മെയിൻ സ്പോൺസർ മരിച്ചു... ഇനി ബിഗ് ബോസ് മലയാളം ഉണ്ടാകുമോ?; ഏഴാം സീസണോടെ ഷോയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു!
മലയാളത്തിൽ നിരവധി റിയാലിറ്റി ഷോകൾ ഉണ്ടെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജനപ്രിയമായി നിലകൊള്ളുന്നത് ബിഗ് ബോസാണ്. 2018 ജൂണിലാണ് ആദ്യ സീസൺ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. അന്ന് എല്ലാ ദിവസവും ഏഷ്യാനെറ്റിൽ എപ്പിസോഡുകൾ ഒരു മണിക്കൂർ സംപ്രേഷണം ചെയ്യുന്ന രീതിയിലായിരുന്നു. നാലാം സീസണിലേക്ക് എത്തിയപ്പോൾ ഹോട്ട്സ്റ്റാറിൽ ലൈവ് സ്ട്രീമിങ്ങും തുടങ്ങി.
ലൈവ് സ്ട്രീമിങ് തുടങ്ങിയശേഷം ബിഗ് ബോസിന് കാഴ്ചക്കാർ വർധിച്ചു. ഇതുവരെ ബിഗ് ബോസ് മലയാളത്തിന്റെ ഏഴ് സീസണുകളാണ് സംപ്രേഷണം ചെയ്തത്. മോഹൻലാലാണ് അവതാരകൻ. ഏഴാം സീസൺ അവസാനിച്ചിട്ട് അധികനാൾ ആയിട്ടില്ല. എന്നാൽ അതിനുള്ളിൽ തന്നെ എട്ടാം സീസണിനെ കുറിച്ചുള്ള ചർച്ചകൾ ബിബി പ്രേക്ഷകർക്കിടയിൽ ആരംഭിച്ച് കഴിഞ്ഞു.

ഇപ്പോഴിതാ വരാനിരിക്കുന്ന ഏട്ടാം സീസണുമായി ബന്ധപ്പെട്ട് ബിഗ് ബോസ് മല്ലു ടോക്സ് രേവതി പങ്കിട്ട വിവരങ്ങളാണ് ശ്രദ്ധനേടുന്നത്. വരുന്ന ജൂണിലോ ജൂലൈയിലോ മാത്രമെ എട്ടാം സീസൺ ആരംഭിക്കാൻ സാധ്യതയുള്ളുവെന്ന് രേവതി പറയുന്നു. ബിഗ് ബോസിന്റെ ഏഴാം സീസൺ കഴിഞ്ഞിട്ട് മൂന്ന് മാസം ആകുന്നതേയുള്ളു. അതിനിടയിൽ തന്നെ എട്ടാം സീസണെ കുറിച്ചുള്ള ചോദ്യങ്ങൾ വന്ന് തുടങ്ങി.
പണ്ടൊക്കെ വിഷു, പെരുന്നാൾ സമയത്തായിരുന്നു ബിഗ് ബോസ് നടന്നിരുന്നത്. കഴിഞ്ഞ സീസണിൽ ഓണവും ദീപാവലിയുമൊക്കെ ഉണ്ടായിരുന്നു. പക്ഷെ എപ്പോഴാണ് നടന്നതെന്ന് പോലും ആരും ഓർക്കുന്നില്ല. പുലിക്കളി വൈറലായിരുന്നതുകൊണ്ട് അത് മാത്രം ഓർമയുണ്ട്. എട്ടാം സീസൺ ആരംഭിക്കാൻ ജൂൺ, ജൂലൈ, ആഗസ്റ്റ് ആകുമെന്നാണ് എനിക്ക് തോന്നുന്നത്.
പങ്കെടുക്കാനുള്ള സെലിബ്രിറ്റീസിനെയൊക്കെ ബിഗ് ബോസ് ടീം വിളിച്ച് തുടങ്ങിക്കാണും. കഴിഞ്ഞ സീസണിൽ വരാത്തവരേയും സീസൺ ഒന്ന് മുതൽ അവർ അപ്രോച്ച് ചെയ്യുന്ന സെലിബ്രിറ്റികളേയുമെല്ലാം വിളിച്ച് തുടങ്ങികാണും. പുതിയ ലിസ്റ്റുകൾ ബിഗ് ബോസ് ടീമിന്റെ കയ്യിലുണ്ടാകും. സമ്മർ വെക്കേഷനിൽ എട്ടാം സീസൺ ആരംഭിക്കുന്നതാകും കുറച്ച് കൂടി നല്ലത്.
വെക്കേഷൻ സമയമാണ്. ജൂൺ, ജൂലൈ മാസങ്ങളാണെങ്കിൽ സ്കൂൾ തുറക്കുന്നതിന്റെ തിരക്കാകും. ബിഗ് ബോസ് മലയാളത്തിന് സ്വന്തമായി സെറ്റുണ്ട്. പക്ഷെ അത് അപൂർണമാണ്. സ്വിമ്മിങ് പൂളില്ല, ജിമ്മില്ല, ലാലേട്ടന്റെ ഷൂട്ട് നടന്നത് തമിഴ് ബിഗ് ബോസിന്റെ സെറ്റിലാണ്. സ്വന്തമായി സ്റ്റേജില്ല. അതുകൊണ്ട് തന്നെ ഒരു ദിവസത്തെ ലൈവ് നമുക്ക് മിസ്സാകുന്നുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും ലൈവില്ല.

എല്ലാ സൗകര്യങ്ങളോടും കൂടിയ സെറ്റ് അടുത്ത സീസണിൽ വന്നാൽ നന്നാകുമെന്നും രേവതി പറയുന്നു. സീസൺ എട്ടുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ അടങ്ങിയ വീഡിയോയ്ക്ക് താഴെ വന്ന ഏറെയും കമന്റുകൾ സിജെ റോയിയുമായി ബന്ധപ്പെട്ടായിരുന്നു. കോടികൾ ആസ്തിയുള്ള കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയായിരുന്നു ബിഗ് ബോസ് ഷോയുടെ പ്രധാന സ്പോൺസർമാരിൽ ഒരാൾ.
പല സീസണുകളിലും വിജയിച്ച മത്സരാർത്ഥിക്ക് ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്തത് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ആയിരുന്നു. മെയിൻ സ്പോൺസർ മരിച്ചു. ഇനി ബിഗ് ബോസ് മലയാളം ഉണ്ടാകുമോ എന്നായിരുന്നു ഏറെയും ചോദ്യങ്ങൾ. ഏഴാം സീസണിലെ ഫൈനലിസ്റ്റുകളിൽ ഒരാളായ അനീഷിന് പത്ത് ലക്ഷം രൂപ റോയ് അടുത്തിടെയാണ് സമ്മാനിച്ചത്. അന്ന് അത് വലിയ വാർത്തയാവുകയും ചെയ്തിരുന്നു.
അതേസമയം പിആർ കളികൾ വിജയിയെ തീരുമാനിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതിനാൽ ഷോയിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും അതിനാൽ എട്ടാം സീസണിന് വേണ്ടി കാത്തിരിക്കാൻ തോന്നുന്നില്ലെന്നും കമന്റുകളുണ്ട്. ഏഴാം സീസണിൽ അനുവും ആറാം സീസണിൽ ജിന്റോയും വിജയിച്ചത് പിആർ മൂലമാണെന്നാണ് ഒരു വിഭാഗം ബിബി പ്രേക്ഷകർ വിശ്വസിക്കുന്നത്.


Click it and Unblock the Notifications











