അറിവില്ലായ്മ കൊണ്ട് സംഭവിച്ച് പോയ തെറ്റ്, എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു; മാപ്പ് പറഞ്ഞ് ജാസ്മിൻ
ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥിയും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ജാസ്മിൻ ജാഫറാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞ് നിൽക്കുന്നത്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച റീൽ വീഡിയോയാണ് ജാസ്മിൻ പെടുന്നനെ ചർച്ച വിഷയമാകാൻ കാരണം. ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കാൻ പോയപ്പോൾ പകർത്തിയ ഒരു റീൽ ജാസ്മിൻ പങ്കുവെച്ചിരുന്നു.
കേരള സാരിയിൽ അതീവ സുന്ദരിയായി മുല്ലപ്പൂവ് ചൂടി ക്ഷേത്ര പരിസരത്ത് നിൽക്കുന്ന ജാസ്മിനാണ് റീലിലുള്ളത്. വീഡിയോ ചിത്രീകരണത്തിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിട്ടുള്ള നടപ്പുരയിലും ശ്രീകൃഷ്ണ വിഗ്രഹം ആറാടിക്കുന്ന ക്ഷേത്രക്കുളത്തിൽ കാൽ കഴുകുന്ന തരത്തിലും ജാസ്മിനെ റീൽ വീഡിയോയിൽ കാണാം.

ക്ഷേത്രത്തിലെ നിയമം തെറ്റിച്ച് റീൽ പകർത്തി എന്നതാണ് ജാസ്മിൻ വെട്ടിലാകാൻ കാരണം. താരം റീൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതോടെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പോലീസിൽ പരാതി നൽകി. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഉണ്ടായതെന്നും ചൂണ്ടികാട്ടിയുള്ളതാണ് ജാസ്മിന് എതിരെയുള്ള പരാതിയെന്നാണ് റിപ്പോർട്ടുകൾ.
വിഷയം മാധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെ മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് ജാസ്മിൻ. അറിവില്ലായ്മ കൊണ്ട് സംഭവിച്ച് പോയ തെറ്റാണെന്നും എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു എന്നും ജാസ്മിൻ പറയുന്നു. എന്നെ സ്നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ല.
അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്ത് നിന്നും ഉണ്ടായ തെറ്റിന് ഞാൻ എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു എന്ന് ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സമാനമായ രീതിയിൽ മുമ്പ് മറ്റൊരാൾ ക്ഷേത്ര പരിസരത്ത് വെച്ച് വീഡിയോ ചിത്രീകരിച്ചപ്പോൾ പോലീസ് നടപടി സ്വീകരിച്ചിരുന്നു. വിവാദമായ റീൽ ജാസ്മിൻ തന്റെ എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കി.
സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് മാത്രമായിരുന്നു ജാസ്മിനെ നേരത്തെ പരിചയം. ബിഗ് ബോസിൽ വന്നശേഷമാണ് കുടുംബപ്രേക്ഷകർക്കും ജാസ്മിൻ സുപരിചിതയായി മാറിയത്. സീസൺ ആറിലെ പ്രധാന കണ്ടന്റ് മേക്കറും ഏറ്റവും സ്ട്രോങ്ങായ മത്സരാർത്ഥിയുമായിരുന്നു ജാസ്മിൻ. ആ സീസണിലെ സെക്കന്റ് റണ്ണറപ്പായിരുന്നു താരം. യുവനടൻ ഗബ്രി ജോസുമായുള്ള കോമ്പോയാണ് ജാസ്മിൻ വോട്ടിങിൽ പിന്തള്ളപ്പെടാൻ കാരണമായത്.

ലവ് കോമ്പോ കാണിച്ച് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു എന്നതായിരുന്നു പ്രധാന ആരോപണം. തുടക്കത്തിൽ ജാസ്മിനായിരുന്നു എല്ലാ പ്രേക്ഷകർക്കും പ്രിയപ്പെട്ട മത്സരാർത്ഥി പിന്നീടാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ഹൗസിലേക്ക് പ്രവേശിക്കുമ്പോൾ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന വ്യക്തിയായിരുന്നു ജാസ്മിൻ.
എന്നാൽ ഹൗസിൽ ചെന്നശേഷം ആരാധകരെകാൾ കൂടുതൽ ഹേറ്റേഴ്സിനെയാണ് ജാസ്മിന് ലഭിച്ചത്. മാത്രമല്ല കഴിഞ്ഞ സീസണിൽ ജാസ്മിനോളം സൈബർ ബുള്ളിയിങ് ഏറ്റുവാങ്ങിയിട്ടുള്ള മറ്റൊരു മത്സരാർത്ഥിയില്ല. ഗബ്രിയും അധിക ദിവസം ഷോയിൽ തുടരാതിരുന്നതിന് ഒരു കാരണം ജാസ്മിനുമായുള്ള കോമ്പോയായിരുന്നു. കോമ്പോയുടെ പേരിൽ നിരവധി നെഗറ്റീവ് ലഭിച്ചിട്ടുണ്ടെങ്കിലും ഷോ കഴിഞ്ഞിട്ട് ഒരു വർഷം പിന്നിട്ടിട്ടും അടുത്ത സുഹൃത്തുക്കളാണ് ജാസ്മിനും ഗബ്രിയും.
ഇരുവരും ഒരുമിച്ചാണ് പ്രമോഷനുകൾ ചെയ്യുന്നതും യാത്രകൾ പോകുന്നതും യുട്യൂബ് വീഡിയോകൾ ചെയ്യുന്നതും. കൊല്ലം സ്വദേശിനിയായ ജാസ്മിൻ ബിഗ് ബോസിനുശേഷം കൊച്ചിയിലേക്ക് താമസം മാറി. വർക്കുകൾ അധികം കൊച്ചിയിലാണെന്നതിനാലാണ് ഈ പറച്ചുനടലെന്ന് ജാസ്മിൻ പറഞ്ഞിരുന്നു. സീരിയലും ടിവിഷോകളുമായി ഗബ്രിയും സജീവമാണ്. എട്ട് ലക്ഷത്തിന് മുകളിലാണ് ജാസ്മിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ്. പ്രമോഷനുകളാണ് ജാസ്മിന്റെ പ്രധാന വരുമാന മാർഗം.


Click it and Unblock the Notifications











