സോൾവാക്കാൻ ശ്രമിക്കാതെ വേർപിരിയുമോ?, വീട്ടിലേക്ക് വരരുതെന്ന് മാതാപിതാക്കൾ പറഞ്ഞിട്ടില്ല; മനസ് തുറന്ന് ഗൗരി
ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്തതിനാൽ ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് സീരിയൽ നടി ഗൗരി കൃഷ്ണൻ അടുത്തിടെയാണ് വെളിപ്പെടുത്തിയത്. 2022ലാണ് ഗൗരി കൃഷ്ണനും സീരിയൽ സംവിധായകൻ മനോജ് പേയാടും വിവാഹിതരായത്. ഗൗരി നായികയായ പൗർണിത്തിങ്കൾ സീരിയലിന്റെ സംവിധായകനായിരുന്നു മനോജ് പേയാട്. അവിടെ വെച്ചുള്ള പരിചയം പ്രണയമായി മാറി. കുടുംബങ്ങളും സമ്മതം പറഞ്ഞതോടെ വിവാഹത്തിലേക്കും എത്തി.
യുട്യൂബ് ചാനലുമായും സജീവമായ താരം വേർപിരിയലുമായി ബന്ധപ്പെട്ടതും ഭാവി പരിപാടികളെ കുറിച്ചും അടക്കം പുതിയ വീഡിയോയിൽ സംസാരിച്ചിരിക്കുകയാണിപ്പോൾ. ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായിരുന്നു ഗൗരിയുടെ പുതിയ വീഡിയോ. ഏറെയും ചോദ്യങ്ങൾക്ക് ദാമ്പത്യ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ചായിരുന്നു.

ഇനി ഒരുമിക്കാൻ സാധ്യതയുണ്ടോയെന്നുള്ള ചോദ്യങ്ങളും അവയിൽ ഉൾപ്പെട്ടിരുന്നു. മനോജേട്ടനുമായി ഇനി ഒന്നിക്കുമോയെന്ന് ചോദിച്ചാൽ അത് നമ്മുടെ കയ്യിൽ അല്ലാത്ത കാര്യങ്ങളല്ലേ. അവയെ വിട്ട് ജീവിക്കുക. അതുകൊണ്ട് മറുപടി ഇല്ല. ദാമ്പത്യ ബന്ധത്തിന്റെ സമയത്തെ അദ്ദേഹം എന്നിൽ നിയന്ത്രണങ്ങൾ വെച്ചിരുന്നത് കൊണ്ടൊന്നുമല്ല ഞങ്ങൾ പിരിഞ്ഞത്. അതൊന്നുമല്ല കാരണം.
ഞാനിപ്പോൾ മോഡേണായി ഫോട്ടോഷൂട്ട് ചെയ്യുന്നതും വിവാഹമോചനവുമായി ഒരു ബന്ധവുമില്ല. ഇപ്പോഴാണ് ഫോട്ടോഷൂട്ട് ചെയ്യാൻ പറ്റുന്ന തരത്തിലേക്ക് എന്റെ ശരീരമെത്തിയത്. നേരത്തെ എന്റെ ശരീരം വെച്ച് ഫോട്ടോഷൂട്ട് ചെയ്തിരുന്നുവെങ്കിൽ അത് വൾഗറായി തീർന്നേനെ. ഇപ്പോൾ ബോഡി ഫിറ്റാണ്. അത്തരം ഡ്രസ് ധരിക്കുമ്പോൾ ഭംഗിയുണ്ടെന്ന് എനിക്ക് തോന്നിയതുകൊണ്ട് ചെയ്തു.
പിന്നെ ഞങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് ചോദിക്കുന്നവരോട് ഞങ്ങൾ തമ്മിലുള്ള പ്രശ്നം പറയാൻ താൽപര്യമില്ല. ഇപ്പോഴത്തെ സാഹചര്യം എങ്ങനെയാണ് കടന്ന് വന്നത് ആരായിരുന്നു എനിക്ക് പിന്തുണയെന്ന് ചോദിച്ചാൽ എനിക്ക് ഞാൻ തന്നെയായിരുന്നു പിന്തുണ. നമ്മുടെ ബാക്ക് ബോൺ എപ്പോഴും നമ്മൾ തന്നെയായിരിക്കണം. മറ്റൊരാളുടെ ബാക്ക് ബോണിൽ ജീവിക്കുന്നതിലും നല്ലത് ജീവിക്കാതിരിക്കുന്നതാണ്.
ജീവിതത്തിൽ ഇത്തരത്തിലുള്ള സാഹചര്യം വരുമ്പോൾ ചിലപ്പോൾ ഇരുന്ന് കരയും. ചിലപ്പോൾ നിശബ്ദയായി ഇറങ്ങിപ്പോരും. ചിലപ്പോൾ ഭയങ്കരായി പൊട്ടിത്തെറിക്കും. അതുകൊണ്ട് തന്നെ കൃത്യമായൊരു വഴി അതിന് എനിക്കില്ല. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാൻ പരമാവധി ശ്രമിക്കും. എനിക്ക് സമാധാനം കിട്ടാത്ത സാഹചര്യത്തിൽ നിന്നും മാറി നിൽക്കുന്ന ആൾ കൂടിയാണ് ഞാൻ.

