യൽ മീഡിയയിൽ സജീവമായത്. അതിന് മുമ്പ് ഇൻസ്റ്റഗ്രാം പബ്ലിക് അക്കൗണ്ടാക്കിയിരുന്നില്ല. ഗവൺമെന്റ് ജോലി രാജി വെച്ച് നാട്ടിൽ വന്ന് കുറച്ച് നാൾ കഴിഞ്ഞപ്പോൾ കല്യാണമായി'
'കല്യാണം കഴിഞ്ഞ് ഇങ്ങനെ ഒരു അവസരം വന്നപ്പോൾ അത് സ്വീകരിക്കാമെന്ന് വെച്ചു. സീരിയലിൽ സഹോദരിയുടെ വേഷമാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് നായികയാണെന്ന് അറിയുന്നത്'

'ഡോക്ടർ ലൈഫ് മിസ് ചെയ്യുന്നുണ്ട്. അത് വേറൊരു ലൈഫാണ്. രോഗികളെ കാണുന്നു. ഡൽഹിയിലായിരിന്നപ്പോൾ വളരെ തിരക്കായിരുന്നു.ഇരിക്കാൻ പോലും സമയം കിട്ടിയില്ല. ഡെലിവറിയോടെ ഡെലിവറിയായിരുന്നു. ആ സമയത്ത് കുറച്ച് റെസ്റ്റെടുത്താൽ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ മിസ് ചെയ്യുന്നുണ്ട്'
'ഞാൻ സീരിയലിലേക്ക് വരാൻ കാരണം ജോസേട്ടനാണ്. ഫോട്ടോ അയച്ചോ ഒരു പ്രൊജക്ട് ഉണ്ടെന്ന് പറഞ്ഞു. എന്താ ഏതെയെന്നാെന്നും പറഞ്ഞില്ല. സീരിയൽ ആണെന്ന് മാത്രമേ അറിയൂ. ഞാൻ വന്നപ്പോൾ അമൃതയെ കണ്ടു. നൂബിന്റെ കൂടെ വർക്ക് ചെയ്തപ്പോൾ അവളോട് സംസാരിച്ചിട്ടുണ്ട്. ലുക്ക് ടെസ്റ്റ് കഴിഞ്ഞു'
'കഥാപാത്രത്തെ പറ്റി പറഞ്ഞ് തന്ന് താഴെ വന്നോ ഷോട്ടുണ്ടെന്ന് പറഞ്ഞു. താഴെ പോയി. ടഫായുള്ള സീനാണ് തന്നത്. കുറേ ഡയലോഗും. ഞാൻ കത്തിക്കയറുന്ന സീനാണ്. എല്ലാവരും ഉണ്ട്. പ്രോംപ്രിറ്റിംഗ് വെച്ചു. ദേഷ്യപ്പെടണം, ലെറ്റ് ക്യാച്ച് ചെയ്യണം, കുറേ ഡയലോഗും. എനിക്ക് മാത്രമെന്താ ഇത്രയും ഡയലോഗെന്ന് തോന്നി'

'ഞാനാണ് നായികയെന്ന് അറിയില്ലായിരുന്നു. കുറേ ഷോട്ട് പോയി. ഡയരക്ടർ സാറുടെ തൊണ്ടയൊക്കെ പൊട്ടി. അമ്മയായി അഭിനയിക്കുന്ന ശ്വേതയ്ക്ക് ചെന്നെെയിൽ പോണം. ഞാൻ റീ ടേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. കുറേ വെള്ളം കുടിച്ച് എങ്ങനെയോ ഒപ്പിച്ചു. അത് കഴിഞ്ഞാണ് മനസ്സിലാവുന്നത് ആ സീനെടുത്ത് അയച്ച് കൊടുത്താണ് അപ്രൂവ് ആവേണ്ടത്'
'ഞാൻ കാരണം ബാക്കിയുള്ളവർക്ക് കൂടി ബുദ്ധിമുട്ടായി. ഇത്രയും വലിയ ഡയലോഗൊന്നും ഞാനിതുവരെ പറഞ്ഞിട്ടില്ല. എന്റെ കെട്ടിയോനുൾപ്പെടെ ചെയ്യുന്നത് വലിയൊരു ടഫ് ജോബാണെന്ന് അന്നാണ് മനസ്സിലായത്. അതിന് മുമ്പ് ഞാൻ കുറ്റം പറയുമായിരുന്നു അത് ശരിയായില്ലെന്നാെക്കെ. അന്ന് മുതൽ ഒന്നും പറഞ്ഞിട്ടില്ല,' ബിന്നി പറഞ്ഞു.
46 കാരനായ നായകനും 23 കാരിയായ നായികയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി സീരിയലിനെതിരെ തുടക്കത്തിൽ വിമർശനം വന്നിരുന്നു. എന്നാൽ കഥ മുന്നോട്ട് പോവുമ്പോൾ ഇതിനുള്ള കാരണമെന്തെന്ന് മനസ്സിലാവുമെന്നാണ് സാജൻ സൂര്യ പറയുന്നത്.
ഫെബ്രുവരി 13 നാണ് സീരിയൽ സംപ്രേഷണം തുടങ്ങിയത്. ഏഷ്യാനെറ്റിലെ തന്നെ കുടുംബ വിളക്ക് എന്ന സീരിയലിലൂടെയാണ് ബിന്നിയുടെ ഭർത്താവ് നൂബിനും പ്രശസ്തി നേടുന്നത്. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.


Click it and Unblock the Notifications