പത്തൊമ്പത് വയസിൽ ഗർഭിണി, കുഞ്ഞിന്റെ ഹൃദയത്തിന് പ്രശ്നം, മുപ്പത് വയസിനുള്ളിൽ പ്രസവിക്കുമ്പോൾ...; ഗായത്രി
നടൻ ഗിന്നസ് പക്രുവിന്റെ കുടുംബം മലയാളികൾക്ക് സുപരിചിതമാണ്. അദ്ദേഹത്തിന്റെ ഭാര്യ ഗായത്രി അജയിയെ മലയാളികൾ അടുത്ത് അറിഞ്ഞ് തുടങ്ങിയത് സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയതോടെയാണ്. എല്ലാവരേയും പോലെ ഒരു സാധാരണക്കാരന്റെ കുടുംബജീവിതം അതിയായി ആഗ്രഹിച്ചിരുന്നയാളാണ് ഗിന്നസ് പക്രു. ഗായത്രിയെ വിവാഹം ചെയ്തതോടെയാണ് ആ സ്വപ്നം സഫലമായത്. പലരും സ്വീകരിക്കാൻ മടിച്ച് നിന്നപ്പോൾ പതിനെട്ട് വയസിലാണ് ഗിന്നസ് പക്രുവിനെ വിവാഹം ചെയ്യാമെന്ന തീരുമാനം ഗായത്രി എടുക്കുന്നത്.
തന്റെ ആ തീരുമാനം ശരിയായിരുന്നുവെന്ന് ഭർത്താവിനും രണ്ട് പെൺമക്കൾക്കും ഒപ്പമുള്ള ജീവിതത്തിലൂടെ ഗായത്രി തെളിയിച്ചു. ആദ്യ പ്രസവത്തിൽ ലഭിച്ച കുഞ്ഞിന്റെ മരണം പതിനഞ്ച് വർഷങ്ങൾക്കിപ്പുറവും ഗായത്രിക്കും പക്രുവിനും നീറുന്ന ഓർമയാണ്. ഇപ്പോഴിതാ പുതിയ വീഡിയോയിലൂടെ ആദ്യത്തെ കുഞ്ഞിന്റെ വേർപാടിനെ കുറിച്ച് മനസ് തുറക്കുകയാണ് ഗായത്രി. മൂന്ന് ഗർഭകാലത്തും താൻ അനുഭവിച്ച വേദനകളും ബുദ്ധിമുട്ടുകളെ കുറിച്ചും ഗായത്രി സംസാരിച്ചു.

ആദ്യമായി അമ്മയാകുന്ന സ്ത്രീകൾക്ക് ഉപകാരപ്രദമാകട്ടേയെന്ന് കരുതിയാണ് ഡെലിവറി സ്റ്റോറി പറയുന്നതെന്ന് പറഞ്ഞാണ് ഗായത്രിയുടെ വീഡിയോ ആരംഭിച്ചത്. ഡെലിവിറി സ്റ്റോറി പറയാൻ വേണ്ടി ആലോചിക്കുമ്പോൾ തന്നെ ചെറിയൊരു പേടിയുണ്ട്. കാരണം ഇത് നല്ലൊരു കാര്യമാണെങ്കിലും പ്രസവ സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുള്ള ഒരാളാണ് ഞാൻ. ആ സമയമൊക്കെ എങ്ങനെ ഞങ്ങൾ തരണം ചെയ്തുവെന്ന് ഇപ്പോൾ ചിന്തിക്കുമ്പോൾ തോന്നാറുണ്ട്.
മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മൂന്നും സിസേറിയനായിരുന്നു. അതുകൊണ്ട് തന്നെ അതിന്റേതായ വേദനയും മറ്റും ഉണ്ടായിരുന്നു. ആദ്യത്തെ പ്രസവം ഇപ്പോഴും ഒരു പേടിയോടെ മാത്രമെ എനിക്ക് ഓർക്കാൻ പറ്റുന്നുള്ളു. അതിനെ കുറിച്ച് വിശദമായി പറയാൻ എനിക്ക് കഴിയില്ല. കാരണം ഞാൻ ചിലപ്പോൾ ഇമോഷണലായി പോകും. നമ്മുടെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ എപ്പോഴും നമ്മൾ ഓർക്കാൻ ഇഷ്ടപ്പെടാറില്ലെന്ന് പറയാറില്ലേ..? അതുപോലെയാണ് എന്റെ ജീവിതത്തിൽ സംഭവിച്ച ആദ്യത്തെ പ്രസവത്തിന്റെ അനുഭവം. 2006 മാർച്ചിലായിരുന്നു ഞങ്ങളുടെ വിവാഹം.
പിന്നീട് രണ്ടോ മൂന്നോ മാസം കഴിഞ്ഞാണ് ഞാൻ ഗർഭിണിയാകുന്നത്. ഗർഭിണിയാണെന്ന് മനസിലായപ്പോൾ അമ്മമാരെയും കൂട്ടി ആശുപത്രിയിൽ പോയി ചെക്ക് ചെയ്തു. പിന്നീടുള്ള ഗർഭ കാലത്തെല്ലാം കോട്ടയത്തുള്ള ആശുപത്രിയിൽ തന്നെയാണ് കാണിച്ചത്. എല്ലാവരും ചെയ്യുന്നതുപോലെ ചെക്കപ്പും കാര്യങ്ങളും സ്കാനിങ്ങുമെല്ലാം എല്ലാമായാണ് മുന്നോട്ട് പോയത്. പക്ഷെ ഛർദ്ദി തുടങ്ങി ഗർഭകാലത്തുണ്ടാകുന്ന അത്തരം ബുദ്ധിമുട്ടുകൾ എനിക്ക് ഉണ്ടായിരുന്നില്ല. നോർമലായി തന്നെയാണ് പോയത്. ജോലികൾ ചെയ്യുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
ഗർഭിണിയാകുമ്പോൾ പത്തൊമ്പത് വയസായിരുന്നു പ്രായം. ആ സമയത്ത് ഇന്നത്തെപ്പോലെ സോഷ്യൽമീഡിയയൊന്നും ഉണ്ടായിരുന്നില്ല. അന്നൊക്കെ പ്രഗ്നൻസിയുമായി ബന്ധപ്പെട്ട സംശയങ്ങളോ മറ്റോ ഉണ്ടായാൽ അതൊക്കെ ചോദിച്ച് മനസിലാക്കാനുള്ള മാർഗം ഒന്നുകിൽ ഡോക്ടർമാരോ അല്ലെങ്കിൽ അമ്മമാരോ ആയിരുന്നു. അമ്മയാകാനുള്ള തയ്യാറെടുപ്പുകൾ ഇല്ലാതെയാണ് ഞാൻ അമ്മയായതെന്ന് വേണമെങ്കിൽ പറയാം.
പ്രഗ്നൻസിയുടെ സമയത്തെ സന്തോഷമോ അതിന്റെ ഇമോഷൻസോ അറിയാൻ പറ്റുന്ന സാഹചര്യത്തിലും ആയിരുന്നില്ല ഞാൻ. അതിനെ കുറിച്ചൊന്നും ചിന്തിക്കാതിരുന്നത് കൊണ്ടാകും. വലിയ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ആ സമയത്ത് ഉണ്ടായിരുന്നില്ല. ഡെലിവറി ഡേറ്റിന് രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ പോയി അഡ്മിറ്റായി. ഞാൻ എന്റെ വീട്ടിലേക്ക് പോയി കഴിഞ്ഞാൽ ചേട്ടന് വരാനും പോകാനുമുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ച് എന്റെ അമ്മ ചേട്ടന്റെ വീട്ടിലേക്ക് വരികയാണ് ചെയ്തത്. ആശുപത്രിയിൽ അഡ്മിറ്റായിട്ടും ഡെലിവറി ഡേറ്റിന്റെ അന്നും പ്രസവ വേദന വന്നില്ല.