വഴക്ക് പറഞ്ഞ് എന്നെ തോൽപ്പിക്കാനാവില്ല. സ്നേഹിച്ച് തോൽപ്പിക്കാൻ കഴിയും. വിഷമങ്ങളിൽ നിന്നും റിക്കവർ ചെയ്യാൻ വേണ്ടി കരയുകയാണ് ചെയ്യാറുള്ളത്. ഒന്നും മനസിൽ വെക്കുന്നയാളല്ല ഗൗരി പറഞ്ഞു. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ പറഞ്ഞ് സോൾവാക്കാൻ ശ്രമിച്ചില്ലേയെന്ന് ചോദിച്ചാൽ അങ്ങനെ സോൾവാക്കാനൊന്നും ശ്രമിക്കാതെ ആരെങ്കിലും വേർപിരിയാൻ ഒരുങ്ങുമോ?.
പക്ഷെ എന്തിന് വേർപിരിഞ്ഞുവെന്ന് പറയാൻ താൽപര്യമില്ല. ആ ചോദ്യം ചോദിക്കുന്നവർ ചോദിച്ചുകൊണ്ട് ഇരുന്നോട്ടെ. സൗന്ദര്യ പിണക്കമൊന്നുമല്ല. ഇത്തരം വിഷയങ്ങളിൽ ചെറിയ കാര്യങ്ങൾ വലുതാക്കിയും വലിയ കാര്യങ്ങൾ ചെറുതാക്കിയും നമുക്ക് കാണിക്കാൻ പറ്റും. അത് നമ്മുടെ കാഴ്ചപ്പാട് അനുസരിച്ച് ഇരിക്കും. എന്റെ വീഴ്ചകളിൽ എപ്പോഴും ഒപ്പം നിന്നിട്ടുള്ളത് മാതാപിതാക്കളാണ്.
എന്റെ തീരുമാനങ്ങളിൽ ചിലത് തെറ്റിയപ്പോൾ കുറ്റപെടുത്തകയോ വീട്ടിലേക്ക് വരരുതെന്ന് പറയുകയോ ചെയ്തിട്ടില്ലെന്നും മാതാപിതാക്കളുടെ പിന്തുണയെ കുറിച്ച് സംസാരിക്കവെ ഗൗരി പറഞ്ഞു. ഭാവി പരിപാടികളെ കുറിച്ചും പി എസ് സി പഠനത്തെ കുറിച്ചുമുള്ള ചോദ്യത്തിനും നടി ഉത്തരം നൽകി. പ്ലാൻ ചെയ്തത് പോലെ ഒന്നും എന്റെ ജീവിതത്തിൽ നടന്നിട്ടില്ല.
അതുകൊണ്ട് തന്നെ ഫ്യൂച്ചർ പ്ലാനിങ് എന്നത് നിർത്തി. പിന്നെ എനിക്ക് പഠിക്കാൻ മൂട് വരുമ്പോൾ മാത്രമാണ് ഞാൻ പി എസ് സിക്ക് പ്രിപ്പയർ ചെയ്യുന്നത്. രാവിലെ എഴുന്നേറ്റ് പഠിക്കുക എന്നത് എനിക്ക് സാധ്യമാകുന്ന കാര്യമല്ല. രാത്രി എത്ര വൈകിയും ഇരിക്കുമെന്നും ഗൗരി പറയുന്നു.


Click it and Unblock the Notifications

