അതുകൊണ്ട് തന്നെ പെയിൻ വരാനുള്ള മെഡിസിൻ ഡോക്ടർ വെച്ചു. ആദ്യത്തെ തവണ മെഡിസിൻ വെച്ചപ്പോൾ പെയിൻ വന്നില്ല. പിന്നീട് അടുത്ത ദിവസം വീണ്ടും പെയിൻ വരാൻ വേണ്ടി മെഡിസിൻ വെച്ചു. അതോടെ പെയിൻ വന്നു. ഡെലിവറി പെയിനിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും എന്താണ് ആ വേദനയെന്ന് അറിയില്ലായിരുന്നു. പെയിൻ വന്നുവെങ്കിലും യൂട്രസ് വികസിക്കാത്തതുകൊണ്ട് ഡെലിവറി ഒരുപാട് വൈകി. പിന്നീട് അവർ ഫ്ലൂയിഡ് പൊട്ടിച്ച് വിട്ടു. അതിനുശേഷം സഹിക്കാൻ പറ്റാത്ത പെയിനായിരുന്നു.

അതൊക്കെ എങ്ങനെ സഹിച്ചുവെന്ന് എനിക്ക് ഇപ്പോഴും ആലോചിക്കാൻ പറ്റുന്നില്ല. ചുറ്റും എല്ലാവരും ഉണ്ടായിരുന്നുവെങ്കിലും അവരെ ഒന്ന് കണ്ണ് തുറന്ന് നോക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ. ഫ്ലൂയിഡ് പൊട്ടിച്ച് വിട്ടിട്ടും ഡെലിവറി സംഭവിക്കാതെ വന്നതോടെയാണ് സിസേറിയൻ ചെയ്യാമെന്ന് ഡോക്ടർ നിർദേശിച്ചത്. അന്നൊക്കെ ഫുൾ അനസ്തേഷ്യയാണ് സിസേറിയൻ ചെയ്യും മുമ്പ് തന്നിരുന്നത്. അതുകൊണ്ട് തന്നെ പിറ്റേദിവസമാണ് കുഞ്ഞിനെ ഞാൻ ആദ്യമായി കണ്ടത്. ഞാൻ കണ്ണ് തുറന്നപ്പോൾ തന്നെ കുഞ്ഞിനെ കൊണ്ട് വന്ന് കാണിച്ചു. മോളാണെന്ന് പറഞ്ഞു.
ശേഷം അവർ കുഞ്ഞിനെ കൊണ്ടുപോയി. അമ്മയാണ് പറഞ്ഞത് കുഞ്ഞിന്റെ ഹൃദയത്തിന് ചെറിയ പ്രശ്നമുണ്ട് ശ്വാസം ശരിക്ക് കിട്ടുന്നില്ലെന്ന് പറഞ്ഞത്. പിന്നീട് അവർ കുഞ്ഞിനെ വിദഗ്ദ ചികിത്സക്കായി അമൃത ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. സിസേറിയൻ കഴിഞ്ഞ് കിടക്കുകയായിരുന്നതുകൊണ്ട് എനിക്ക് അന്ന് അവർക്കൊപ്പം പോകാൻ പറ്റിയില്ല. യാത്ര ചെയ്യാൻ പാടില്ലാത്ത അവസ്ഥയിലായിരുന്നു. ചേട്ടന്റെ അമ്മയാണ് കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയത്. അന്ന് അമ്മ ഒരുപാട് ബുദ്ധിമുട്ടി. അമ്മയ്ക്ക് ഇത്തരം കാര്യങ്ങളിൽ അറിവുള്ളതുകൊണ്ട് അമ്മ ആ സാഹചര്യം കൈകാര്യം ചെയ്തു.
പിറ്റേദിവസം ഞാനും കുഞ്ഞിന് അടുത്തേക്ക് പോയി. പക്ഷെ കുഞ്ഞ് പത്ത് ദിവസം മാത്രമെ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ ആ സ്റ്റോറി വിശദമായി പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ആദ്യത്തെ പ്രസവം വേദന നിറഞ്ഞ അനുഭവവും ഓർമയുമാണ്. സിസേറിയനായിരുന്നതുകൊണ്ട് രണ്ട് വർഷം ഗ്യാപ് എടുത്തിട്ട് മാത്രം മറ്റൊരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചാൽ മതിയെന്ന് ഡോക്ടർ പറഞ്ഞിരുന്നു. അങ്ങനെ രണ്ട് വർഷം കഴിഞ്ഞപ്പോൾ വീണ്ടും ഒരു കുഞ്ഞ് പിറന്നു. അതാണ് ദീപ്ത കീർത്തി. അത് എനിക്ക് വളരെ ഹാപ്പിയായിട്ടുള്ള അനുഭവമായിരുന്നു.
ആദ്യത്തേത് പോലെ തന്നെ രണ്ടാമത്തെ ഗർഭ സമയത്തും ട്രീറ്റ്മെന്റ് കോട്ടയത്തായിരുന്നു. പക്ഷെ പ്രസവ സമയം അടുത്തപ്പോൾ അമൃത ആശുപത്രിയിലേക്ക് വന്നു. അതിനുള്ള കാരണം ആദ്യത്തെ അനുഭവമായിരുന്നു. ഹാഫ് അനസ്തേഷ്യയായിരുന്നു എനിക്ക് തന്നത്. പ്രസവിച്ച ഉടൻ കുഞ്ഞിനെ കാണാൻ വേണ്ടി ഞാൻ തന്നെയാണ് ഹാഫ് അനസ്തേഷ്യ മതിയെന്ന് പറഞ്ഞത്. ചെറിയ പെയിനൊക്കെ ഉണ്ടായിരുന്നു. കുഞ്ഞിന് വേറെ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് തന്നെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഡിസ്ചാർജ് കിട്ടി. ദീപ്ത കീർത്തി വന്നശേഷം അവളായിരുന്നു ഞങ്ങളുടെ ലോകം.
ദീപ്ത വന്നശേഷം ചേട്ടന് നല്ല തിരക്കായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ കുഞ്ഞ് പ്രായത്തിലെ ചിരിയും കളിയുമൊന്നും ചേട്ടന് അധികം കാണാൻ പറ്റിയിട്ടില്ല. ദീപ്തയും ഇപ്പോഴത്തെ കുഞ്ഞുമായി പതിനാല് വയസിന്റെ വ്യത്യാസമുണ്ട്. പ്രതീക്ഷിക്കാതെ കിട്ടിയ കുഞ്ഞായിരുന്നതുകൊണ്ട് ദീപ്തയ്ക്കും വലിയ സന്തോഷമാണ്. കുഞ്ഞിന്റെ ഇരുപത്തിയെട്ട് വിഷുവിന്റെ അന്നായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും ഉണ്ടായിരുന്നു.
മുപ്പത് വയസിനുള്ളിൽ ഗർഭകാലത്തിലൂടെ സഞ്ചരിക്കുന്നതും അതിനുശേഷം ഗർഭകാലത്തിലൂടെ സഞ്ചരിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് എനിക്ക് എന്റെ അനുഭവത്തിൽ നിന്നും മനസിലായത്. കാരണം ആദ്യത്തെ കുഞ്ഞും ദീപ്തയുമുണ്ടായപ്പോൾ ഹോർമോൺ ചെയ്ഞ്ചസ് കാരണമുള്ള വിഷമങ്ങളും ബുദ്ധിമുട്ടുകളും എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോഴത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്നപ്പോൾ ഹോർമോൺ ചെയ്ഞ്ചസ് നിരന്തരം ഉണ്ടാകുമായിരുന്നു. മുപ്പത് വയസിനുള്ളിൽ തന്നെ പ്രഗ്നൻസി സ്റ്റേജിലൂടെ കടന്നുപോകുന്നതാണ് നല്ലത് എന്നാണ് എന്റെ അനുഭവം എന്നും ഗായത്രി പറയുന്നു.


Click it and Unblock the Notifications











